വനിതാമതിൽ : സാംസ‌്കാരിക നായകരുടെ പിന്തുണ

നവോത്ഥാന മൂല്യസംരക്ഷണത്തിനായി കേരളം നടത്തുന്ന ശ്രമങ്ങൾക്ക‌് സാംസ‌്കാരിക –-സാഹിത്യനായകരുടെയും ചരിത്രകാരന്മാരുടെയും പിന്തുണ. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ ചേർന്ന യോഗത്തിൽ ഒട്ടേറെ സാഹിത്യകാരന്മാർ പങ്കെടുത്തു. മന്ത്രി എ കെ ബാലൻ അധ്യക്ഷനായി.
സമയോചിതമായ യോഗമാണിതെന്നും ഒളിഞ്ഞും തെളിഞ്ഞും നവോത്ഥാനമൂല്യങ്ങൾ നേരിടുന്ന ഭീഷണി നേരിടാൻ ഇത് പ്രയോജനകരമാണെന്നും പ്രശസ്ത ചരിത്രകാരൻ എം ജി എസ് നാരായണൻ പറഞ്ഞു. വി ടി ഭട്ടതിരിപ്പാട്, അയ്യൻകാളി തുടങ്ങിയ നവോത്ഥാന നായകരുടെ സംഭാവനകൾ പാഠപുസ്തകങ്ങളിൽ ചേർക്കണമെന്ന‌് അദ്ദേഹം നിർദേശിച്ചു.
ചരിത്രത്തെ പിന്നോട്ടടിക്കുന്ന വർഗീയശക്തികളുടെ ആശയഗതികളെ തടയാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മുന്നോട്ടുവരുന്നത് ആശ്വാസകരമാണെന്ന‌് സാമൂഹിക പ്രവർത്തക കെ അജിത പറഞ്ഞു. മതിൽ പ്രതീകാത്മകമായ പ്രതിരോധമായാണ് കാണുന്നതെന്നും അവർ പറഞ്ഞു. ആർജവത്തോടെയും ധീരതയോടെയുമുള്ള സർക്കാരിന്റെ നടപടികൾക്കൊപ്പം നിലകൊള്ളുന്നതായി ഡോ. എസ് ശാരദക്കുട്ടി പറഞ്ഞു.
നവോത്ഥാന കാലം, സ്വാതന്ത്ര്യസമരം, ഇടതുപക്ഷ ഇടപെടൽ എന്നീ മൂന്നു കാലഘട്ടങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ച മൂല്യങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്ന് ജി ബി ബാലമോഹൻ തമ്പി പറഞ്ഞു.
ലിംഗസമത്വത്തിനുവേണ്ടി പോരാടിയ കീഴാള സ്ത്രീകളുടേതടക്കമുള്ള ശക്തമായ ധാരകളെ പാഠ്യപദ്ധതിയിലുൾപ്പെടുത്തണമെന്ന് സി എസ് ചന്ദ്രിക പറഞ്ഞു. കുട്ടികൾക്ക് സമൂഹവുമായി ബന്ധപ്പെടാൻ പ്രാപ്തമാക്കുന്ന രീതിയിൽ സ്‌കൂൾ വിദ്യാഭ്യാസം മാറ്റണമെന്ന് നടൻ വി കെ ശ്രീരാമൻ പറഞ്ഞു. ആദിവാസി ഊരുകളിലേക്ക് വനിതാമതിലിന്റെ സന്ദേശം കൂടുതലായി എത്തിക്കണമെന്ന് സാമൂഹികപ്രവർത്തക ധന്യ രാമൻ പറഞ്ഞു.
മൂല്യങ്ങളിൽ താഴേക്കുപൊയ്‌ക്കൊണ്ടിരുന്ന കേരളത്തെ പിടിച്ചുനിർത്താൻ ബഹുതലസ്പർശിയായ ഒരു ചരിത്രസന്ദർഭത്തെ ഉപയോഗപ്പെടുത്തിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പറഞ്ഞു. ചർച്ചയിൽ ഉയർന്ന അഭിപ്രായങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. തുടർനടപടികൾക്കായി സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനൻ കൺവീനറായി സമിതി രൂപീകരിച്ചു.ഏഴാച്ചേരി രാമചന്ദ്രൻ, പ്രഭാവർമ, കെ പി കുമാരൻ, പിരപ്പൻകോട് മുരളി, കരിവള്ളൂർ മുരളി, പുരുഷൻ കടലുണ്ടി എംഎൽഎ, വി കാർത്തികേയൻ നായർ, അശോകൻ ചരുവിൽ, രാവുണ്ണി, ഡോ. ഖദീജ മുംതാസ്, മധുപാൽ കെ, അയിലം ഉണ്ണികൃഷ്ണൻ, പള്ളിയറ ശ്രീധരൻ, ഡോ. ആര്യ ഗോപി, കെ വി രാമകൃഷ്ണൻ, ശിവരാമൻ ചെറിയനാട്, മുണ്ടൂർ സേതുമാധവൻ, കെ പി മോഹനൻ, എം എസ് അജിത് കുമാർ, എ ഗോകുലേന്ദ്രൻ, സി ജെ കുട്ടപ്പൻ, കെ ജി പൗലോസ്, സരിത മോഹനവർമ, ഡോ. പ്രഭാകരൻ പഴശ്ശി, കനകാംബരൻ യു, വി കെ ജോസഫ്, ശ്രീജ പി, വി എസ് ബിന്ദു, ഡോ. എം ആർ യശോധരൻ, എം കെ ഹരികുമാർ, കെ ബീന, ഗീത നസീർ, മൈന ഉമൈബാൻ, പ്രമോദ് പയ്യന്നൂർ, സുജ സൂസൻ ജോർജ‌്, ഡോ. എസ് രാജശേഖരൻ, പി ബി വിജയകുമാർ, ഡോ. എ ആർ രാജൻ, എബ്രഹാം മാത്യു, ഡോ. രാധിക സി നായർ, കാട്ടാക്കട രാമചന്ദ്രൻ, ബി മുരളി, ഇന്ദു മേനോൻ, പി കെ രാജശേഖരൻ, കെ ജി രാജൻ, വിനോദ് വൈശാഖി, തനുജ ഭട്ടതിരി, മധു ജനാർദനൻ, ഐസക് ഈപ്പൻ, ഡോ. എ കെ നമ്പ്യാർ, ഗിരീഷ് പുലിയൂർ, ഹരികുമാർ ചങ്ങമ്പുഴ, ഡോ. പി സോമൻ, ജി പി രാമചന്ദ്രൻ, ചിറക്കര സലിംകുമാർ തുടങ്ങിയവർ സംബന്ധിച്ചു. സാംസ്‌കാരിക സെക്രട്ടറി റാണി ജോർജ് സ്വാഗതം പറഞ്ഞു.









0 comments