സ‌്ത്രീശാക്തീകരണം പൊതിയാത്തേങ്ങയല്ല : വി ടി വാസുദേവൻ, മേഴത്തൂർ

(വി ടി ഭട്ടതിരിപ്പാടിന്റെ മകൻ)
പാലക്കാട‌്
സ‌്ത്രീകളുടെ പുരോഗതിയാണ‌് സമുദായത്തിന്റെയും രാജ്യത്തിന്റെയും അടിസ്ഥാനമെന്നു പറഞ്ഞ വാഗ‌്ഭടാനന്ദന്റെയും കല്ലുമാല വലിച്ചെറിഞ്ഞും മാറുമറച്ചും സ‌്ത്രീകളുടെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ അയ്യങ്കാളിയുടെയും മണ്ണാണിത‌്. നമ്പൂതിരി സമൂഹത്തിൽപ്പോലും ഇരുകാലി മൃഗങ്ങളെപ്പൊലെ ജീവിക്കേണ്ടിവന്ന അന്തർജനങ്ങളുടെ അടിമത്തം അവസാനിപ്പിച്ച‌് സ്വാതന്ത്ര്യവും സ്വാശ്രയശീലവും ഉണ്ടാക്കിക്കൊടുത്ത പ്രസ്ഥാനങ്ങളും പരിഷ‌്കർത്താക്കളും പിറന്ന നാടും. ആത്മാഭിമാനവും ആത്മവിശ്വാസവുമുള്ള സ്വതന്ത്രജനതയായി സ്വന്തം പരിശ്രമത്തിനനുസരിച്ച‌് വളരുകയും വിഘ‌്നങ്ങളോട‌് പോരാടുകയും ചെയ്യുന്ന നവകേരളമാണ‌് അവർ സ്വപ‌്നം കണ്ടത‌്.
പക്ഷേ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ സ‌്ത്രീശാക്തീകരണംപോലും പൊതിയാത്തേങ്ങയും വെറും പ്രസംഗവുമായി കലാശിക്കുകയാണ‌് ഇന്ന‌്. സമൂഹത്തിൽ വ്യക്തി, പ്രത്യേകിച്ച‌് സ‌്ത്രീ ഇപ്പോഴും അപ്രധാനമാണ‌്. വിവാഹംപോലും അവളോടു ചോദിച്ചല്ല തീരുമാനിക്കുന്നത‌്. ക്രിയാത്മക പരിവർത്തനത്തിനുള്ള ധാർമികധീരതയ‌്ക്ക‌് ആത്മബോധവും ആത്മവിശ്വാസവും പകരാൻ വനിതാമതിലുപോലുള്ള പ്രതീകാത്മക പ്രക്ഷേഭങ്ങൾക്കു സാധിക്കും.
കക്ഷിരാഷ‌്ട്രീയത്തിന്റെയും ജാതിമതസമുദായച്ചട്ടങ്ങളുടെയും പേരുപറഞ്ഞ‌് ചിലർ മുഖം തിരിച്ചാലും പഠിച്ചും പ്രവർത്തിച്ചും മുന്നേറുന്ന കേരളീയവനിതാലോകത്തിലെ പുതിയ തലമുറകൾ പിന്തുണയ‌്ക്കുമെന്നതിൽ സംശയമില്ല.









0 comments