കറുപ്പഴകില്‍ അരി രാജാവ്; കിലോ 500 രൂപ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 28, 2018, 07:43 PM | 0 min read

തൃശൂർ
ഈ അരിയുടെ നിറം കറുകറുപ്പ്. എന്നാൽ വെളുപ്പിനേക്കാൾ പത്തിരട്ടിയാണ് വില. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലയുള്ള ഈ അരി രാജാവിന്റെ പേര് ബ്ലാക്ക് ജാസ്മിൻ. വയനാട്ടിൽനിന്നും എത്തിയ ഈ അരിക്കും നെൽച്ചെടിക്കും വൈഗ കൃഷി ഉന്നതിമേളയിലും രാജസ്ഥാനം. വയനാട് സുൽത്താൻ ബത്തേരി സ്വദേശി പ്രസീദ് കുമാർ തയ്യിലാണ് വൻ ഔഷധഗുണമുള്ള  ബ്ലാക്ക് ജാസ്മിൻ അരി കേരളത്തിന് പരിചയപ്പെടുത്തുന്നത്. അസമിൽനിന്നാണ് ഈ നെൽവിത്ത് വയനാട്ടിലേക്ക‌് കൊണ്ടുവന്ന് കൃഷിയിറക്കിയത്. ഈ നെല്ലിന്റെ ചോറിനൊപ്പം കഞ്ഞിവെള്ളവും രോഗപ്രതിരോധശേഷിയുള്ളതാണ്. രക്തസമ്മർദം, ഷുഗർ തുടങ്ങിയ രോഗങ്ങൾ തടയാൻ ഈ അരിക്ക‌് സാധിക്കും. ഇതിനാൽ കയറ്റുമതി മേഖലയിൽ വൻ ആവശ്യക്കാരുണ്ട്.

ഒരേക്കറിൽ പരമാവധി 800 കിലോ മുതൽ 1000 കിലോവരെ നെല്ലാണ് വിളവ്. ഏക്കറിൽ 500 കിലോ അരിയാണ് ലഭിക്കുക.  ജൈവവളങ്ങളാണ് ഉപയോഗിക്കുക. കീടനാശിനികൾ പൂർണമായും ഒഴിവാക്കും.  വളർച്ചക്കുറവുണ്ടെങ്കിൽമാത്രം അൽപ്പം രാസവളം ചേർക്കും. ഇത്തരം നെല്ലിന് കിലോ 400 രൂപയും അരിക്ക് കിലോ 500 രൂപ നിരക്കിലുമാണ് വിൽക്കുന്നത്. കേരള കാർഷിക സർവകലാശാലയുടെ ഭൗമശാസ്ത്ര സൂചികാ പദവി ഉൽപ്പന്നങ്ങളുടെ സ്റ്റാളിലാണ് പ്രസീദ് ഈ അരി പ്രദർശിപ്പിച്ചിട്ടുള്ളത്. വയനാടൻ കർഷകൻ സുനിൽകുമാറും ഒപ്പമുണ്ട്.   വയലറ്റുൾപ്പെടെ  വൈവിധ്യ നിറങ്ങളുള്ള 111 ഇനം നെല്ലും പ്രസീദ് കൃഷിയിറക്കുന്നുണ്ട്. ഈ വിത്തും അരിയുമെല്ലാം ഓൺലൈൻവഴി വിൽപ്പന നടത്തുന്നുണ്ടെന്ന‌് പ്രസീദ്കുമാർ പറഞ്ഞു. വയലറ്റ് നെൽ പൂന്തോട്ടങ്ങളിലും നട്ടുവളർത്തുന്നുണ്ട്. ഇത്തരം കൃഷിരീതി വഴി കർഷകന് കടക്കെണിയിൽനിന്ന് മോചനം നേടുകയാണ് ലക്ഷ്യം. കർഷകർ 50 ശതമാനം സ്ഥലത്ത‌് ഇത്തരം കൃഷികൾ പരീക്ഷിക്കണം.  സംസ്ഥാന സർക്കാരിന്റെയും  മന്ത്രി  വി എസ് സുനിൽകുമാർ, കാർഷിക സർവകലാശാലയുടെ ഐപിആർ  സെൽ മേധാവി ഡോ. സി ആർ എൽസി എന്നിവരുടെയും എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ട്. ഡൽഹി അന്താരാഷ്ട്രമേളയിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയത് ഭാഗ്യമായി. അതുവഴി തന്റെ ഉൽപ്പന്നങ്ങൾ ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക്  കയറ്റിയയക്കാൻ അവസരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

വയനാട് അമ്പലവയൽ സ്വദേശി അജി തോമസ് കുന്നേൽ വയനാടൻ  കെട്ടിനാട്ടി നെൽ കൃഷി രീതി വൈഗയിൽ പരിചയപ്പെടുത്തുന്നുണ്ട്.  നെല്ല് വിത്ത് സമ്പുഷ്ടീകരണ വളക്കൂട്ടിൽ  പച്ചിലകളുടെ അഴുകിച്ചെടുത്ത കളിക്കൂട്ടിൽ ചേർത്തുറപ്പിച്ച് പാടത്ത് നടുന്ന സമ്പ്രദായമാണ് കെട്ടിനാട്ടി. ഇതുവഴി എല്ലാ വിത്തിലും വളം ലഭിക്കും. ഒരേക്കറിന് 3.5 കിലോ വിത്ത് മതി. കൃഷി ചെലവ് കുറവാണ്. വീട്ടുമുറ്റത്ത് ഞാറ്റടി തയ്യാറാക്കാം. ഞാറ്റടി സംഘം ഏക്കറിന് 3000 രൂപ ഉൽപ്പാദനച്ചെലവിൽ ഇത്തരം പെല്ലറ്റ്സ് ചെയ്ത ഞാറ് കർഷകർക്കും പാടശേഖരസമിതികൾക്കും നൽകിവരുന്നതായി അജി തോമസ് പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home