'മാപ്പ് ചോദിച്ചുകൊണ്ട് ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങുന്നു'; കണ്‍കറന്റ് ലിസ്റ്റില്‍ പുലിവാല് പിടിച്ച് ശോഭാ സുരേന്ദ്രന്‍-Video

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2018, 06:52 AM | 0 min read

കൊച്ചി > ചാനല്‍ ചര്‍ച്ചയില്‍ മണ്ടന്‍ പ്ര‌‌സ്‌താവനയുമായി വീണ്ടും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. വനിതാ മതിലുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയിലെ ശോഭാ സുരേന്ദ്രന്റെ വാദങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചിരിപടര്‍ത്തുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ശബരിമല സ്‌‌‌ത്രീപ്രവേശനത്തില്‍ കേരള നിയമസഭ ഒരു പ്രമേയം പാസാക്കിയാല്‍ തങ്ങള്‍ നോക്കാമെന്നെങ്കിലും പ്രധാനമന്ത്രി പറയാത്തതെന്തുകൊണ്ടെന്നായിരുന്നു ശോഭാ സുരേന്ദ്രനോട് അവതാരകന്‍ ചോദിച്ചത്. പത്തനംതിട്ടയിലെ ബിജെപി പ്രവര്‍ത്തകര്‍ ഇക്കാര്യം പ്രധാനമന്ത്രിയോട് ചോദിക്കാത്തത് എന്തുകൊണ്ടാണെന്ന്‌ മനസിലാകുന്നില്ലെന്നും അവതാരകന്‍ ചോദിച്ചു. എന്നാല്‍ ചോദ്യത്തിനുത്തരം കൊടുക്കാതെ അവതാരകനായ അഭിലാഷ് മോഹനന് ബിജെപിയെ എങ്ങനെയെങ്കിലും താറടിച്ചു കാണിക്കാനാണ് താല്‍പര്യമെന്ന് പറഞ്ഞായിരുന്നു ശോഭ തുടങ്ങിയത്.

"ബിജെപിയുടെ പ്രവര്‍ത്തകര്‍ തലയ്‌‌‌ക്കകത്ത് അത്യാവശ്യം ആള്‍ത്താമസം ഉള്ളവരാണ്. അവര്‍ക്ക് കേരളത്തിന്റെ കണ്‍കറന്റ് ലിസ്റ്റില്‍ നിലനില്‍ക്കുന്ന ഒരു വിഷയത്തെക്കുറിച്ച് എങ്ങനെയാണ് ചോദ്യം ചോദിക്കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി ബോധ്യമുണ്ട്. അത് ഞങ്ങളുടെ പാര്‍ടി പ്രവര്‍ത്തകരെ പഠിപ്പിക്കണ്ട" -ഇതായിരുന്നു ശോഭയുടെ മറുപടി.

കേരളത്തിന് കണ്‍കറന്റ് ലിസ്റ്റ് എന്ന് പറയുന്ന ഒന്നില്ലെന്ന് അവതാരകന്‍ ഓര്‍മ്മിപ്പിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാറാകാതെ ശോഭ സംസാരിക്കുകയായിരുന്നു. ഇതിനുശേഷം എ എ റഹീമും ചര്‍ച്ചയില്‍ ഇടപെട്ടു. എന്താണ് കണ്‍കറന്റ് ലിസ്റ്റ് എന്നത് പറയാമോ എന്ന് റഹീം പലയാവര്‍ത്തി ചോദിച്ചതോടെ ഉത്തരമില്ലാതെ ശോഭ കുഴങ്ങി.

റഹീമിന് കണ്‍കറന്റ് ലിസ്റ്റിനെക്കുറിച്ച് അറിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കൂ എന്ന് പറഞ്ഞ് ഒഴിയാനായിരുന്നു ശോഭയുടെ ശ്രമം. എന്നാല്‍ റഹീം ചോദ്യത്തില്‍ ഉറച്ചുനിന്നതോടെ പ്രേക്ഷകരോട് മാപ്പ് ചോദിച്ചുകൊണ്ട് താന്‍ ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങുന്നു എന്ന് പറഞ്ഞ് ശോഭയ്‌‌‌ക്ക് തടിതപ്പേണ്ടി വന്നു.

കണ്‍കറന്റ് ലിസ്റ്റ്

പാര്‍ലമെന്റുകളും സംസ്ഥാന നിയമസഭകളും സമാന്തരമായി നിയമമാക്കുന്ന പട്ടികയാണ് യഥാര്‍ത്ഥത്തില്‍ കണ്‍കറന്റ് ലിസ്റ്റ്. ശബരിമല വിഷയം യഥാര്‍ത്ഥത്തില്‍ കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമല്ല. ഇനി കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമാണെങ്കില്‍ സംസ്ഥാനം ആവശ്യപ്പെടാതെതന്നെ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നിയമതടസ്സമില്ല.



deshabhimani section

Related News

0 comments
Sort by

Home