മികച്ച പ്രതികരണമെന്ന‌് നവോത്ഥാനമൂല്യ സംരക്ഷണ സമിതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2018, 06:44 PM | 0 min read

തിരുവനന്തപുരം
കേരളത്തെ ഭ്രാന്താലയമാക്കരുത്, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പുതുവർഷദിനത്തിൽ സംഘടിപ്പിക്കുന്ന  വനിതാമതിലിന് മികച്ച പ്രതികരണമെന്ന് നവോത്ഥാനമൂല്യ സംരക്ഷണ സമിതി.  പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനുവേണ്ടി തിരുവനന്തപുരം അയ്യൻകാളി ഭവനിലെ സംഘാടക സമിതി ഓഫീസിൽ വൈസ് ചെയർമാൻ ബി രാഘവന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗമാണ് വിലയിരുത്തൽ നടത്തിയത്.

ക്യാമ്പയിനുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് വന്നിട്ടുള്ള പുതിയ സംഘടനകളെ ഉൾപ്പെടുത്താനും പ്രചാരണപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സന്ദേശം ബഹുജനങ്ങളിൽ എത്തിക്കാനും വിളംബരജാഥ, ഭവനസന്ദർശനം തുടങ്ങിയ അടിത്തട്ടിലെ പ്രവർത്തനങ്ങളിൽ മതിലിൽ പങ്കാളികളാകുന്ന ഇതര സംഘടനകളുമായുള്ള സംയുക്ത പ്രവർത്തനത്തിനും സമിതി തീരുമാനിച്ചു. 

ജില്ലാതല സംഘാടകസമിതി രൂപീകരണ യോഗങ്ങളിൽ ഉയർന്നുവന്ന ആവേശം അടിത്തട്ടിലും നിലനിർത്താനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.  കൺവീനർ പുന്നല ശ്രീകുമാർ റിപ്പോർട്ടും അഡ്വ. കെ സോമപ്രസാദ് എംപി നന്ദിയും പറഞ്ഞു.

ചരിത്ര വിജയമാക്കാൻ നിർമാണ തൊഴിലാളികളും
തിരുവനന്തപുരം
നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒരുക്കുന്ന വനിതാ മതിലിൽ സംസ്ഥാനത്തെ നിർമാണ മേഖലയിലെ മുഴുവൻ സ്ത്രീ തൊഴിലാളികളും കുടുംബാംഗങ്ങളും അണിചേരും. തിരുവനന്തപുരത്ത‌് ഞായറാഴ്ച ചേർന്ന കേരള സ‌്റ്റേറ്റ‌് കൺസ‌്ട്രക്ഷൻ വർക്കേഴ‌്സ‌് ഫെഡറേഷൻ സംസ്ഥാന ശിൽപ്പശാലയിലാണ‌് തീരുമാനം. ജനുവരി എട്ടിനും ഒമ്പതിനും നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കാനും ശിൽപ്പശാലയിൽ തീരുമാനമായി.

കരിങ്കൽ, മണൽ ഖനന നിയന്ത്രണവും കേന്ദ്രസർക്കാരിന്റെ നോട്ട‌് നിരോധാനവും നിർമാണ മേഖലയെ തകർത്തു. ലക്ഷക്കണക്കിന‌് തൊഴിലാളികൾക്ക‌് തൊഴിൽ നഷ്ടപ്പെട്ടു. ഇതിന‌് പരിഹാരം ആവശ്യപ്പെട്ട‌് പ്രക്ഷോഭം നടത്താനും ശിൽപ്പശാല തീരുമാനിച്ചു.

സിഐടിയു സംസ്ഥാന പ്രസിഡന്റ‌് ആനത്തലവട്ടം ആനന്ദൻ ഉദ‌്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ‌് കെ പി സഹദേവൻ അധ്യക്ഷനായി. ജന. സെക്രട്ടറി കെ വി ജോസ‌് റിപ്പോർട്ട‌് അവതരിപ്പിച്ചു.

വിജയിപ്പിക്കും: റെയിൽവേ കൺസ്ട്രക്‌ഷൻ ലേബേഴ്സ്  യൂണിയൻ
പാലക്കാട‌്
കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാന്‍  ജനുവരി ഒന്നിന‌് സംഘടിപ്പിക്കുന്ന വനിതാ മതിലിൽ  അണിചേരാൻ റെയിൽവേ കൺസ്ട്രക‌്ഷൻ ലേബേർഴ്സ് യൂണിയൻ (സിഐടിയു)  സംസ്ഥാന ശിൽപ്പശാല തീരുമാനിച്ചു. മോഡി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനുവരി എട്ട‌്, ഒമ്പത‌് തീയതികളിൽ ദേശവ്യാപകമായി നടക്കുന്ന പണിമുടക്കില്‍ ജീവനക്കാര്‍ പങ്കെടുക്കും.  പാലക്കാട് ഇഎംഎസ് ഓഡിറ്റോറിയത്തിൽ (എൻജിഒ യൂണിയൻ ഹാൾ) നടന്ന  ശിൽപ്പശാല  സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ‌് ജോർജ്  കെ ആന്റണി  ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ‌് ടി കെ അച്യുതൻ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി  കെ ജെ ഐസക് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ ജി പിള്ള പ്രമേയം അവതരിപ്പിച്ചു.  യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി കെ മോഹനൻ സ്വാഗതവും  ഭാസ്കരൻ നന്ദിയും  പറഞ്ഞു.

- 5000 ഖാദി തൊഴിലാളികൾ അണിചേരും
പയ്യന്നൂർ
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, തുല്യനീതി ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ മുൻ നിർത്തി ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിൽ  5000 തൊഴിലാളികളെ പങ്കെടുപ്പിക്കാൻ കേരള ഖാദി വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി -

ജനവിരുദ്ധനയങ്ങൾക്കെതിരെ  ജനുവരി 8, 9 തിയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ മുഴുവൻ ഖാദി തൊഴിലാളികളെയും പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് സോണി കോമത്ത് അധ്യക്ഷയായി. ജനറൽ സെക്രട്ടറി സി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഖാദി മേഖലയിൽ പുതുക്കി നിശ്ചയിച്ച മിനിമം കൂലി ഉടൻ നടപ്പാക്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച‌് ജനുവരി 31ന് സംസ്ഥാന വ്യാപകമായി ഖാദി സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ  നടത്തും.  യോഗത്തിൽ പി കെ രാജൻ, കെ ധനഞ്ജയൻ,  കെ സത്യഭാമ, എസ് കൃഷ്ണകുമാരി, പി രാജേന്ദ്ര ദാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home