സ്‌ത്രീ ശാക്‌തീകരണത്തിനായുള്ള വനിതാ മതിൽ നാളെ വൻമതിലായിതന്നെ ഉയരും; ഇത്‌ വർഗസമരത്തിന്റെ ഭാഗം: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 31, 2018, 06:09 AM | 0 min read

തിരുവനന്തപുരം>  സ്‌ത്രീ പ്രശ്‌നങ്ങൾ ഏറ്റെടുക്കുക എന്നത്‌ വർഗസമരത്തിന്റെ ഭാഗമാണെന്നും വനിതാ മതിൽ സ്‌ത്രീ ശാക്‌തീകരണത്തിന്‌ വേണ്ടിയാണെന്നും നാളെ അതൊരുവൻമതിലായിതന്നെ ഉയരുമെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ.  നമ്മുടെ നാടിന്റെ മതനിരപേക്ഷത തകർക്കാനുള്ള നീക്കത്തിനെതിരായ  പോരാട്ടത്തിൽ  സമദൂരമുണ്ടോയെന്ന്‌ ചിലർ പരിശോധിക്കുന്നത്‌ നന്നായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏതിൽ നിന്നെല്ലാമാണ്‌ സമദൂരമെന്നത്‌ സ്വയമേവ പരിശോധിക്കുന്നത്‌ നന്നായിരിക്കും . കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം സംരക്ഷിക്കാനാണ്‌ വനിതാ മതിൽ. 

ആചാരമാറ്റത്തിന്റെ പേരിലാണ്‌ ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്ന്‌ കരുതുന്നില്ല.   മുമ്പും നിരവധി ആചാരങ്ങൾ മാറ്റിയിട്ടുണ്ട്‌. വനിതാ മതിലിൽ പങ്കെടുത്താൽ എന്തോ നടപടി സ്വീകരിച്ചു കളയും എന്നെല്ലാം പറയുന്നവർ രാജ്യത്തിന്റെ  ഭരണഘടനയെയാണ്‌  തള്ളിപറയുന്നത്‌. മതനിരപേക്ഷത അടിസ്‌ഥാനമാക്കിയുള്ള ഭരണഘടനയുള്ള രാജ്യമാണ്‌ നമ്മുടേത്‌. അതിനെ അടിസ്‌ഥാനമാക്കിയുള്ള കോടതിവിധിയെ അംഗീകരിക്കില്ല എന്നാണ്‌ ചിലർ പറയുന്നത്‌. ഇവർ ആലോചിക്കേണ്ട ഒരു കാര്യമുണ്ട്‌.  ആചാരങ്ങൾ പലതും മാറ്റിതന്നെയാണ്‌ നവോത്ഥാന കേരളം മുന്നോട്ട്‌ പോന്നിട്ടുള്ളത്‌. ആര്‍എഎസുകാര്‍ സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ നമ്മുടെ നാടിന്‍റെ മത നിരപേക്ഷത തകര്‍ക്കാനുള്ള നീക്കത്തെയാണ് പിന്തുണച്ചത്.നവോത്ഥാന പാരമ്പര്യമുള്ള സംഘടനയാണ് ആര്‍എസ്എസിന്‍റെ അയ്യപ്പ ജ്യോതിയെ പിന്തുണച്ചത്. ഇത് ഇരട്ടത്താപ്പാണ്. സമദൂരം എന്ന് പറയുന്നവര്‍ എന്തില്‍ നിന്നൊക്കെയാണ് സമദൂരം പാലിക്കുന്നതെന്ന് വ്യക്തമാക്കണം

പണ്ട്‌ നായർ സമുദായത്തിൽ മരുമക്കത്തായമായിരുന്നില്ലെ . അത്‌ മാറിയില്ലെ. നമ്പൂതിരിമാർ നായർ സ്‌ത്രീകളെ സംബന്ധം ചെയ്‌താൽ അതിലുണ്ടാകുന്ന കുട്ടികൾക്ക്‌ സ്വത്തവകാശം ഇല്ലെന്ന്‌  മാത്രമല്ല അച്‌ഛനെ തൊടാൻ പോലുമുള്ള അവകാശം ഉണ്ടായിരുന്നില്ല. അതെല്ലാം മാറിയില്ലേ.

ശബരിമലയിൽതന്നെ ആചാരങ്ങൾ മാറ്റിയിട്ടില്ലേ. ആദ്യം മണ്ഡലമകരമാസകാലത്ത്‌ മാത്രമായിരുന്നു ദർശനം അത്‌ പിന്നീട്‌ മലയാളമാസം ഒന്ന്‌മുതൽ അഞ്ചുനാൾ കൂടി ആക്കിയില്ലെ. സന്നിധാനത്ത്‌ കൊടിമരം സ്‌ഥാപിച്ച്‌ സ്വർണം പൂശിയില്ലേ.  പതിനെട്ടാം പടിയിൽ തേങ്ങയുടക്കുന്നത്‌ മാറ്റിയില്ലേ.. ഭസ്‌മകുളത്തിലെ കുളി , 41 ദിവസത്തെ വ്രതാനുഷ്‌ഠാനം എന്നിവയെല്ലാം മാറിയില്ലേ.. കറുപ്പുനീലയും വസ്‌ത്രം ധരിച്ച്‌ വന്നിരുന്നത്‌ ഇപ്പോൾ ചിലർ കാവി ധരിച്ചു വരുന്നില്ലേ. അന്നൊന്നുമില്ലാത്ത ആചാരസംരക്ഷണം ഇന്നെന്തിനാണ്‌ ഉയർത്തുന്നത്‌.


ആരാധനയിൽ പുരുഷനൊപ്പം സ്‌ത്രീക്കും  തുല്യതനൽകുന്ന വിധിയാണ്‌ ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽനിന്ന്‌ ഉണ്ടായത്‌. . മഹാരാഷ്‌ട്രയിൽ ശനീശ്വരക്ഷേത്രത്തിൽ ഹൈക്കോടതി വിധിപാലിച്ച്‌ സ്‌ത്രീകളെ പ്രവേശിപ്പിച്ചു. പൊലീസ്‌ ബലം പ്രയോഗിച്ചാണ്‌ കോടതി വിധി സാധ്യമാക്കിയത്‌. പൂജാരിമാർക്കടക്കം പരിക്കേറ്റു. . ഹാജി അലി ദർഗയിലും ആചാരം മാറ്റി സ്‌ത്രീകളെ പ്രവേശിപ്പിച്ചു. അവിടെ  കോൺഗ്രസും ബിജെപിയുമാണ്‌ പ്രധാനകക്ഷികൾ . എന്നിട്ടും ആചാര സമരക്ഷണത്തിനായി വലിയ പ്രക്ഷോഭമൊന്നും നടത്തിയി്ല്ലല്ലോ.

അതുപോലെ  ഉഡുപ്പിയിലെ  മഡെസ്‌നാന എന്ന മോശം ആചാരം മാറ്റിയത്‌ ശബരിമല വിധി വന്നശേഷമല്ലേ. അവിടെയൊന്നുമില്ലാത്ത  പ്രതിഷേധമാണ്‌ ഇവിടെ. നാട്ടിൽ, രാജ്യത്ത്‌ എല്ലാം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്‌. മാറ്റങ്ങൾ അനിവാര്യമാണ്‌.  ഇവിടെ സ്‌ത്രീ ശാക്‌തീകരണം തന്നെയാണ്‌ വനിതാ മതിൽകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. മുഖ്യമന്ത്രി വ്യക്‌തമാക്കി.

സ്‌ത്രീകളെ നിർബന്ധിച്ച്‌ മല കയറ്റുക എന്നത്‌ സർക്കാറിന്റെ ലക്ഷ്യമല്ല. എന്നാൽ സുപ്രീംകോടതി വിധിനടപ്പാക്കാൻ സർക്കാർ ബാധ്യസ്‌ഥമാണ്‌. മുഖ്യമന്ത്രി  പറഞ്ഞു.ശബരിമലയില്‍ സ്ത്രീ പ്രവേശനം പൊീലസ് തന്നെ തടയുന്നു എന്ന ആരോപണത്തിനും മുഖ്യമന്ത്രി മറപുടി നല്‍കി. ആരാധന പരിസരത്ത് പൊലീസിന് ഇടപെടാൻ പരിമിതിയുണ്ട്. അവിടത്തെ പൊലീസ് ഇടപെടൽ വലിയ പ്രത്യാഘാതമുണ്ടാക്കും. സ്ത്രീകൾ സ്വയം തിരിച്ചുപോവുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home