ഉപതെരഞ്ഞെടുപ്പ‌് ഫലം: ഈ വിജയം നുണകൾക്കുള്ള മറുപടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2018, 08:03 PM | 0 min read

തിരുവനന്തപുരം >  നുണപ്രചാരണങ്ങളുടെ നെടുങ്കോട്ടകൾ സൃഷ്ടിച്ച‌് നടത്തിയ അസംബന്ധ സമരപ്രഹസനങ്ങൾക്ക‌് വിശ്വാസി സമൂഹം ഉൾപ്പെടെയുള്ള ബഹുജനങ്ങളുടെ  മുഖത്തടിച്ചുള്ള മറുപടി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള  ഉപതെരഞ്ഞെടുപ്പ‌് ഫലം വിലയിരുത്തുമ്പോൾ എത്തിച്ചേരാവുന്ന  നിഗമനമിതാണ‌്.

ശബരിമലയിലെ സ‌്ത്രീ പ്രവേശനം അനുവദിച്ച‌് വിധി പുറപ്പെടുവിച്ചത‌് രാജ്യത്തെ പരമോന്നത നീതിപീഠം. അത‌് നടപ്പാക്കാൻ ബാധ്യതപ്പെട്ടത‌് സംസ്ഥാന സർക്കാർ.  ഇതിനെ സംസ്ഥാന സർക്കാറിനും എൽഡിഎഫിനും എതിരായ സമരായുധമാക്കാൻ യുഡിഎഫും ബിജെപിയും മത്സരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ‌് പ്രതീകാത്മകമായ ഈ ജനവിധി. 14 ജില്ലകളിലും നടന്ന ഉപതെരഞ്ഞെടുപ്പ‌് ഫലം സംസ്ഥാനത്തെ ജനമനസ്സിന്റെ പ്രതിഫലനമാണ‌്.
 
ശബരിമലയിലൂടെ കേരളം പിടിക്കുമെന്ന‌് വീമ്പുപറഞ്ഞ ബിജെപിയേയും ബിജെപിയോട‌് മത്സരിച്ച‌് തീവ്ര വർഗീയ കാർഡിറക്കിയ കോൺഗ്രസിനേയും പൊതുസമൂഹം  കൈയൊഴിഞ്ഞു. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലെ രണ്ട‌് മുനിസിപ്പൽ വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പ‌് ഫലം മാത്രം മതി ബിജെപിയുടെയും കോൺഗ്രസിന്റെയും ദയനീയ നില മനസിലാക്കാൻ. ബിജെപിക്ക‌് ഒരിടത്ത‌് കിട്ടിയത‌് ഏഴ‌് വോട്ട‌്. മറ്റൊരിടത്ത‌് 12 വോട്ട‌്.
നാമജപ സമരകേന്ദ്രങ്ങളിലും വീണു

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയായിരുന്നു കോൺഗ്രസ‌് സ‌്പോൺസേർഡ‌് സംഘപരിവാർ സമര കേന്ദ്രങ്ങളിലൊന്ന‌്.
തൃപ്പൂണിത്തുറ മുനിസിപ്പൽ വാർഡ‌് യുഡിഎഫിൽനിന്നും എൽഡിഎഫ‌് പിടിച്ചെടുത്തത‌് 480 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ‌്. കോൺഗ്രസിനെ മൂന്നാംസ്ഥാനത്തേക്ക‌് പിന്തള്ളി ബിജെപിയാണ‌് രണ്ടാംസ്ഥാനത്ത‌്.  ഇവിടെ കോൺഗ്രസ‌് വോട്ട‌് അപ്പാടെ ബിജെപിയിലേക്കൊഴുകി. കൊടിപിടിക്കാതെ ബിജെപി സമരത്തിൽ പങ്കെടുക്കാൻ കെപിസിസി ആഹ്വാനം ചെയ‌്തതിന്റെ യഥാർഥ പ്രതിഫലനം.

ഈ ‘അന്തർധാര’ ആലപ്പുഴയിലും കാണാം. അവിടെ യു ഡിഎഫിന്റെ രണ്ട‌് സിറ്റിങ‌് സീറ്റാണ‌് ബിജെപിക്ക‌് കിട്ടിയത‌്. രണ്ടിടത്തും കോൺഗ്രസ‌് അപ്രസക്തമായി.  എറണാകുളത്തെ അഞ്ച‌് സീറ്റും എൽഡിഎഫ‌് നേടിയെന്നതും ഇതോടൊപ്പം കൂട്ടിവായിക്കാം.സമരം ആളിക്കത്തിക്കാൻ ശ്രമിച്ച  തൃശൂർ ജില്ലയിലും മുഴൂവൻ സീറ്റും എൽഡിഎഫിന‌്. തൃശൂരിൽ ഒരു സീറ്റ‌് ബിജെപിയിൽ നിന്നുമാണ‌് സിപിഐ എം പിടിച്ചെടുത്തത‌്. മധ്യകേരളത്തിൽ ഇടുക്കിയിൽ മാത്രമാണ‌് യുഡിഎഫിന‌് പിടിച്ചുനിൽക്കാനായത‌്. 

ലീഗ‌് ശക്തികേന്ദ്രമായ മലപ്പുറത്ത‌് പോലും സിറ്റിങ‌് സീറ്റ‌് നഷ്ടമായി. അയ്യപ്പഭക്തരെ  കൂടുതൽ ഇളക്കിവിടാൻ ശ്രമിച്ച തലസ്ഥാന ജില്ലയിലും സിറ്റിങ‌് സീറ്റ‌് നഷ‌്ടമായത‌്  യുഡിഎഫിനുള്ള മുന്നറിയിപ്പാണ‌്.
സമരാഭാസത്തിന്‌ തിരിച്ചടി

കോഴിക്കോട‌്, പാലക്കാട‌് ജില്ലകളിലെ സിറ്റിങ‌് സീറ്റുകളിൽ എൽഡിഎഫിനുണ്ടായ വോട്ട‌് വർധനയും യുഡിഎഫ‌്, ബിജെപി വോട്ട‌് ചോർച്ചയും സമരാഭാസങ്ങൾക്കുള്ള മറുപടിയാണ‌്. പഴയ കോലീബി സഖ്യ മാതൃകയിൽ കൊല്ലത്ത‌് യുഡിഎഫും ബിജെപിയും എസ‌്ഡിപിഐയും എൽഡിഎഫിനെ നേരിട്ടത‌്  വിളക്കുടി പഞ്ചായത്തിലെ കുന്നിക്കോട‌് വാർഡിൽ കഴിഞ്ഞ തവണത്തെ ബിജെപി സ്ഥാനാർഥി യുഡിഎഫ‌് സ്ഥാനാർഥിയായി. ബിജെപിയും എസ‌്ഡിപിഐയും സ്ഥാനാർഥിയെ നിർത്താതെ സഹായിച്ചു. ശബരിമല യുവതീ പ്രവേശനവിഷയം മാത്രമല്ല, ഈ കാലയളവിൽ കേരളം ചർച്ച ചെയ‌്തത‌്. ഈ നൂറ്റാണ്ട‌് കണ്ട ഏറ്റവും വലിയ പ്രളയക്കെടുതി പിന്നിട്ട‌് മാസങ്ങളേ ആയുള്ളൂ. പ്രളയകാലത്ത‌് ജാതിക്കും മതത്തിനും രാഷ‌്ട്രീയത്തിനും അതീതമായ  ഐക്യമായിരുന്നു ജനങ്ങൾ തമ്മിൽ. സംസ്ഥാന സർക്കാർ കാണിച്ച ഇച്ഛാശക്തിയും തുടർന്നുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങളും മാതൃകയായി.

 



deshabhimani section

Related News

View More
0 comments
Sort by

Home