സവാള: കർഷകന‌് കിട്ടുന്നത‌് ഒരു രൂപ; കേരളത്തിൽ 22 രൂപവരെ

കോട്ടയം
മണ്ണിൽ അധ്വാനിച്ച‌് വിളയിക്കുന്ന സവാള ഒരു രൂപയ‌്ക്ക‌് വിൽക്കാൻ കർഷകൻ നിർബന്ധിതമാവുമ്പോൾ വിവിധ കൈകളിലൂടെ മറിഞ്ഞ‌് കേരളത്തിൽ എത്തുമ്പോൾ ഉപഭോക്താവ‌് നൽകേണ്ടി വരുന്നത‌് 22 രൂപ വരെ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്ന സവാളയ‌്ക്ക‌് വില ഇടഞ്ഞതോടെ കർഷകർ തീരാദുരിതത്തിലാണ‌്. കേരളത്തിലെ ഹോൾസെയിൽ മാർക്കറ്റുകളിൽ 13 രൂപയാണ‌് വില. ഉപഭോക്താവിലേക്ക‌് എത്തുമ്പോൾ 22 രൂപവരെയാകും.
മഹാരാഷ‌്ട്രയിൽനിന്നാണ‌് കോട്ടയം മാർക്കറ്റിൽ സവാള എത്തുന്നത‌്. അവിടെ എഴ‌് മുതൽ എട്ട‌് രൂപ വരെയാണ‌് ഇടനിലക്കാർ ഇൗടാക്കുന്നത‌്. പത്തു ടൺ സവാള കോട്ടയത്ത‌് എത്തിക്കുന്നതിന‌് 43,000 രൂപയാണ‌് ലോറിവാടക നൽകേണ്ടത‌്. ഇതിനു പുറമെയാണ‌് കയറ്റിറക്കുമതി ചെലവ‌്. ചെറുകിടവ്യാപാരികളിൽ എത്തുമ്പോൾ വില നാല‌് മുതൽ അഞ്ച‌് രൂപവരെ പിന്നെയും വർധിക്കും.
റിലയൻസ‌് പോലുള്ള കുത്തക കമ്പനികൾക്ക‌് സവാള അടക്കമുള്ള പച്ചക്കറികൾ ശേഖരിക്കാൻ വൻതോതിലുള്ള ശീതീകരണസംവിധാനമുണ്ട‌്. ഇവ ദിവസങ്ങളോളം സൂക്ഷിക്കാനാവും. കർഷകരിൽനിന്നും വിലയിടിച്ചാണ‌് കുത്തകകൾ ഭക്ഷ്യസാധനങ്ങൾ ശേഖരിക്കുന്നത‌്. സർക്കാർ ഇടപെടാതെ മാറി നിൽക്കുന്നതു മൂലം കമ്പോളം നിയന്ത്രിക്കുന്നത‌് ഇത്തരം കുത്തകകളാണ‌്. സാധനങ്ങളുടെ വിലനിയന്ത്രണാധികാരവും ഇവർക്കു തന്നെ. കർഷകരാണ‌് ഇതുമൂലം ദുരിതത്തിലാവുന്നത‌്.









0 comments