തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം: മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം > തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കയ്യോടെ SPV രൂപീകരിച്ച് നടത്താനുള്ള അനുമതി നല്‍കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിമാനത്താവളം ലേലം ചെയ്യാനാണ് ഉദ്ദേശമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് പരിധിയില്ലാതെ Right of First Refusal നല്‍കണമെന്ന കാര്യം കേന്ദ്ര സര്‍ക്കാരിനോട് കൂട്ടായി ആവശ്യപ്പെടണമെന്നും നിയമസഭയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്‌താവനയുടെ പൂർണരൂപം:
1932-ല്‍ ഫ്‌ളൈയിംഗ് ക്ലബ്ബിന്റെ ഭാഗമായി സ്ഥാപിതമായ കേരളത്തിലെ ആദ്യ വിമാനത്താവളമാണ് ഇപ്പോഴത്തെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തില്‍നിന്നും സ്വാതന്ത്ര്യാനന്തരം ആഭ്യന്തര വിമാനസര്‍വ്വീസുകളും 1970-കളുടെ അവസാനത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകളും ആരംഭിക്കുകയുണ്ടായി.
ഏകദേശം 630 ഏക്കര്‍ വിസ്തീര്‍ണ്ണവും 3394 മീറ്റര്‍ റണ്‍വേ ദൈര്‍ഘ്യവുമുള്ള ഈ വിമാനത്താവളത്തെ 1991-ല്‍ ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി ഉയര്‍ത്തുകയുണ്ടായി. 2030-ഓടുകൂടി ആഭ്യന്തര യാത്രക്കാരുടെ നിരക്കില്‍ 20 ശതമാനത്തോളവും അന്താരാഷ്ട്ര യാത്രക്കാരുടെ നിരക്കില്‍ 15 ശതമാനത്തോളവും വര്‍ദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം
ഇത്തരത്തില്‍ വളര്‍ച്ചയുടെ പാതയിലൂടെ നീങ്ങുന്ന തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളം രാജ്യത്തെ മറ്റ് ആറ് വിമാനത്താവളങ്ങളോടൊപ്പം മത്സരാധിഷ്ഠിത ലേല പ്രക്രിയയിലൂടെ പൊതു-സ്വകാര്യ പങ്കാളിയെ കണ്ടെത്തി വികസിപ്പിക്കാനാണ് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്.
നിലവില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍
സംസ്ഥാനത്തിന്റെ താത്പര്യത്തിനെതിരായ ഈ തീരുമാനം വന്നയുടന്‍ പുനഃപരിശോധിക്കണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി 21.11.2018-നും 08.12.2018-നും കേന്ദ്ര വ്യോമയാന മന്ത്രിക്ക് സംസ്ഥാനം കത്തയച്ചിട്ടുണ്ട്. 09.12.2018-ന് കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നിര്‍മ്മാണത്തിലും നടത്തിപ്പിലും നേതൃത്വം നല്‍കിയതിന്റെ ഭാഗമായി ഈ മേഖലയില്‍ നല്ല പരിചയം സംസ്ഥാനത്തിനുണ്ട്. ഇത്തരം അനുഭവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും ഭാവി വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന ആവശ്യവും നാം മുന്നോട്ടുവച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം, നീതി ആയോഗ് സി.ഇ.ഒയുടെ അധ്യക്ഷതയിലുള്ള എംപവേര്‍ഡ് ഗ്രൂപ്പ് ഓഫ് സെക്രട്ടറീസ് 04.12.2018-ല്‍ കേരള ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രസ്തുത ചര്‍ച്ചയില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പൂര്‍വ്വകാല ചരിത്രവും തിരുവിതാംകൂര്‍ മഹാരാജാവും സംസ്ഥാന സര്‍ക്കാരും വിവിധ ഘട്ടങ്ങളില്‍ ഭൂമി ഏറ്റെടുത്ത് സൗജന്യമായി വിമാനത്താവള വികസനത്തിനായി നല്‍കിയ കാര്യവും വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയും ഗതാഗതവകുപ്പ് സെക്രട്ടറിയും എംപവേര്‍ഡ് ഗ്രൂപ്പ് ഓഫ് ഓഫീസേഴ്‌സിനു മുന്നില്‍ വിശദമായ ഒരു അവതരണവും നടത്തിയിരുന്നു.
സംസ്ഥാനത്തുള്ള കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നേരത്തേ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തില്‍ ലേലത്തില്‍ മറ്റുള്ളവരെപ്പോലെ സംസ്ഥാന സര്‍ക്കാരിനും പങ്കെടുക്കാമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. വിമാനത്താവളത്തിന്റെ കാര്യത്തിലും ഇത്തരമൊരു സമീപനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച് മുന്നോട്ടുപോകുന്നത് അഭിലഷണീയമല്ല.
2003 ഏപ്രില്‍, ഡിസംബര്‍ മാസങ്ങളില്‍ അന്നത്തെ കേന്ദ്ര വ്യോമയാന സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ആ കത്തില്‍ ഏതെങ്കിലും അവസരത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വകാര്യ പങ്കാളിത്തം ഉണ്ടാവുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിക്കുമെന്ന കാര്യവും വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ അധിക ഭൂമിയുടെ വില കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (SPV) രൂപീകരിക്കാമെന്നും പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമിയുടെ വില SPV-യില്‍ ഓഹരി പങ്കാളിത്തമായി നല്‍കുന്ന കാര്യവും പരിഗണിക്കാമെന്നാണ് അറിയിച്ചിരുന്നത്.
ലേലത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് പരിധിയില്ലാതെ Right of First Refusal നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കേരളത്തിന്റെ ആവശ്യത്തോട് അനുകൂലമായ തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ് നമുക്ക് പ്രതീക്ഷിക്കാവുന്നത്.
സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കാന്‍ യോജിച്ചുനില്‍ക്കാനാവണം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനം തിരുത്തുന്നതിന് സംസ്ഥാനത്തിന്റെ കൂട്ടായ ഇടപെടല്‍ അനിവാര്യമാണ്. സംസ്ഥാനത്തിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഈ തീരുമാനം വന്ന ഘട്ടത്തില്‍ തന്നെ ഇടപെടാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നതാണ്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണം. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കയ്യോടെ SPV രൂപീകരിച്ച് നടത്താനുള്ള അനുമതി നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. ലേലം ചെയ്യാനാണ് ഉദ്ദേശമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് പരിധിയില്ലാതെ Right of First Refusal നല്‍കണമെന്ന കാര്യവും കേരള നിയമസഭ കേന്ദ്ര സര്‍ക്കാരിനോട് കൂട്ടായി ആവശ്യപ്പെടണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.









0 comments