ഫ്ളക്‌സും നോട്ടീസും അടിച്ചതിന്റെ കൂലി ചോദിച്ചതിന‌് കെപിസിസി ജനറൽ സെക്രട്ടറിയുടെ മർദനം..വീഡിയോ കാണാം

തിരുവനന്തപുരം > ഫ്ളക്‌സും നോട്ടീസും അടിച്ചതിന്റെ കൂലി ചോദിച്ചതിന‌് കെപിസിസി ജനറൽ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ് കടയിൽ കയറി കടയുടമയെ മർദ്ദിച്ചു. കടയിലെ ഫർണ്ണിച്ചറുകൾ വലിച്ചെറിഞ്ഞ‌് നശിപ്പിച്ചു. ശരത‌്ചന്ദ്രപ്രസാദിന്റെ അഴിഞ്ഞാട്ടത്തിന്റെ ദൃശ്യങ്ങൾ കടയുടമ തന്നെ വാട‌്സ‌് ആപ‌് ഗ്രൂപ്പുകളിലൂടെ പുറത്ത‌് വിട്ടു. കവടിയാറിലെ പ്രിന്റ‌് വേൾഡ‌് ഉടമയാണ‌് മർദ്ദനത്തിനിരയായത‌്.
ശരത്ചന്ദ്ര പ്രസാദ് കവടിയാറിലുള്ള കടയിലേക്കു വരുന്നതും സുരേഷിനെ മർദിച്ചശേഷം കസേരകൾ വലിച്ചെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. മർദനമേറ്റ സുരേഷ് കോൺഗ്രസ് അനുഭാവിയാണ്. ഇയാൾ കെപിസിസി നേതൃത്വത്തിനു പരാതി നൽകി. പൊലീസിൽ പരാതി നൽകിയിട്ടില്ല. സുരേഷ‌് വ്യാജ ആരോപണമുന്നയിക്കുകയാണെന്ന‌് ശരത‌്ചന്ദ്ര പ്രസാദ‌് പ്രതികരിച്ചു.
സുരേഷിന്റെ കടയിൽനിന്നാണു ശരത്ചന്ദ്രപ്രസാദ് പതിവായി ഫ്ളക്സും നോട്ടിസും അടിക്കാറുള്ളത്. ഒരു ലക്ഷം രൂപയിലേറെ ഈ ഇനത്തിൽ കുടിശ്ശികയുള്ളതായി സുരേഷ‌് പറഞ്ഞു. കൂടുതൽ ഫ്ളക്സ് അടിക്കണമെന്ന ആവശ്യവുമായി വ്യാഴാഴ‌്ച ശരത്ചന്ദ്ര പ്രസാദിന്റെ സഹായി കടയിൽ പോയി. തരാനുള്ള പണവും ഇപ്പോൾ അടിക്കുന്ന ഫ്ളക്സിന്റെ അഡ്വാൻസ് തുകയും തന്നാലേ ഫ്ളക്സ് അടിക്കൂ എന്ന് അറിയിച്ചു. തർക്കത്തിനൊടുവിൽ 5,000 രൂപ അഡ്വാൻസ് നൽകി. 10,000 രൂപ നൽകിയാലോ ഫ‌്ളക‌്സ‌് അടിക്കാനാകൂ എന്നറിയിച്ചു. തുടർന്ന‌് ശരത് ചന്ദ്രപ്രസാദ് കടയിലെത്തിയപ്പോഴും നിലപാട‌് ആവർത്തിച്ചു.തുടർന്നാണ‌് മർദ്ദിച്ച‌് സാധനങ്ങൾ വലിച്ചെറിഞ്ഞതെന്നും സുരേഷ‌് പറഞ്ഞു.









0 comments