മുഴുവൻ ഹയർ സെക്കൻഡറി അധ്യാപകർക്കും പരിവർത്തന പരിശീലനം: മന്ത്രി രവീന്ദ്രനാഥ‌്

തിരുവനന്തപുരം
ഓരോ കുട്ടിയുടെയും വ്യത്യസ്തമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാൻ അധ്യാപകന് കഴിയണമെന്ന‌് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ‌് പറഞ്ഞു. സാമ്പ്രദായിക രീതികൾക്കപ്പുറം പോയി കുട്ടികളുടെ ചിന്തകൾക്ക‌് ചിറക‌് നൽകാൻ അധ്യാപകർക്കാകണം. കൈകാര്യംചെയ്യുന്ന വിഷയത്തിനുമപ്പുറമുള്ള ആഴവും പരപ്പുമുള്ള വായന ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമെൻസ് കോളേജിൽ ആരംഭിച്ച ഹയർ സെക്കൻഡറി അധ്യാപക പരിവർത്തനപരിപാടി ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. വിദ്യാഭ്യാസ സങ്കൽപ്പങ്ങൾക്ക് പൂരകമായ ആധുനിക പരിശീലനപരിപാടിയാണ് ഒരുക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻഡറി അധ്യാപകർക്കും പരിവർത്തനപരിശീലനം നൽകാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
ഉദ‌്ഘാടനശേഷം മന്ത്രി കെമിസ്ട്രി അധ്യാപകർക്ക‌് മോളിക്യുലർ മെഷീനെക്കുറിച്ചും തൻമാത്ര ടയറുകളെക്കുറിച്ചും ക്ലാസെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ അധ്യക്ഷനായി. കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ഹരിത വി കുമാർ, ഹയർ സെക്കൻഡറി ഡയറക്ടർ പി കെ സുധീർബാബു, എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ്, ജോ. ഡയറക്ടർ ഡോ. പി പി പ്രകാശൻ, ഡെപ്യൂട്ടി ഡയറക്ടർമാരായ എ നൗഷാദ്, നാരായണി, ഡോ. സതീഷ്, വിമെൻസ് കോളേജ് പ്രിൻസിപ്പൽ ജി വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.









0 comments