ചരിത്ര മതിൽ ഇന്ന്‌; വൻമതിലാക്കി മാറ്റാൻ കേരളമൊരുങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 31, 2018, 10:29 PM | 0 min read

തിരുവനന്തപുരം > ലോകം ഉറ്റു നോക്കുന്ന വനിതാമതിൽ വൻമതിലാക്കി മാറ്റാൻ കേരളമൊരുങ്ങി. പുതുവർഷപ്പിറവി ദിനമായ ചൊവ്വാഴ‌്ച വൈകിട്ട‌് നാലിന‌് കാസർകോട‌് പുതിയ ബസ‌്സ‌്റ്റാൻഡ‌്മുതൽ തിരുവനന്തപുരം വെള്ളയമ്പലംവരെ ദേശീയപാതയിൽ നടക്കുന്ന വനിതാമതിലിൽ ലക്ഷങ്ങൾ അണിചേരും.  നവോത്ഥാന മൂല്യസംരക്ഷണത്തിനായുള്ള കേരളീയ സമൂഹത്തിന്റെ ഐക്യകാഹളമാകുന്ന വനിതാമതിലിൽ  50 ലക്ഷത്തിലേറെ വനിതകൾ പങ്കെടുക്കും.

കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽനിന്ന‌് തിരുവനന്തപുരംവരെ 620 കിലോമീറ്റർ ദൂരത്തിൽ ദേശീയപാതയുടെ ഇടതുവശം (തെക്കു നിന്ന‌് വടക്കോട്ട‌്) ചേർന്നാണ‌് മതിൽ തീർക്കുന്നത‌്.മതിലിൽ കാസർകോട്ട‌്  ആദ്യകണ്ണിയാവുന്നത് മന്ത്രി കെ കെ ശൈലജ. ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാവും. തിരുവനന്തപുരത്ത‌് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുയോഗത്തിൽ പങ്കെടുക്കും.

ചൊവ്വാഴ‌്ച പകൽ മൂന്നിന‌് മതിലിൽ പങ്കെടുക്കാനെത്തുന്നവർ ദേശീയപാതയിൽ അണിനിരക്കും. 3.45ന് ട്രയൽ. നാലിന‌്‌ വനിതാമതിൽ തീർക്കും. 4.15 വരെ തുടരും. നവോത്ഥാന സംരക്ഷണ പ്രതിജ്ഞ ലക്ഷങ്ങൾ ഏറ്റു ചൊല്ലും . തുടർന്ന് പ്രധാന കേന്ദ്രങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ മുഖ്യമന്ത്രി, മന്ത്രിമാർ, മഹിളാ നേതാക്കൾ, രാഷ്ട്രീയ നേതാക്കൾ, സാഹിത്യ സാംസ്കാരിക, സമുദായ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

നവോത്ഥാന സംരക്ഷണ സമിതിയിലെ 174 സംഘടനകൾക്ക് പുറമെ കേരളത്തിലെ ഭൂരിപക്ഷം വരുന്ന രാഷ്ട്രീയ, സാമൂഹ്യ, മത, സമുദായ, സന്നദ്ധ സാംസ്കാരിക, മഹിളാ സംഘടനകളെല്ലാം വനിതാമതിലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെയും എൽഡിഎഫിന്റെയും സമ്പൂർണ പിന്തുണ മതിലിനുണ്ട‌്.കാൽ ലക്ഷത്തോളം സ്ക്വാഡുകൾ  70 ലക്ഷത്തിലധികം വീടുകളിലായി സന്ദേശമെത്തിച്ചു. ഏഴായിരത്തിലധികം പ്രചാരണജാഥകൾ നടന്നു. സിനിമാതാരങ്ങളും ഗായകരും കായിക താരങ്ങളുമടക്കം നിരവധി പ്രമുഖർ പ്രചാരണരംഗത്തുണ്ടായിരുന്നു. ഇവരും മതിലിൽ അണിചേരും.

വലിയ സ‌്ത്രീ മുന്നേറ്റമായി മാറുന്ന വനിതാമതിൽ ലോക റെക്കോഡായി മാറും. ലോക മാധ്യമങ്ങളുടെ പ്രതിനിധികൾ കേരളത്തിലെത്തിയിട്ടുണ്ട‌്. വനിതാമതിലിന‌് പിന്തുണ പ്രഖ്യാപിച്ച‌് പ്രവാസി മലയാളികൾ ലണ്ടനടക്കമുള്ള രാജ്യങ്ങളിൽ അനുഭാവ മതിൽ സൃഷ്ടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home