വനിതാമതില്‍ ലോക റെക്കോര്‍ഡിലേക്ക്; പങ്കാളിത്തം 50 ലക്ഷത്തിലേറെ, മൂന്ന് റെക്കോര്‍ഡുകള്‍ കൂടി പരിഗണനയില്‍

തിരുവനന്തപുരം > വനിതാമതില്‍ ലോകറെക്കോഡിലേക്ക്. അമ്പതുലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തതായാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം അന്താരാഷ്ട്ര ജൂറി അംഗം സുനില്‍ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രേഖകളും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചശേഷം മാത്രമേ റെക്കോഡ് സംബന്ധിച്ച സര്‍ടിഫിക്കറ്റ് കൈമാറൂ. ഇതിന് 15 ദിവസത്തോളം എടുക്കും.
620 കിലോമീറ്റര്‍ ദൂരത്തില്‍ വനിതകള്‍ മാത്രം പങ്കെടുത്തുകൊണ്ടുള്ള മതിലോ ചങ്ങലയോ ഇതിനുമുമ്പ് ലോകത്തെവിടെയെങ്കിലും നടന്നതായി രേഖകളിലില്ല. മതിലിന്റെ ദൂരത്തിലും പങ്കാളികളുടെ എണ്ണത്തിലും ലോകറെക്കോഡാവും. അന്തിമ കണക്കുകള്‍ പുറത്തുവരാന്‍ ദിവസങ്ങളെടുക്കും. ഓരോ കിലോമീറ്ററിലും ഓരോ വളണ്ടിയര്‍ക്ക് ചുമതല നല്‍കി മതില്‍ രൂപീകരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ഇവ പൂര്‍ണമായും പരിശോധിച്ചശേഷമേ അന്തിമകണക്ക് പുറത്തുവിടൂ.
യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം, അമേരിക്ക ബ്യൂറോ ഓഫ് റെക്കോഡ്‌സ്, ഒഫീഷ്യല്‍ വേള്‍ഡ് റെക്കോഡ്‌സ് സ്‌പെയിന്‍ എന്നിവയുടെ റെക്കോഡ് പരിഗണനയില്‍ കേരളത്തിന്റെ വനിതാ മതില്‍ ഉണ്ട്. ചിലയിടങ്ങളില്‍ എട്ടുവരികള്‍വരെയുള്ള മതിലുകള്‍ രൂപപ്പെട്ടതായാണ് ജില്ലാ കോഡിനേറ്റര്‍മാരില്‍നിന്നുള്ള റിപ്പോര്‍ട്ട്. കാസര്‍കോഡ് ജില്ലയിലെ ചേറ്റുകുണ്ടില്‍ മതില്‍ രൂപം കൊണ്ടശേഷമാണ് ആക്രമണമുണ്ടായത്. എവിടെയും മതില്‍ മുറിഞ്ഞതായി റിപ്പോര്‍ട്ടില്ല- സുനില്‍ ജോസഫ് പറഞ്ഞു.
നവോത്ഥാന മൂല്യ സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍, ഡോ. ടി എന്‍ സീമ, ഡോ. പി എസ് ശ്രീകല, എസ് പുഷ്പലത എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.









0 comments