അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക്‌ ഇന്ന്‌ തന്നെ നിയമനം നൽകണം; എംപാനൽ ജീവനക്കാരെ പിരിച്ചുവിടണം: കെഎസ്‌ആർടിസിയോട്‌ ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2018, 08:11 AM | 0 min read

കൊച്ചി> കണ്ടക്‌ടർ തസ്‌തികയിൽ പിഎസ്‌സി നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക്‌ ഇന്ന്‌ തന്നെ നിയമനം നൽകണമെന്ന്‌ കെഎസ്‌ആർടിസിക്ക്‌ ഹൈക്കോടതിയുടെ നിർദേശം. പത്ത് വര്‍ഷത്തില്‍ താഴെ സേവന കാലാവധിയുള്ള മുഴുവന്‍ താല്‍ക്കാലിക (എം പാനല്‍) ജീവനക്കാരെയും പിരിച്ചുവിടാനും കോടതി നിര്‍ദേശിച്ചു.

അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക്‌ ഒരാഴ്‌ചയ്‌ക്കകം നിയമനം നൽകണമെന്ന കോടതി ഉത്തരവ്‌ നടപ്പാക്കാൻ വൈകിയതിനെ കോടതി വിമർശിച്ചു. ജസ്റ്റിസ് വി ചിദംബരേഷ്,ജസ്‌റ്റിസ്‌  ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്. അതേസമയം എം പാനൽ കണ്ടക്‌ടർമാരെ പിരിച്ചുവിടാനുള്ള നടപടി തുടങ്ങിയതായി കെഎസ്‌ആർടിസി കോടതിയെ അറിയിച്ചു. 3872 എം പാനൽ ജീവനക്കാരെയാണ്‌ പിരിച്ചുവിടേണ്ടത്‌. ഇത്‌ സംബന്ധിച്ച്‌ കെഎസ്‌ആർടിസി സത്യവാങ്‌മൂലം സമർപ്പിച്ചു .

എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട്‌  പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാനാണ്‌ ഹൈക്കോടതി നേരത്തെ  ഉത്തരവായിരുന്നത്‌. പിഎസ്‌സി നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ താല്‍ക്കാലികക്കാര്‍ തുടരുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവുണ്ടായിരുന്നത്‌.

അഡ്വൈസ് മെമ്മോയിലെ സീനിയോറിറ്റി അനുസരിച്ച് നിയമന ഉത്തരവ് നല്‍കി കോടതിയെ അറിയിക്കണം. 4051 പേര്‍ പിഎസ്‌സി ലിസ്റ്റില്‍ ഉണ്ടായിരിക്കെ അയ്യായിരം പേര്‍ താല്‍ക്കാലികക്കാരായി തുടരുന്നത്‌ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്‌തമാക്കി.

അതേസമയം താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിടുന്നത് കെഎസ്ആര്‍ടിസിയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വീഴ്ത്തുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഹൈക്കോടതി വിധിയെ ധിക്കരിക്കാനോ വിമര്‍ശിക്കാനോ ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. കെഎസ്ആര്‍ടിസിയിലെ 3872 എം പാനല്‍ കണ്ടക്ടമാര്‍രെ ഇന്ന് പിരിച്ചുവിടും. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി.

എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ രണ്ടു മാസം സമയം ചോദിച്ച്  കെഎസ്ആര്‍ടിസി ഫയല്‍ ചെയ്ത സാവകാശ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home