ദേശീയപാത ആറുവരിയാക്കൽ: ഭൂമി ഏറ്റെടുക്കൽ ഫെബ്രുവരിയോടെ പൂർത്തിയാക്കും: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 28, 2018, 08:00 PM | 0 min read


ദേശീയപാത ആറുവരിയാക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ ഫെബ്രുവരിയോടെ പൂർത്തിയാക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദേശീയപാത ബൈപാസിൽ രാമനാട്ടുകര മേൽപ്പാലം ഉദ‌്ഘാടനം ചെയ‌്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

45 മീറ്ററിലാണ‌് കാസർകോട‌് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത. കാസർകോട‌് മുതൽ കൊച്ചി വരെ  80 ശതമാനം ഭൂമിയും കൊച്ചി മുതൽ തിരുവനന്തപുരം വരെ 70 ശതമാനം ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു. മുഴുവൻ ഭൂമിയും ഫെബ്രുവരിയോടെ ഏറ്റെടുക്കാനാകും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും.

കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ടതാണ‌് ആറുവരിപ്പാത. അതിനാൽ 45 മീറ്ററിൽ ഒരു സെന്റിമീറ്റർ പോലും കുറയ‌്ക്കുന്ന പ്രശ‌്നമില്ല.
ഇക്കാര്യം തന്നെ സന്ദർശിച്ച മേധാ പട‌്കറോടും വ്യക്തമാക്കിയതാണ‌്. ഭൂമി  ഒഴിഞ്ഞുകൊടുക്കേണ്ടിവരുന്നവർക്ക‌് നഷ്ടപരിഹാര പാക്കേജ‌് ഏർപ്പെടുത്തി. വിട്ടുകൊടുക്കുന്ന ഭൂമിയുടെ വിപണി വിലയോടൊപ്പം അത്രതന്നെ തുക എക‌്സ‌്ഗ്രേഷ്യയും നൽകും. കെട്ടിടങ്ങൾക്ക‌് 1000 ചതുരശ്രയടിക്ക‌് 40 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കാൾ വലിയ തുകയാണ‌് കേരളത്തിൽ നൽകുന്നത‌്.

സംസ്ഥാനത്തിന്റെ ഭാവിക്ക‌് ഒഴിച്ചുകൂടാനാവാത്തതാണ‌് ദേശീയ പാതയടക്കമുള്ള വികസന പദ്ധതികൾ. വിഷമം സഹിച്ചും ജനങ്ങൾ സഹകരിക്കണം. എൽഡിഎഫ‌് സർക്കാർ അധികാരത്തിലേറുമ്പോൾ ദേശീയ പാത വികസനം നടക്കില്ലെന്ന നിലയായിരുന്നു. എല്ലാവരും നിരാശയിലായിരുന്നു.
നടപ്പാവില്ല എന്നുകരുതിയ കാര്യമാണ‌് എൽഡിഎഫ‌് സർക്കാരിന്റെ മുൻകൈയിൽ  യാഥാർഥ്യമാകുന്നത‌്. ദേശീയപാതയുടെ ടെൻഡർ നടപടികളിൽ ഒരാഴ‌്ചക്കകം ഒപ്പുവയ‌്ക്കാമെന്ന‌് കേന്ദ്രമന്ത്രി നിതിൻ ഗഡ‌്കരി ഉറപ്പുനൽകിയിട്ടുണ്ട‌്. സംസ്ഥാന സർക്കാരിന്റെ ശക്തമായ സമ്മർദ ഫലമായാണിത‌്.
ദേശീയപാത വികസനത്തിനൊപ്പം തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയ ജലപാത എന്നിവയും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home