നവോത്ഥാന വനിതാ മതിലില്‍ ബാങ്ക് ജീവനക്കാര്‍ അണിചേരുക: കടകംപള്ളി

തിരുവനന്തപുരം > കനറ ബാങ്ക് സ്റ്റാഫ് യൂണിയന്റെ(ബെഫി) സുവര്‍ണ്ണ ജൂബിലി വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് വി.ജെ.ടി ഹാളില്‍ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് മേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങള്‍ ബാങ്കിംഗ് സേവനങ്ങള്‍ ജനങ്ങള്‍ക്ക് അപ്രാപ്യമാക്കിക്കൊണ്ടിരിക്കുകയാണെന്ന്
അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തില്‍ പങ്കാളികളായി മാതൃകാപരമായ പ്രവര്‍ത്തനമാണ് കനാറാ ബാങ്ക് സ്റ്റാഫ് യൂണിയന്‍ നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
നവോത്ഥാനമൂല്യങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീതുല്യതക്കും ലിംഗനീതിക്കും മൂല്യസംരക്ഷണത്തിനുമായി പുതുവത്സര ദിനത്തില്‍ ഒരുക്കുന്ന വനിതാ മതിലില്‍ ബാങ്കിംഗ് മേഖലയിലെ വനിതാ ജീവനക്കാര്‍ പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ അരീക്കുഴ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കായിക്കൊണ്ട് രണ്ട് ക്ലാസ് മുറികള്‍ നിര്‍മ്മിച്ച് നല്‍കി കേരള സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ പങ്കാളികളാകുന്നതിന്റെ സമ്മതപത്രം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്‍.അബ്ദുള്‍ മജീദ്, പി.ടി.എ പ്രസിഡന്റ് സി.കെ.ലതീഷ് എന്നിവര്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.
തുടര്‍ന്ന് ബെഫി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പ്രൊ.വി.കാര്‍ത്തികേയന്‍ നായര്‍ 'കേരള സമൂഹനിര്‍മ്മിതിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ പങ്ക്' എന്ന വിഷയത്തില്‍ പ്രഭാഷണം അവതരിപ്പിച്ചു. സി.ബി.എസ്.യു ജനറല്‍ സെക്രട്ടറി എന്‍.രാജഗോപാല്‍, ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. എസ്. അനില്‍, ബെഫി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.ജോര്‍ജ്ജ്, കനറാ ബാങ്ക് എ. ജി.എം മോഹന്‍ കോറോത്ത്, സി.ബി.ഒ.എ റീജിയണല്‍ സെക്രട്ടറി പി.എസ് ശ്രീകാന്ത് എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു.
സി.ബി.എസ്. യു പ്രസിഡന്റ് സി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സി.ബി.എസ്. യു ജനറല്‍ സെക്രട്ടറി എന്‍.സനില്‍ ബാബു സ്വാഗതവും സി.ബി.എസ്.യു കേന്ദ്രകമ്മിറ്റി അംഗം കെ.ഹരികുമാര്‍ നന്ദിയും പറഞ്ഞു.









0 comments