സംസ്ഥാന സ‌്കൂൾ കലോത്സവം: സംഘാടകസമിതി രൂപീകരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2018, 08:22 PM | 0 min read


സ്വന്തം ലേഖകൻ
ആലപ്പുഴ
ആലപ്പുഴയിൽ നടത്തുന്ന 59–-ാമത‌് സംസ്ഥാന സ‌്കൂൾ കലോത്സവത്തിന‌് സംഘാടകസമിതി രൂപീകരിച്ചു. ആലപ്പുഴ ഗവ. മോഡൽ ഗേൾസ‌് എച്ച‌്എസ‌്എസിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ‌് ഉദ‌്ഘാടനം ചെയ‌്തു. ലളിതവും എന്നാൽ അതിഗംഭീരവുമായി കലോത്സവം നടത്താൻ സാധിക്കണമെന്ന‌് മന്ത്രി പറഞ്ഞു. മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാടിന‌് ആദരമായാണ‌് ആലപ്പുഴയിൽ കലോത്സവം നടത്താൻ സർക്കാർ തീരുമാനിച്ചത‌്. കുട്ടികളുടെ സർഗശേഷി പ്രകടനത്തിന് ഒരു കോട്ടവും തട്ടാത്ത വിധത്തിലുള്ള കലോത്സവമാണ് ആലപ്പുഴയിൽ നടക്കുകയെന്നും മന്ത്രി പറഞ്ഞു. ഡിസംബർ ഏഴ‌ുമുതൽ ഒമ്പത‌ുവരെയാണ‌് കലോത്സവം. 14, 000 കലാകാരികളും കലാകാരന്മാരും കലയുടെ ഉത്സവത്തിൽ മാറ്റുരയ‌്ക്കും.  29 വേദികളിലായി 158 മത്സര ഇനങ്ങളാണ് ഉണ്ടാവുക. ഗവ. മോഡൽ ഗേൾസ‌് എച്ച‌്എസ‌്എസ‌് പ്രധാന വേദിയാകും.  ആർഭാടവും അനാവശ്യചെലവുകളും ഒഴിവാക്കിയാണ‌് കലോത്സവം.

മൂന്നാംപാദ അധ്യയനവർഷത്തിൽ ക്ലാസുകൾ നഷ‌്ടപ്പെടുന്നത‌് ഒഴിവാക്കാനാണ‌് ഡിസംബറിൽത്തന്നെ മേള സംഘടിപ്പിക്കാൻ തീരുമാനിച്ചത‌്. കലോത്സവദിനങ്ങൾ വെട്ടിക്കുറച്ചതോടെ സ‌്റ്റേജിതര മത്സരങ്ങൾ വേർപെടുത്തിയിരുന്നു. ഇതനുസരിച്ച‌് രചനാമത്സരങ്ങൾ കഴിഞ്ഞ വ്യാഴാഴ‌്ച ജില്ലകളിൽ പൂർത്തിയായി. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിന‌് സംഘാടകസമിതികളിൽ വിവിധ കമ്മിറ്റികളുടെ എണ്ണം ഇത്തവണ 12 ആയി കുറച്ചു.  ഉദ‌്ഘാടന, സമാപന ചടങ്ങുകൾ ഒഴിവാക്കുന്നതിനൊപ്പം രാത്രിമത്സരങ്ങളും ഒഴിവാക്കി. ഓവറോൾ കിരീടമായ സ്വർണക്കപ്പ‌് നൽകുന്നതിനു പകരം ഗ്രേസ‌് മാർക്കും സർട്ടിഫിക്കറ്റും നൽകും.

ഗവർണർ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് എന്നിവർ മുഖ്യ രക്ഷാധികാരികളും എംപിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ എ എം ആരിഫ്, ആർ രാജേഷ്, തോമസ് ചാണ്ടി, യു പ്രതിഭ, സജി ചെറിയാൻ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ എന്നിവർ രക്ഷാധികാരികളുമാണ്. സംഘാടക സമിതിയുടെ ചെയർമാൻ മന്ത്രി ജി സുധാകരനും ധനമന്ത്രി ടി എം തോമസ് ഐസക്, ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമൻ എന്നിവർ വൈസ് ചെയർമാൻമാരുമായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ വർക്കിങ് ചെയർമാനും നഗരസഭാ ചെയർമാൻ തോമസ് ജോസഫ് വൈസ് വർക്കിങ് ചെയർമാനുമാണ്. ജില്ലയിലെ ജനപ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ സംഘടാകസമിതിയാണ് രൂപീകരിച്ചിട്ടുള്ളത്.

എ എം ആരിഫ് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ ആർ രാജേഷ് എംഎൽഎ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, കലക്ടർ എസ് സുഹാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർമാരായ ജിമ്മി കെ ജോസ്, വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ കുമാർ തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന സ‌്കൂൾ കലോത്സവം ലോഗോ പ്രകാശനംചെയ‌്തു
ആലപ്പുഴ
ഡിസംബർ ഏഴുമുതൽ ഒമ്പതുവരെ ആലപ്പുഴയിൽ നടക്കുന്ന 59–-ാമത‌് സംസ്ഥാന സ‌്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനംചെയ‌്തു. ആലപ്പുഴ ഗവ. മോഡൽ ഗേൾസ‌് എച്ച‌്എസ‌്എസ‌് സ‌്കൂളിൽ നടന്ന സംഘാടകസമിതി രൂപീകരണയോഗത്തിൽ  മന്ത്രി സി രവീന്ദ്രനാഥ്  ലോഗോ ആർ രാജേഷ‌് എംഎൽഎയ‌്ക്ക‌് നൽകിയാണ‌്  പ്രകാശനം ചെയ‌്തത‌്. കോഴിക്കോട് ഉള്ള്യേരി പലോറ എച്ച്എസ്എസിലെ ചിത്രകലാ അധ്യാപകൻ പി സതീഷ‌്കുമാറാണ‌് ലോഗോ തയ്യാറാക്കിയത‌്.



deshabhimani section

Related News

View More
0 comments
Sort by

Home