നാലാം ദിവസവും സഭ സ്തംഭിപ്പിച്ച് യുഡിഎഫ്; സ്പീക്കറുടെ കാഴ്ച കറുത്ത ബാനര്‍ കൊണ്ടു മറച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2018, 04:14 AM | 0 min read

തിരുവനന്തപുരം > തുടർച്ചയായ നാലാം ദിവസവും നിയമസഭയിൽ യുഡിഎഫ‌് ബഹളം. കറുത്ത ബാനർ ഉപയോഗിച്ച‌് സ‌്പീക്കറെ മറയ‌്ക്കാനും ശ്രമിച്ചു. സഭ സുഗമമായി നടത്തിക്കൊണ്ടുപോകാൻ അനുവദിക്കണമെന്ന നിരന്തര അഭ്യർഥനയും പ്രതിപക്ഷം മാനിക്കാത്തതോടെ നടപടി പൂർത്തീകരിച്ച‌് തിങ്കളാഴ‌്ച നേരത്തെ സഭ പിരിഞ്ഞു.

ചോദ്യോത്തര വേളയുടെ തുടക്കത്തിൽതന്നെ യുഡിഎഫ‌് സഹകരിക്കുമെന്ന‌് പ്രതിപക്ഷ നേതാവ‌് അറിയിച്ചിരുന്നു. എന്നിട്ടും സഭ സ‌്തംഭിപ്പിച്ചു. ശബരിമലയിലെ സർക്കാരിന്റെ പിടിപ്പുകേടാണ്‌ സഭാ നടപടികൾ സ്‌തംഭിക്കുന്ന അവസ്ഥയുണ്ടാക്കുന്നതെന്ന‌് ചെന്നിത്തല ആരോപിച്ചു.  വി എസ്‌ ശിവകുമാർ, പാറക്കൽ അബ്ദുള്ള, ഡോ. എൻ ജയരാജ്‌ എന്നിവർ സഭാ കവാടത്തിൽ സത്യഗ്രഹിമിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയിൽ യുഡിഎഫ‌് പിന്തുണയോടെ സമരം നടത്തിയവർ ഇപ്പോൾ സെക്രട്ടറിയറ്റിന‌് മുന്നിലേക്ക്‌ വന്നുവെന്നും, യുഡിഎഫ‌് സഭയിലെ ബഹളം അവസാനിപ്പിച്ച‌് സഭാകവാടത്തിലേക്ക്‌ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ സൗകര്യങ്ങളില്ലെന്ന പ്രചാരണം ശരിയല്ല. പ്രളയാനന്തരം കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ്‌ ചെയ്‌തത്‌.

ശബരിമലയുടെ ചരിത്രത്തിലില്ലാത്ത അക്രമം നടന്നപ്പോഴാണ്‌ നിരോധനാജ്ഞ ഏർപ്പെടുത്തിയത്‌. യുഡിഎഫ്‌ തെറ്റായ നടപടികൾ തുടരുന്നതിന്റെ ഭാഗമാണ്‌ പുതിയ സമര പ്രഖ്യാപനം. ഇത്‌ വൈകിവന്ന അൽപ്പ വിവേകമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എന്നാൽ, മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോൾതന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചെന്നിത്തലയുടെ ആവശ്യം പരിഗണിച്ച‌് വീണ്ടും സംസാരിക്കാൻ അനുവദിച്ചു. യുഡിഎഫ്‌ ആദ്യം സ്വീകരിച്ച നിലപാട‌് ഇപ്പോഴും തുടരുന്നതിന്റെ ഭാഗമായാണ്‌ സഭാ കവാടത്തിലെ സമരമെന്നായി ചെന്നിത്തല.

ചോദ്യോത്തരവേള ചർച്ചക്കുള്ള വേദിയാക്കുന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട‌് ശരിയല്ലെന്ന‌് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആർഎസ്‌എസിന്റെ നിലപാട്‌ മുന്നോട്ടുകൊണ്ടുപോകാനാണ്‌ യുഡിഎഫ്‌ ശ്രമിക്കുന്നത്‌. ഇത്‌ ജനം മനസ്സിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.

ഇതിനിടയിൽ ബഹളത്തിലൂടെ മുഖ്യമന്ത്രിയെ തടസ്സപ്പെടുത്താനും ശ്രമിച്ചു. കറുത്ത ബാനർ കൊണ്ട് സ്പീക്കറുടെ കാഴ്ച മറച്ചും ബഹളം തുടർന്നു. മോശമായി പെരുമാറി കാര്യം നേടാൻ നോക്കണ്ടെന്ന‌് സ‌്പീക്കറും വ്യക്തമാക്കി. പ്രതിപക്ഷ അവകാശങ്ങൾക്കൊപ്പം സർക്കാർ കാര്യങ്ങളും പൂർത്തീകരിച്ചുകൊടുക്കേണ്ടതുണ്ടെന്നും സ‌്പീക്കർ പറഞ്ഞു. എന്നിട്ടും ബഹളം നിർത്താൻ തയ്യാറാകാത്തതിനാൽ നടപടികൾ പൂർത്തീകരിച്ച‌് സഭ പിരിഞ്ഞു.

തുടർന്ന‌് വി എസ‌് ശിവകുമാർ, പാറയ‌്ക്കൽ അബ്ദുള്ള, ഡോ‌. എൻ ജയരാജ‌് എന്നിവർ കവാടത്തിൽ സത്യഗ്രഹമിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തിലാണ‌് സ‌്പീക്കർ സഭാ നടപടികൾ ധൃതിയിൽ അവസാനിപ്പിച്ചതെന്ന ആക്ഷേപവും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home