എൻജിനിയറിങ് കോളേജുകളിൽ പിഎസ്‌സി ഓൺലൈൻ പരീക്ഷ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2018, 08:03 PM | 0 min read


കൊച്ചി
സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകൾ സെന്ററുകളാക്കി പിഎസ്‌സി നടത്തുന്ന ഓൺലൈൻ പരീക്ഷകൾക്ക് ജനുവരിയിൽ തുടക്കമാകും. ജനുവരി അവസാനവാരത്തിൽ നടത്തുന്ന ഡിപ്പാർട്ടുമെന്റുതല ഓൺലൈൻ പരീക്ഷയ്ക്കാണ് എൻജിനിയറിങ് കോളേജുകൾ ആദ്യമായി ഓണ്‍ലൈൻ പരീക്ഷാകേന്ദ്രങ്ങളാകുന്നത്.  തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലുള്ള പിഎസ്‌സിയുടെ ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങളടക്കം 32 കേന്ദ്രങ്ങളിൽ ഈ പരീക്ഷ നടക്കും.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ റീജണുകളിലായി 12,000 ഉദ്യോഗാർഥികളാണ് ഡിപ്പാർട്ടുമെന്റുതല പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്. പരീക്ഷയിൽ പാളിച്ചകൾ സംഭവിച്ചാൽ പുനഃപരീക്ഷ ഡിപ്പാർട്ടുമെന്റുതലത്തിൽ എളുപ്പത്തിൽ നടത്താനാകുമെന്നതിനാലാണ് പിഎസ‌്‌സികേന്ദ്രത്തിനുപുറത്ത് നടക്കുന്ന ആദ്യ ഓൺലൈൻ പരീക്ഷയ്ക്കായി പിഎസ്‌സി ഡിപ്പാർട്ടുമെന്റുതല പരീക്ഷയെ തെരഞ്ഞെടുത്തത്. ഇത് വിജയിച്ചാൽ പൊതുപരീക്ഷകൾ ഓൺലൈനായി നടത്താനാണ് തീരുമാനം.

കോളേജുകളുടെ സഹായത്തോടെ നടത്തുന്ന പരീക്ഷയാണെങ്കിലും വിശ്വാസ്യതയിൽ സംശയിക്കേണ്ടതില്ലെന്ന് പിഎസ്‌സി ചെയർമാൻ  അഡ്വ. എം കെ സക്കീർ പറഞ്ഞു. കോളേജുകളിലെ കംപ്യൂട്ടർലാബ് സൗകര്യം ഉപയോഗിക്കുകയാണ് പിഎസ്‌സി  ചെയ്യുന്നത്.

ചോർത്താൻ കഴിയാത്തവിധത്തിലുള്ള സജ്ജീകരണങ്ങളോടെയാണ് ചോദ്യപേപ്പർ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ, എയ്ഡഡ് എൻജിനിയറിങ് കോളേജുകൾ ഓൺലൈൻ പരീക്ഷകൾക്ക് സെന്ററുകളാകുന്നതോടെ ഒരേസമയം 20,000 ഉദ്യോഗാർഥികൾക്ക് ഓൺലൈനായി പരീക്ഷയെഴുതാനാകും. ഇനിവരുന്ന പൊതുപരീക്ഷകളിൽ അപേക്ഷകരുടെ എണ്ണം പിഎസ്‌സി ഒരുക്കിയിരിക്കുന്ന സീറ്റുകൾക്കുള്ളിൽ ഒതുങ്ങുന്നതാണെങ്കിൽ അത്തരം പരീക്ഷകളെല്ലാം ഓൺലൈനായി നടത്തും. ഇതുവഴി പിഎസ്‌സിയുടെ 40 ശതമാനം പരീക്ഷകളും ഓൺലൈനായി നടത്താനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ പിഎസ്‌സി പരീക്ഷാനടത്തിപ്പും മൂല്യനിർണയവും അതിവേഗം നടക്കും.

ഒരുവർഷം ഒരു കോടി 38 ലക്ഷം പേർ പിഎസ്‌സി പരീക്ഷയെഴുതുന്നുണ്ട്. വർഷം ഏകദേശം 35,000 മുതൽ 40,000 നിയമനം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എളുപ്പത്തിലുള്ള മൂല്യനിർണയത്തിനും ചെലവ് ചുരുക്കലിനും സാങ്കേതികവിദ്യയുടെ സഹായം പ്രയോജനപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.

ഇതിനുമുന്നോടിയായി എൻജിനിയറിങ് വിദ്യാർഥികളെ മുൻനിർത്തി ജനുവരി 19ന് ഓൺലൈൻപരീക്ഷയുടെ പരീക്ഷണാത്മകപരീക്ഷ നടത്തും. പൊതുവിജ്ഞാനം, ഗണിതശാസ്ത്രം, അഭിരുചി, എൻജിനിയറിങ് എന്നിവയെ അടിസ്ഥാനമാക്കി 100 മാർക്കിലാണ് പരീക്ഷ നടത്തുന്നത്. 6000 മുതൽ 7000 പേർവരെ പരീക്ഷയെഴുതുന്ന ഇതിന്റെ മൂല്യനിർണയം പത്തുദിവസത്തിനുള്ളിൽ നടത്തും. തുടർന്ന് കോളേജിൽനിന്ന് ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്കും സംസ്ഥാനതലത്തിൽ ഉയർന്ന മാർക്ക് നേടിയവർക്കും പിഎസ‌്‌സി സമ്മാനം നൽകും. തുടർന്നായിരിക്കും ഡിപ്പാർട്ടുമെന്റുതല പിഎസ്‌സി പരീക്ഷ ഓൺലൈനായി നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home