വനിതാ മതില്‍: കണ്ണൂരില്‍ അഞ്ച് ലക്ഷം; പാലക്കാടും വന്‍ പങ്കാളിത്തം

കണ്ണൂര്‍> കണ്ണൂര്‍ ജില്ലയില്‍ അഞ്ചുലക്ഷത്തോളം വനിതകള്‍ മതിലില്‍ അണിനിരന്നു. ജില്ലാ അതിര്‍ത്തിയായ കാലിക്കടവു മുതല്‍ മാഹി പൂഴിത്തല വരെയുള്ള 82 കിലോമിറ്ററില്‍ പലയിടത്തും മൂന്നും നാലും നിരയായാണ് വനിതകള്‍ അണിയായത്. മുസ്ലിം സ്ത്രീകളടക്കമുള്ളവരുടെ വര്‍ധിച്ച പങ്കാളിത്തം വനിതാ മതിലില്‍ എല്ലായിടത്തും ദൃശ്യമായി.
പി കെ ശ്രീമതി എംപി, നിലമ്പൂര്‍ ആയിഷ, ഗായിക സയനോര ഫിലിപ്പ്, കായിക താരങ്ങളായ റീഷ പുതുശേരി, സബിത പൂവട്ട, അലിഡ തുടങ്ങിയവര്‍ കണ്ണൂരില്‍ കണ്ണികളായി. കാലിക്കടവില്‍ വി വി സരോജിനിയും പൂഴിത്തലയില്‍ സിനിമാ താരം നിഹാരിക എസ് മോഹനും കണ്ണിയായി. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ ഇ പി ലത, കലക്ടര്‍ മിര്‍ മുഹമ്മദ് അലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് തുടങ്ങിയവര്‍ കണ്ണൂരില്‍ സംസാരിച്ചു.
വനിതാമതില്‍ പാലക്കാട് ജില്ലയില്‍ കോട്ടയായി ഉയര്‍ന്നു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മുതല്‍ തൃശൂര്‍ അതിര്‍ത്തിയായ ചെറുതുരുത്തിവരെ 38 കിലോമീറ്റര്‍ ദൂരത്തിലാണ് വനിതാമതില്‍ തീര്‍ത്തത്. പല സ്ഥലങ്ങളിലും നാലും അഞ്ചു വരിയായാണ് സ്ത്രീകള്‍ അണിനിരന്നത്. ആദിവാസി നേതാവ് സി കെ ജാനു കുളപ്പുള്ളിയില്‍ മതിലില്‍ പങ്കാളിയായി.
പെരിന്തല്‍മണ്ണയില്‍ ഗിരിജാ സുരേന്ദ്രന്‍ ആദ്യകണ്ണിയും ചെറുതുരുത്തിയില്‍ കെ എസ് സലീഖ അവസാന കണ്ണിയുമായി. പുലാമന്തോള്‍, കൊപ്പം, പട്ടാമ്പി, കുളപ്പുള്ളി എന്നിവിടങ്ങളില്‍ പൊതുയോഗം ചേര്‍ന്നു. മന്ത്രിമാരായ എ കെ ബാലന്‍ കുളപ്പുള്ളിയിലും കെ കൃഷ്ണന്‍കുട്ടി പട്ടാമ്പിയിലും ഉദ്ഘാടനം ചെയ്തു.









0 comments