കലിക്കറ്റിലെ ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം

സ്വന്തം ലേഖകൻ
കലിക്കറ്റ് സർവകലാശാലാ ബിരുദപരീക്ഷ ചോദ്യക്കടലാസ‌് ചോർന്നതിനെക്കുറിച്ച‌് പൊലീസ‌് അന്വേഷിക്കും. സർവകലാശാലാ അധികൃതരുടെ പരാതിയിലാണ‌് തേഞ്ഞിപ്പലം പൊലീസിന്റെ നടപടി.
തിങ്കളാഴ‌്ച നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബികോം, ബിബിഎ ജനറൽ ഇൻഫർമാറ്റിക‌്സ‌് പേപ്പറിന്റെ ചോദ്യക്കടലാസാണ് ഞായറാഴ്ച രാത്രി വാട‌്സാപ്പിൽ പ്രചരിച്ചത‌്. സർവകലാശാലയിലെ ചില ഉദ്യോഗസ്ഥർക്കും വാട‌്സാപ്പിൽ ചോദ്യപേപ്പർ ലഭിച്ചു. തുടർന്ന‌് രാത്രി വൈകി പരീക്ഷമാറ്റി. സംഭവത്തെക്കുറിച്ച‌് വകുപ്പുതല അന്വേഷണവുമുണ്ടാകും.
കഴിഞ്ഞ 30ന് നിശ‌്ചയിച്ച പരീക്ഷ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് തിങ്കളാഴ‌്ചത്തേക്ക് മാറ്റിയത്. അന്ന് ഏതെങ്കിലും കോളേജുകളിൽ ചോദ്യപേപ്പറിന്റെ കവർ പൊട്ടിച്ചോയെന്ന സംശയവും ഉയർന്നിട്ടുണ്ട‌്. സീൽചെയ്തുനൽകിയ കവറുകൾ തിരിച്ചെടുക്കാൻ തീരുമാനിച്ചതിനാൽ കോളേജുകളിൽ പൊട്ടിച്ചിട്ടുണ്ടോയെന്നത‌് വ്യക്തമാകും. സൈബർ സെല്ലിന്റെ സഹായത്തോടെ കുറ്റവാളികളെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർവകലാശാലാ അധികൃതർ.









0 comments