സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

കൊച്ചി > തളര്‍ന്ന ശരീരത്തില്‍ തളരാത്ത പോരാട്ടവീര്യവും ഉണര്‍ന്ന പ്രതിഭയുമായി കേരള സമൂഹത്തെ വിസ്മയിപ്പിച്ച സൈമണ്‍ ബ്രിട്ടോ ഇനിയില്ല. മൂന്നരപ്പതിറ്റാണ്ട് വില്‍ചെയറില്‍ ഇരുന്ന് പോരാട്ടം നയിച്ച ബ്രിട്ടോ മരണത്തിന് കീഴടങ്ങി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം. 64 വയസായിരുന്നു. സംസ്‌കാരം ബുധനാഴ്ച കൊച്ചിയില്‍.
മഹാരാജാസില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകരെ കാണാന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയ സൈമണ്‍ ബ്രിട്ടോയെ 1983 ഒക്‌ടോബര്‍ 14ന് ആശുപത്രിയിലെ ഇടനാഴിയില്‍വച്ചാണ് കെഎസ്യു നേതാവായ ജിയോ മാത്യു കുത്തിവീഴ്ത്തിയത്. എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്ന സൈമണ്‍ ബ്രിട്ടോ അന്ന് എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. നട്ടെല്ലിനു മൂന്നു കുത്തേറ്റ ബ്രിട്ടോയുടെ അരയ്ക്ക് കീഴോട്ട് തളര്‍ന്നു. എന്നാല്‍ കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. അന്നുമുതല്‍ വീല്‍ചെയറിലായിരുന്നു ജീവിതം. സമരവേദികളിലും സാംസ്‌കാരിക വേദികളിലും ഒരുപോലെ സജീവമായി. അക്ഷരങ്ങളെ സ്‌നേഹിച്ചിരുന്ന ബ്രിട്ടോ താന്‍ എഴുതാന്‍പോകുന്ന നോവലിലെ കഥാപാത്രങ്ങളുടെ പശ്ചാത്തലം നേരിട്ടറിയാന്‍ തളര്‍ന്ന ശരീരവുമായി ഭാരതപര്യടനം തന്നെ നടത്തി.
എസ്എഫ്‌ഐ ക്യാമ്പസുകളില്‍ തേരോട്ടം തുടങ്ങിയ എഴുപതുകളില്‍ സംഘടനയുടെ നേതൃനിരയിലെത്തിയ സൈമണ്‍ ബ്രിട്ടോ എറണാകുളം വടുതലയില്‍ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഐറിന്‍ റോഡ്രിഗ്സിന്റെയും മകനായി ജനിച്ചു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജിലും ബിഹാറിലെ മിഥില സര്‍വകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം. എസ്എഫ്‌ഐ പ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായ സീനാ ഭാസ്‌കറാണ് ഭാര്യ. ഏക മകള്‍ കയീനില. സഹോദരങ്ങള്‍: മേഴ്‌സി, ജൂലി, റെക്‌സി, ക്രിസ്റ്റി, ഫ്രാന്‍സി. വടുതലയിലെ കയം എന്ന വീട്ടിലാണ് താമസം. 20062011 കാലത്ത് നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു.
പത്തുവയസുള്ളപ്പോള്‍ മുതല്‍ കഥകളെഴുതാന്‍ തുടങ്ങി. സത്യനാദം, അന്വേഷണം, മാതൃഭൂമി വാരികയിലെ ബാലപംക്തി തുടങ്ങി പലതിലും കഥകള്‍ അച്ചടിച്ചുവന്നു. ബാല്യകാലം ചെലവഴിച്ചത് പോഞ്ഞിക്കരയിലായിരുന്നു. അയല്‍ക്കാരനായിരുന്ന പ്രശസ്ത എഴുത്തുകാരന്‍ പോഞ്ഞിക്കര റാഫി എഴുത്തിലും വായനയിലും ഏറെ പ്രചോദനം നല്‍കി. ബിഹാര്‍ അനുഭവങ്ങളില്‍ നിന്നാണ് ആദ്യ നോവല്‍ പിറന്നത്. ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച നോവല്‍ ഏഴു വര്‍ഷത്തിനുശേഷം 'അഗ്രഗാമി' എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. മഹാരൗദ്രം, മഞ്ഞുപെയ്യുന്ന ചരിത്രാങ്കം, ചന്ദ്രന്റെ മാളിക എന്നീ നോവലുകളും രചിച്ചു. അഗ്രഗാമിക്ക് ശക്തി അവാര്‍ഡും പാട്യം ഗോപാലന്‍ അവാര്‍ഡും ലഭിച്ചു.









0 comments