ഓക‌്സിജൻ സിലിണ്ടറുമായി ആന്റണിയുടെ പെടാപ്പാട‌് ; ഉപയോഗിക്കുന്നത‌് വർഗീയ കാർഡ‌്

എ കെ ആന്റണി പാടുപെടുന്നത‌് ഊർധ്വശ്വാസം വലിക്കുന്ന കോൺഗ്രസിന‌് ഓക‌്സിജൻ നൽകി ജീവൻ നിലനിർത്താൻ. സംഘടനാപരമായും രാഷ്ട്രീയമായും തകർന്ന കോൺഗ്രസിൽനിന്ന‌് നേതാക്കളും പ്രവർത്തകരും അണികളും കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നത‌് തടയാനുളള അവസാന അടവാണ‌് ആന്റണി പയറ്റുന്നത‌്. തിരുവനന്തപുരത്തും കോഴിക്കോട്ടും നടത്തിയ പ്രതികരണങ്ങളിൽ കോൺഗ്രസിന്റെ തകർച്ചയിലുള്ള വെപ്രാളമാണ‌് പ്രകടമാകുന്നത‌്. ശബരിമല യുവതീപ്രവേശ വിഷയത്തിൽ സ്വീകരിച്ച തീവ്ര വർഗീയനിലപാടാണ‌് രാഷ്ട്രീയമായി കോൺഗ്രസിനെ ദയനീയാവസ്ഥയിലേക്കെത്തിച്ചത‌്. കൊടിപിടിക്കാതെ ശബരിമല സമരത്തിൽ പങ്കെടുക്കാൻ കെപിസിസിതന്നെ ആഹ്വാനം ചെയ‌്തതോടെ നേതാക്കൾ ഉൾപ്പെടെ സംഘപരിവാർ കൊടിപിടിക്കാൻ തുടങ്ങി. കെപിസിസി എക‌്സിക്യൂട്ടീവ‌് അംഗം രാമൻനായർ ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേക്കേറി. തീവ്രഹിന്ദുത്വ നിലപാട‌് സ്വീകരിച്ച‌് അറസ‌്റ്റിലായ ശശികലയെ കോൺഗ്രസ‌് ഭരിക്കുന്ന മുനിസിപ്പാലിറ്റി അതിഥിയാക്കി ആദരിച്ചു. ഇതോടെ കോൺഗ്രസിലെ പരമ്പരാഗത മതേതരവാദികൾ നിരാശരായി. അവർ സർക്കാർ നിലപാടിനൊപ്പം നിൽക്കുന്നു.
മുസ്ലിംലീഗിന്റെയും കേരള കോൺഗ്രസിന്റെയും നിഴലിലാണ‌് കോൺഗ്രസിപ്പോൾ. അതേസമയം ന്യുനപക്ഷവിഭാഗങ്ങൾക്കാകട്ടെ യുഡിഎഫ‌് സംവിധാനത്തിലുള്ള അവിശ്വാസവും പൂർണമായി. കെപിസിസിയും രാഷ്ട്രീയകാര്യസമിതിയുമെല്ലാം ആൾക്കൂട്ടമായി മാറി. ഓരോ നേതാവും തോന്നിയപോലെ നിലപാട‌് പറയുന്ന അവസ്ഥയാണ‌്. ഹൈക്കമാൻഡ‌് പ്രതീക്ഷയോടെ കേരളത്തിലേക്കയച്ച മുല്ലപ്പള്ളിയെ കേരളത്തിലെ നേതാക്കൾ ഒതുക്കി. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പും കളത്തിൽ നിറഞ്ഞുകളിക്കുന്നു. കെപിസിസി രാഷ്ട്രീയ കാര്യസമിതിയിലും യുഡിഎഫ‌് യോഗത്തിലും പ്രസിഡന്റിനെ നോക്കുകുത്തിയാക്കി ഒരു കോക്കസ‌് നിയന്ത്രണം ഏറ്റെടുത്തു.
പുതിയ പ്രസിഡന്റ‌് വന്നതോടെ നേരത്തെയുണ്ടായിരുന്ന ഭാരവാഹികൾ ഇല്ലാതായി. മൂന്ന‌് വർക്കിങ‌് പ്രസിഡന്റുമാരെയും മാധ്യമവിഭാഗം അധ്യക്ഷനെയും മാത്രമാണ‌് ഹൈക്കമാൻഡ‌് നിയോഗിച്ചത‌്. ഇതിൽ ഒരു വർക്കിങ‌് പ്രസിഡന്റ‌് എം ഐ ഷാനവാസ‌് അന്തരിച്ചു. മറ്റ‌് മൂന്നുപേരും ഒരു കാര്യത്തിലും മുല്ലപ്പള്ളിയുമായി ചർച്ച നടത്തുന്നില്ല. ചെന്നിത്തലയും പ്രസിഡന്റിനെ അവഗണിച്ച‌് സ്വന്തം വഴിയിലൂടെ പോകുന്നു. യുഡിഎഫ‌് കൺവീനർ ബെന്നി ബെഹനാനാകട്ടെ ഉമ്മൻചാണ്ടിയും എ ഗ്രൂപ്പും തെളിക്കുന്ന വഴിയിലൂടെമാത്രമാണ‌് പോകുന്നത‌്.
പുനഃസംഘടന ലക്ഷ്യമിട്ട‌് മുല്ലപ്പള്ളി ചില നീക്കം നടത്തിയെങ്കിലും മറ്റുള്ളവരെല്ലാം ചേർന്ന‌് അതും തകർത്തു. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പടിവാതിൽക്കൽ എത്തിനിൽക്കെ ബൂത്ത‌് തലം മുതൽ നാഥനില്ലാത്ത അവസ്ഥയാണ‌്. ചെറിയ ഇടവേളയ്ക്ക‌് ശേഷം കേരളത്തിലെത്തിയ ആന്റണി പാർടിയുടെ ഇൗ ദയനീയാവസ്ഥയുടെ ഗൗരവം കണക്കിലെടുത്താണ‌് രണ്ടും കൽപ്പിച്ച‌് രംഗത്തിറങ്ങിയിരിക്കുന്നത‌്. എന്നാൽ, ആന്റണിയും ചെന്നിത്തലയുടെയും കെ സുധാകരന്റെയും അതേ വർഗീയ കാർഡാണ‌് പ്രയോഗിക്കുന്നത‌്. ശബരിമലയിൽ സംഘപരിവാർ നടത്തിയ കലാപനീക്കങ്ങളെ ചെറുത്ത‌് തോൽപ്പിച്ച സർക്കാർ നിലപാടിനെ പിന്തുണയ‌്ക്കുന്നതിന‌് പകരം ആത്മഹത്യാപരമായ നിലപാട‌് തുടരുന്നതിനുപിന്നിലൂടെ ആന്റണിയും ലക്ഷ്യമിടുന്നത‌് രാഷ്ട്രീയ ലാഭമാണ‌്.
ഇൗ സർക്കാരിനെ കുറ്റപ്പെടുത്തുന്ന ആന്റണി തന്റെ പഴയ ഭരണകാലം ബോധപൂർവം മറന്നു. ശിവഗിരിയിൽ സന്യാസിമാരെ തല്ലിച്ചതച്ചതും മാറാട‌് രണ്ടാം കലാപത്തിനുശേഷം ആട്ടിയോടിക്കപ്പെട്ട ന്യൂനപക്ഷങ്ങൾക്ക‌് മാസങ്ങളോളം അഭയാർഥി ക്യാമ്പിൽ കഴിയേണ്ടിവന്നതും മുത്തങ്ങ വെടിവയ‌്പുംമാത്രം മതി ആന്റണിയെന്ന ഭരണാധികാരിയുടെ ഭരണപാടവം വിലയിരുത്താൻ.









0 comments