മാതൃകയായി മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം; 10105 ഓഫീസുകളും 2647 അക്ഷയ കേന്ദ്രങ്ങളും സംവിധാനത്തിന്റെ ഭാഗം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2018, 08:29 PM | 0 min read

തിരുവനന്തപുരം > പരാതികൾക്ക‌് അതിവേഗം പരിഹാരം കാണാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ആരംഭിച്ച ഓൺലൈൻ സംവിധാനം പുതിയ തലത്തിലേക്ക‌്. സർക്കാർ വകുപ്പുകൾക്ക‌ു പുറമെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും കമീഷനുകളും ബോർഡുകളും സർവകലാശാലകളും എയർപോർട്ടുകളും പരാതിപരിഹാര സംവിധാനമായ cmo.kerala.gov.inൽ ബന്ധിപ്പിച്ചു. എല്ലാ മന്ത്രിമാരുടെ ഓഫീസുകളെയും പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട‌്. നിലവിൽ 10,105 ഓഫീസുകളും 2647 അക്ഷയകേന്ദ്രങ്ങളും ഈ സംവിധാനത്തിന്റെ  ഭാഗമാണ‌്. നവംബർ 30ലെ കണക്ക‌ുപ്രകാരം 1,95,001 പരാതിയാണ‌് പോർട്ടൽ വഴി മുഖ്യമന്ത്രിക്ക‌് ലഭിച്ചത‌്.

ഇ–-ഓഫീസ‌് സംവിധാനമുള്ള മുഴുവൻ ഓഫീസുകളെയും മുഖ്യമന്ത്രിയുടെ പരാതിപരിഹാര പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട‌്.
പൊലീസിന്റേത‌് ഉൾപ്പെടെ അയാപ‌്സ‌് (ഇന്റേണൽ അഡ‌്മിനിസ‌്ട്രേറ്റീവ‌് പ്രോസസിങ‌് സിസ‌്റ്റം)സംവിധാനവുമായും പോർട്ടലിനെ  ബന്ധിപ്പിച്ചു.

ജനുവരി ഒന്നുമുതൽ സെക്രട്ടറിയറ്റിലെ മുഴുവൻ സെക‌്ഷനുകളെയും ബന്ധിപ്പിക്കും. തുടക്കത്തിൽ സർക്കാർ വകുപ്പുകൾ മാത്രമേ പോർട്ടലിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീട‌് പൊതുമേഖലാ സ്ഥാപനങ്ങൾ, വനിതാ കമീഷൻ ഉൾപ്പെടെ വിവിധ കമീഷനുകൾ, ക്ഷേമ ബോർഡുകൾ, സർവകലാശാലകൾ, അർധ സർക്കാർ സ്ഥാപനങ്ങൾ  സിയാൽ, കിയാൽ, വിഴിഞ്ഞം പോർട്ട‌് തുടങ്ങിയവയെയും ഉൾപ്പെടുത്തി.

എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നശേഷമാണ‌് മുഖ്യമന്ത്രിയുടെ ഓഫീസ‌് പരാതി പരിഹാരത്തിന‌് ഓൺലൈൻ പോർട്ടൽ തുടങ്ങിയത‌്. ലോകത്തിന്റെ  ഏത‌് ഭാഗത്തുനിന്നും പരാതി അയക്കാം.

അക്ഷയകേന്ദ്രങ്ങൾ വഴിയും അയക്കാം. ഇവ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക‌് തുടർനടപടിക്കായി പോർട്ടൽ വഴി അയക്കും. വില്ലേജ‌് ഓഫീസർ,  പൊലീസ‌് സ‌്റ്റേഷൻ ഹൗസ‌് ഓഫീസർ, പഞ്ചായത്ത‌്–-മുനിസിപ്പൽ–-കോർപറേഷൻ സെക്രട്ടറി, എഇഒ തുടങ്ങിയ ഏറ്റവും താഴെത്തട്ടിലെ ഉദ്യോഗസ്ഥർക്കാണ‌് പരാതികൾ നടപടിക്കായി കൈമാറുക. ഇത‌ു പരിശോധിച്ച‌് രണ്ടാഴ‌്ചയ‌്ക്കകം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തീരുമാനം പരാതിക്കാരനെ അറിയിക്കണം.

പരാതി ലഭിച്ചതുമുതൽ അതിന്റെ ഓരോ ഘട്ടവും എസ‌്എംഎസ‌് വഴി പരാതിക്കാരന‌് ലഭിക്കും.  മുഖ്യമന്ത്രിയുടെ ഓഫീസിലെ കംപ്യൂട്ടർ സെല്ലാണ‌് പോർട്ടൽ കൈകാര്യം ചെയ്യുന്നത‌്.



deshabhimani section

Related News

View More
0 comments
Sort by

Home