എതിര്‍ പ്രചാരകരേ നിങ്ങള്‍ക്കും നന്ദി, ഇത് പെണ്‍പ്രതിരോധത്തിന്റെ ലോക മാതൃക

തിരുവനന്തപുരം > എതിര്‍ പ്രചാരണങ്ങളിലൂടെ ലോകശ്രദ്ധയും അനിതര സാധാരണമായ ബഹുജന പിന്തുണയും നേടിയ മഹാസംഭവം. നുണപ്രചാരണങ്ങളും പൊടിപ്പും തൊങ്ങലും ചേര്‍ത്ത കള്ളക്കഥകളും അതേപടി വിഴുങ്ങുന്നവരല്ല മലയാളികള്‍ എന്ന് വിളിച്ചുപറഞ്ഞ പെണ്‍കരുത്തിന്റെ ലോകമാതൃക. നവോത്ഥാന വിരുദ്ധരും സ്ത്രീകളെ നൂറ്റാണ്ടുകള്‍ പിറകിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്ന പിന്തിരിപ്പന്‍ ശക്തികളും മതില്‍ പൊളിക്കുമെന്ന് വെല്ലുവിളിച്ചപ്പോള്‍ സ്ത്രീകള്‍ തിരിച്ചടിച്ചത് ഒരായിരം ഇരട്ടി കരുത്തുമായി-അതേ, വനിതാ മതിലിന്റെ അഭൂതപൂര്‍വമായ ഈ വന്‍ വിജയം യുഡിഎഫിനും ബിജെപിക്കും മാത്രമല്ല, വലതുപക്ഷ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സകലമാന നുണപ്രചാരകര്‍ക്കുമുള്ള കേരളീയ സ്ത്രീത്വത്തിന്റെ മറുപടിയാണ്.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവില്‍ സ്ത്രീ സമൂഹത്തെയാകെ അടിച്ചമര്‍ത്താന്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിത ശ്രമം തീവ്രമായി അരങ്ങേറിയപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചത്. ഹിന്ദുത്വ ധ്രുവീകരണത്തിലൂടെ ജനതയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ സ്വാഭാവികമായും യോഗത്തിലേക്ക് ക്ഷണിച്ചത് നവോത്ഥാന പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ഹൈന്ദവ സംഘടനകളെയായിരുന്നു. ഡിസംബര്‍ ഒന്നിന് ചേര്‍ന്ന ഈ സംഘടനകളുടെ യോഗത്തിലാണ് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കാനും സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ തടയാനും വനിതാ മതില്‍ എന്ന ആശയത്തിന് മൂര്‍ത്തരൂപം വന്നത്.
സംഘടനകളുടെ യോഗത്തില്‍ ഉയര്‍ന്ന ഈ നിര്‍ദേശം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഛിദ്രശക്തികള്‍ മലവെള്ളപ്പാച്ചില്‍ പോലെ അഴിച്ചുവിട്ട സംഘടിത നുണപ്രചാരണങ്ങളെയപ്പാടെ വലിച്ചെറിഞ്ഞാണ് അരക്കോടിയിലേറെ വരുന്ന സ്ത്രീകള്‍ പെണ്‍കോട്ടയായി മാറിയത്. ഹൈന്ദവ സംഘടനകളുടെ മാത്രം യോഗത്തിലെടുത്ത തീരുമാനമായതിനാല്‍ ഇത് വര്‍ഗീയ മതിലാണെന്ന് വരുത്താന്‍ ശ്രമിച്ചത് മുസ്ലീംലീഗ് ഉള്‍പ്പെടെയാണ്. എന്നാല്‍ സര്‍ക്കാര്‍ വിശദീകരണം സ്ത്രീകള്‍ നെഞ്ചേറ്റി സ്വീകരിച്ചു. ഏത് വിഭാഗത്തിലാണോ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത് ആ വിഭാഗത്തെ അണിനിരത്തിത്തന്നെയാണ് അതിനെ ചെറുത്ത് തോല്‍പിക്കേണ്ടത്. അതോടൊപ്പം ഇതര ജനവിഭാഗങ്ങളേയും ചേര്‍ത്ത് നിര്‍ത്തുക. സംസ്ഥാന സര്‍ക്കാറിന്റെ ഈ ആഹ്വാനം കൂടിയായതോടെ മതനിരപേക്ഷതയുടെയും ജനാധിപത്യ സംരക്ഷണത്തിന്റേയും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന്റേയും സന്ദേശവാഹകരായി കേരളീയ സ്ത്രീകള്‍. നാനാ ജാതി-മത വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളാകെ ഏകശിലയായി ഒട്ടി നിന്നപ്പോള്‍ പ്രളയകാലത്തെ മാനവികതയും സാഹോദര്യവുമാണ് കേരളം വീണ്ടും ഉയര്‍ത്തിപ്പിടിച്ചത്. ഇത് വര്‍ഗീയ മതിലല്ല, വര്‍ഗമതിലാണെന്ന് എല്ലാ പ്രതിലോമ ശക്തികള്‍ക്കും കേരളീയ സ്ത്രീ സമൂഹം കാട്ടിക്കൊടുത്തു.

വനിതാ മതിലിനായി സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു മറ്റൊരു നുണ. ഒരു രൂപ പോലും മതിലിന് വനിതകളെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും ഉപയോഗിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 50 കോടി രൂപ ചെലവഴിക്കുന്നുവെന്ന് വരെ പ്രചരിപ്പിച്ചു. പാവപ്പെട്ട ജനങ്ങളില്‍ നിന്നും നിര്‍ബന്ധിച്ച് പണംപിരിക്കുന്നുവെന്നായി അടുത്ത കഥ. ഇതിനായി പെന്‍ഷന്‍ ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ചാനലുകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. അതേ ഗുണഭോക്താക്കള്‍ തന്നെ യഥാര്‍ഥ വസ്തുത ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞതോടെ അതും തകര്‍ന്നു.
മതിലില്‍ പങ്കെടുത്താല്‍ തൊഴില്‍ ഉണ്ടാകില്ലെന്ന് തൊഴിലുറപ്പ് ജീവനക്കാരേയും കുടുംബശ്രീ പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തി. അവധിയെടുക്കാതെ മതിലില്‍ പങ്കെടുത്താല്‍ സര്‍ക്കാര്‍ ജീവനക്കാരെ തടയുമെന്നും അവര്‍ക്ക് തുടര്‍ന്ന് ജോലി ഉണ്ടാകില്ലെന്നും വെല്ലുവിളിച്ചു. ഈ വെല്ലുവിളികളെയാകെ പെണ്‍കരുത്തിലൂടെ കേരളം നേരിട്ടു. കുടുംബശ്രീ പ്രവര്‍ത്തകരേയും തൊഴിലുറപ്പ് തൊഴിലാളികളേയും സര്‍ക്കാര്‍ ജീവനക്കാരേയും ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലൂടെയും മതിലില്‍ അണിനിരത്താന്‍ ശ്രമിക്കുന്നുവെന്ന നുണയായി അടുത്തത്. എന്നാല്‍ കേരളത്തിലെ എല്ലാ വിഭാഗം സ്ത്രീകളും ഒഴുകിയെത്തി. സ്വമേധയാ, പൂര്‍ണ മനസോടെ. അവരുടെ അവകാശ സംരക്ഷണത്തിന്. അവര്‍ക്കെതിരായ അനീതികളെ ചെറുക്കുന്നതിന്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന്.

സവര്‍ണ ഫാസിസ്റ്റ് ആശയങ്ങള്‍ മുറുകെപ്പിടിക്കുന്ന സംഘപരിവാര്‍ ശക്തികളാണ് ഒരു വശത്ത് സ്ത്രീ ശക്തിയെ ചെറുക്കാന്‍ ശ്രമിച്ചതെങ്കില്‍ മറുവശത്ത് ഈ ശക്തികള്‍ക്ക് സര്‍വ പിന്തുണയുമായി നിന്നത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളാണ് എന്നത് നാടിന്റെ ദുര്യോഗമായി. ആര്‍എസ്എസിനേക്കാള്‍ വീറും വാശിയും കലര്‍ത്തിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ പ്രതികരിച്ചത്. മതില്‍ പൊളിക്കുമെന്ന് പറഞ്ഞത് ചെന്നിത്തലയാണ്. മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച ഡിസംബര്‍ 1 മുതല്‍ 31 വരെ എല്ലാ ദിവസവും വാര്‍ത്താസമ്മേളനം നടത്തിയോ വാര്‍ത്താ കുറിപ്പിറക്കിയോ മതിലിനെതിരെ ചെന്നിത്തല പ്രചാരണം നടത്തി. ബിജെപി നേതാക്കള്‍ പോലും നാണിക്കും വിധമായിരുന്നു ചെന്നിത്തലയുടെ പ്രതികരണങ്ങള്‍. സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന്റെ പേരില്‍ ബിജെപിയും നുണ്രപ്രവാഹകരായി. ഇതെല്ലമാണ് കേരളത്തിലെ സ്ത്രീസമൂഹമാകെ തള്ളിക്കളഞ്ഞത്.









0 comments