ശബരിമലയില്‍ സംഘര്‍ഷത്തിനെത്തിയ വിഎച്ച്പി നേതാവ് പാര്‍ഥസാരഥി ക്ഷേത്രത്തിലെ ആര്‍എസ്എസ് കലാപത്തിലും പ്രതി

തൃശൂര്‍ > ശബരിമല നടപ്പന്തലില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ വിശ്വഹിന്ദുപരിഷത്ത് നേതാവ് ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം പിടിച്ചെടുക്കാന്‍ ആര്‍എസ്എസുകാര്‍ കഴിഞ്ഞ വര്‍ഷം നിരന്തരമായി നടത്തിയ സമരത്തിന്റെയും നേതാവ്. എണ്‍പത്തിയാറു ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ഈ നേതാവ് നാട്ടില്‍ മുന്‍ പ്രസിഡന്റിനെ കൈയേറ്റം ചെയ്ത കേസിലും പ്രതിയായിരുന്നു.വിശ്വഹിന്ദു പരിഷത്ത് കണ്ടാണശേരി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായ പന്തായില്‍ ശിവരാജനാ(50) ണ് വിവിധ അക്രമങ്ങളുടെ 'പിന്‍ബല'വുമായി ശബരിമലയില്‍ അക്രമത്തിനെത്തിയത്.ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. അവിടെയും കോടതി വിധിയ്ക്കെതിരെ ബിജെപിയും ആര്‍എസ്എസും സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു.
പാര്‍ഥസാരഥി ക്ഷേത്രത്തില്‍ 120 ദിവസത്തോളം നടന്ന സമരത്തില്‍ തുടര്‍ച്ചയായി ശിവരാജനും പങ്കെടുത്തു. മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, സംഘര്‍ഷമുണ്ടാക്കല്‍, പൊലീസിനെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളിലാണ് പ്രതിയായത്. ഈ കേസുകളുടെ വിചാരണ നടക്കുകയാണ്.
തുടര്‍ച്ചയായി ക്രിമിനല്‍ കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ഐപിസി 107 പ്രകാരം സബ്ഡിവിഷന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ടെമ്പിള്‍ പൊലീസ് പറഞ്ഞു. ഏതാനും വര്‍ഷം മുമ്പ് ഇയാള്‍ കണ്ടാണശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റൂബി ഫ്രാന്‍സിസിനെ കൈയേറ്റം ചെയ്തതിന് പൊലീസ് കേസെടുത്തിരുന്നു.
ശബരിമല സന്നിധാനത്ത് നടപ്പന്തലില്‍ നവംബര്‍ 19ന് മിന്നല്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് അറസ്റ്റിലായ 69 പേരില്‍ ഒരാളായിരുന്നു ശിവരാജന്‍. 86 ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടയാളാണ് ശിവരാജനെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ശബരിമലയിലെ ക്രമീകരണങ്ങള്‍ സംബന്ധിച്ച കേസ് പരിഗണിയ്ക്കുന്ന ഡിവിഷന്‍ ബെഞ്ച് മുമ്പാകെ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രതികളില്‍ മിക്കവാറും എല്ലാവരും തന്നെ ക്രിമിനല്‍ കേസുകളില്‍ മുമ്പുതന്നെ പ്രതികളായിട്ടുള്ളവരാണെന്നും വ്യക്തമാക്കുന്നു.എല്ലാവരും ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരാണ്.









0 comments