ശ്യാംകുമാറിന്റെ കൊലപാതകം: പ്രതികളെ സംരക്ഷിക്കുന്നത് ആര്‍എസ്എസ്‐ബിജെപി നേതൃത്വം‐ അഡ്വ. എ എ റഹിം

വൈക്കം > വൈക്കത്തഷ്ട്ടമി ദിനത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ശ്യാംകുമാറിനെ കൊലപ്പെടുത്തിയ അക്രമിസംഘത്തിന് എല്ലാ സഹായവും സംരക്ഷണവും നൽകുന്നത് ആർഎസ്എസ്‐ബിജെപി നേതൃത്വമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി അഡ്വ. എ എ റഹിം പറഞ്ഞു. കൊല്ലപ്പെട്ട ശ്യാംകുമാറിന്റെ വീട് സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹവിരുദ്ധരടങ്ങുന്ന ആർഎസ്എസ് ക്രിമിനൽസംഘം ഒരു പ്രകോപനവുമില്ലാതെയാണ് ശ്യാംകുമാറിനെയും സുഹൃത്തുക്കളെയും കടന്നാക്രമിച്ചത്. കാപ്പാ കേസിലടക്കം പ്രതികളായ വൈക്കത്തെ കൊടും ക്രിമിനലുകളാണ് അക്രമത്തിന് നേതൃത്വം നൽകിയത്. ആർഎസ്എസ് കണിച്ചേരി ശാഖ മുഖ്യ ശിക്ഷക് സേതുമാധവൻ, വിനിഷ്, ലങ്കോ എന്ന് വിളിക്കുന്ന അഖിൽ എന്നിവർ ഇപ്പോൾ റിമാൻഡിലാണ്.
വിശ്വാസസംരക്ഷകർ എന്ന് സ്വയം അവകാശപ്പെടുന്ന ആർഎസ്എസ് ഉത്സവങ്ങളെപ്പോലും കലാപഭൂമിയാക്കി മാറ്റുകയാണ്. കുടുംബത്തിന്റെ എക ആശ്രയവും നാടിന്റെ പ്രതീക്ഷയുമായിരുന്ന ശ്യാംകുമാറിനെ ഇല്ലാതാക്കിയതിലൂടെ തങ്ങൾക്കെതിരായി ഉയരുന്ന ശബ്ദങ്ങളെ കായികമായി നേരിടുമെന്നാണ് ഇവർ പ്രഖ്യാപിക്കുന്നത്.
ആർഎസ്എസ് ക്വട്ടേഷൻ മാഫിയാ സംഘങ്ങൾ വൈക്കത്തും പരിസര പ്രദേശങ്ങളിലും നടത്തുന്ന പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതാണ് ശ്യാമിനോടും സുഹൃത്തുക്കളോടും ക്രിമിനൽ സംഘത്തിന് വൈരാഗ്യമുണ്ടാക്കാൻ ഇടയാക്കിയത്. മദ്യവും മയക്കുമരുന്നും നൽകി ചെറുപ്പക്കാരെ ക്രിമിനലുകളാക്കി മാറ്റി കൂടെനിർത്തി നാടിന്റെയാകെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ആർഎസ്എസ് ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ശ്യാംകുമാറിന്റെ കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. ആർഎസ്എസ് സംഘപരിവാർ സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യവേട്ടകളുടെ തുടർച്ചയാണ് ശ്യാമിന്റെ കൊലപാതകവും. ഗൂഡാലോചനയിലടക്കം പങ്കെടുത്ത മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും അഡ്വ. എ എ റഹിം അവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ആർ അജയ്, സെക്രട്ടറി സജേഷ് ശശി, സംസ്ഥാന കമ്മിറ്റിയംഗം എൻ അനിൽ കുമാർ, സിപിഐ എം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ ശെൽവരാജ്, ബ്ലോക്ക് സെക്രട്ടറി ആർ രോഹിത്, ആർ നികിത കുമാർ, അനന്ദു ഉണ്ണി, മിൽട്ടൻ ആന്റണി, ശ്യാംലാൽ, പി സി ശ്യാം എന്നിവരും കൂടെയുണ്ടായിരുന്നു.









0 comments