തീർഥാടകരുടെ എണ്ണം കുറച്ചുകാട്ടി മനോരമ ; മനുഷ്യാവകാശ കമീഷന്റെ വാക്കുകൾ വളച്ചൊടിച്ചു

പമ്പ
ശബരിമലയിൽ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവെന്നും മനോരമയുടെ വ്യാജ പ്രചാരണം. സംഘർഷഭീതി മൂലം തീർഥാടകർ ഗണ്യമായി കുറഞ്ഞുവെന്നാണ് ബുധനാഴ‌്ച വ്യാജവാർത്ത നൽകിയത്. നട തുറന്ന് നാലുദിവസത്തിനുള്ളിൽ 75,000 പേർ മാത്രമാണ‌് എത്തിയതെന്നാണ് മനോരമയുടെ കള്ളക്കണക്ക്.
പമ്പ ഗണപതികോവിലിലെ പടിക്കെട്ടിൽ സ്ഥാപിച്ച സ്കാനറിലൂടെ നടതുറന്ന നവംബർ 16ന് മാത്രം 23,461 പേർ എത്തിയെന്നാണ് കണക്ക്. ശനിയാഴ്ച്ച 37,395 ഉം ഞായറാഴ്ച 40,010 ഉം തീർഥാടകരെത്തി. ബിജെപി പിന്തുണയോടെ ശബരിമല കർമ്മസമിതി വൃശ്ചികം ഒന്നിന് ഹർത്താൽ നടത്തിയതിനാലാണ് ഒന്നാംതിയതി തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായത്. തമിഴ്നാട്ടിലും കർണാടകത്തിലും വീശിയ ഗജ ചുഴലിക്കാറ്റും ആദ്യദിവസങ്ങളിൽ തീർഥാടകരുടെ വരവിനെ ബാധിച്ചിരുന്നു. 19 തിങ്കളാഴ്ച 40,524 തീർഥാടകരും ചൊവ്വാഴ്ച 30,143 പേരും പമ്പയിലെത്തി എന്നാണ് പൊലീസിന്റെ കണക്ക്. ബുധനാഴ്ച ഉച്ചവരെ 1,83,740 തീർഥാടകർ എത്തിയെന്നാണ് ഔദ്യോഗിക വിവരം. പരമ്പരാഗത കാനനപാതയിലൂടെ വരുന്ന തീർഥാടകരെ ഉൾപ്പെടുത്താതെയാണിത്. ചൊവ്വാഴ്ച മാത്രം 24,000 പേർ എത്തിയെന്ന കെഎസ്ആർടിസിയുടെ കണക്ക് മനോരമ ഉൾക്കൊള്ളിച്ചപ്പോൾ മറ്റു ദിവസത്തെ കണക്കുകൾ സൗകര്യപൂർവം മറക്കുകയായിരുന്നു.
പമ്പയിലും മറ്റും ശുചിമുറികൾ ഇല്ലെന്നും അന്നദാനം ആരംഭിച്ചില്ലെന്നും നട്ടാൽ കുരുക്കാത്ത നുണ വിളമ്പിയ മനോരമ മനുഷ്യാവകാശ കമീഷന്റെ വാക്കുകൾ പോലും വളച്ചൊടിച്ചു. പമ്പയിൽ വാട്ടർ അതോറിറ്റി കിയോസ്കുകളിൽ വെള്ളമുള്ളത് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക്കും നേരിൽകണ്ട് ബോധ്യപ്പെട്ടിരുന്നു. മറ്റ് പ്രധാന മലയാള പത്രങ്ങളെല്ലാം ശബരിമലയിൽ ലക്ഷം തീർഥാടകർ എത്തിയെന്ന് കഴിഞ്ഞദിവസം വാർത്ത നൽകിയശേഷമാണ് മനോരമ ഒന്നാം പേജിൽ വ്യാജ വാർത്ത നൽകിയത‌്.









0 comments