എം പാനൽ പുറത്ത്‌ ; ദിന്യക്ക്‌ പാതിവഴിയിൽ കണ്ണീർമടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2018, 08:09 PM | 0 min read

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നൂൽപ്പാലമായിരുന്നു കൈചൂണ്ടിമുക്ക‌് കാട്ടുങ്കൽ പുരയിടത്തിൽ വി ദിന്യക്ക‌്  കെഎസ‌്ആർടിസി കണ്ടക‌്ടർ ജോലി.

അഞ്ചുമാസം മുമ്പ‌് ഹ‌ൃദയാഘാതത്താൽ ഭർത്താവ‌് മദൻമോഹൻ മരിച്ചതോടെ ആഴക്കടലിൽ പതിച്ച അവസ്ഥയിലായിരുന്നു ദിന്യ. സ‌്കൂൾ വിദ്യാർഥികളായ രണ്ട‌് മക്കളുടെ വിദ്യാഭ്യാസവും വീട്ടുചെലവുമെല്ലാം ഒറ്റ ചുമലിലായി. ദിവസം 480 രൂപയാണ‌് കിട്ടുന്നതെങ്കിലും സ്ഥിരവരുമാനത്തിന്റെ ആശ്വാസത്തിലായിരുന്നു ഇവർ.

ഹൈക്കോടതിയുടെ ഉത്തരവോടെ എല്ലാം തകിടം മറിഞ്ഞു. സാധാരണ പോലെയായിരുന്നു  തിങ്കളാഴ‌്ച ജോലിക്ക‌് കയറിയത‌്. ആലപ്പുഴ–- അർത്തുങ്കൽ ബസിൽ. ഉച്ചക്ക‌് ആലപ്പുഴ ഡിപ്പോയിലെത്തിയപ്പോൾ ഇടിത്തീ പോലെ പിരിച്ചുവിടൽ നോട്ടീസ‌് കിട്ടി. ജീവിതം വഴിമുട്ടിയതറിഞ്ഞ‌് ദിന്യക്ക‌് കണ്ണീരടക്കാനായില്ല. എന്ത‌് പറഞ്ഞ‌് ആശ്വസിപ്പിക്കുമെന്നറിയാതെ സഹപ്രവർത്തകരും വീർപ്പുമുട്ടി. ‘എന്റെ രണ്ട‌് മക്കളെ ഞാനെങ്ങനെ പഠിപ്പിക്കും, വീട്ടുചെലവുകൾക്ക‌് ഞാനാരുടെ മുന്നിൽ കൈനീട്ടും’. ഇന്നാണെങ്കിൽ പതിവില്ലാത്ത കളക്ഷനുമുണ്ടായിരുന്നു. അവസാനദിനത്തിലെ കളക്ഷൻ 8,000 രൂപ  അടച്ചശേഷം ദിന്യ പറഞ്ഞു. 

ജോലിയിലെ കാര്യക്ഷമതക്ക‌് ദിന്യക്ക‌് ഒരു സംഘടന അവാർഡും നൽകിയിട്ടുണ്ട‌്.  ബിരുദധാരിയായ ദിന്യ 11 വർഷം മുമ്പാണ‌് എം പാനൽ ജോലിക്ക‌് കയറിയത‌്. മൂന്നാംക്ലാസ‌് വിദ്യാർഥി ദർശന, യുകെജി വിദ്യാർഥി ദീപക്ക‌് എന്നിവരാണ‌് മക്കൾ.



deshabhimani section

Related News

View More
0 comments
Sort by

Home