അവര്‍ ചരിത്രമെഴുതുന്നു; 57 ഐടിഐ ട്രെയിനികള്‍ സിംഗപ്പൂരിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2018, 01:24 PM | 0 min read

തിരുവനന്തപുരം >  ഉന്നത പഠനത്തിന് എവിടെയും അഡ്മിഷന്‍ ലഭിക്കാത്തവര്‍ മാത്രം തിരഞ്ഞെടുത്തിരുന്ന പനമേഖലയെന്ന് അടുത്തകാലംവരെ അറിയപ്പെട്ടിരുന്ന ഐടിഐകളില്‍ നിന്ന് മികച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തിനായി സിംഗപ്പൂരിലേക്ക് പോകുകയാണ്. മികച്ചതെന്ന് പലരും ഏറ്റുപാടിയ പല വിദ്യാഭ്യാസമേഖലയിലേയും മിടുക്കന്‍മാരും മിടുക്കികളും അസൂയയോടെ നോക്കികാണുന്ന നേട്ടത്തിന് സംസ്ഥാനത്തെ 57 ഐ ടി ഐ ട്രെയിനികളാണ് അര്‍ഹരായിക്കുന്നത്.  ഈ മാസം 19 മുതല്‍ 23 വരെ സിംഗപ്പൂരില്‍ നടക്കുന്ന പരിശീലനപരിപാടിയില്‍ ഇവര്‍ പങ്കെടുക്കും.

വിദേശത്തെ മികച്ച  സ്ഥാപനങ്ങളില്‍ പരിശീലനം നേടുക, അവിടുത്തെ അന്താരാഷ്ട്രനിലവാരത്തിലുള്ള പഠന സാങ്കേതിക മികവുകളും അടിസ്ഥാനസൗകര്യ വികസനങ്ങളും സാധ്യതകളും കണ്ടു മനസ്സിലാക്കുക തുടങ്ങി ഇന്നോളം  ഐടി ഐ വിദ്യാര്‍ഥികളുടെ വിദൂര സ്വപ്നങ്ങളില്‍ പോലും കടന്നുവരാത്ത മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഇത്തവണ വഴിയൊരുക്കുന്നത്.

സര്‍ക്കാര്‍ ഐടിഐകളിലെ മികച്ച നിലവാരം പുലര്‍ത്തു ട്രെയിനികള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഉന്നതപരിശീലനത്തിന് അവസരമൊരുക്കുമെന്ന് സര്‍ക്കാരിന്റെ തൊഴില്‍നയത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്ന  ടെക്‌നിക്കല്‍ എക്‌സേഞ്ച് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ വിദ്യാര്‍ത്ഥികള്‍ നൈപുണ്യപരിശീലനത്തില്‍ ലോകത്ത് ഏറ്റവും മികച്ച രാജ്യമായ സിംഗപ്പൂരിലെത്തുക.

സംസ്ഥാനത്തെ ഐടിഐകളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി വിദേശരാജ്യങ്ങളിലെ പരിശീലനപദ്ധതികളെക്കുറിച്ച് മനസ്സിലാക്കുകയും അത് പ്രയോജനപ്പെടുത്തുകയും ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 

സിംഗപ്പൂര്‍ ഐടി ഇയുടെ പരിശീലന -കണ്‍സള്‍ട്ടന്‍സി വിഭാഗമായ  ഐടി ഇ എഡ്യൂക്കേഷന്‍ സര്‍വീസുമായി കൂടിച്ചേര്‍ന്നാണ് കുട്ടികള്‍ക്ക് സിംഗപ്പൂരിലെ മികച്ച ഐ ടി ഇകളില്‍ പരിശീലനം നല്‍കുന്നത്.  അന്താരാഷ്ട്ര നിലവാരത്തിലുള്ള സിംഗപ്പൂര്‍ ഐടി ഇകളുടെ അടിസ്ഥാനസൗകര്യമികവുകളും പാഠ്യരീതികളും കണ്ടു മനസ്സിലാക്കുന്നതിനുള്ള അവസരത്തിനൊപ്പം സംരംഭകത്വ മികവിനും വ്യക്തിത്വ വികസനത്തിനും ഊന്നല്‍ നല്‍കി  5ദിവസം നീളുന്ന പരിശീലനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

സിംഗപ്പൂര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ 1992 ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്റെ മൂന്ന് മികച്ച് ഐ ടി ഇ കോളേജുകളാണ് ഇവിടെയുള്ളത്. ഈ കോളെജുകളില്‍ താമസിച്ച് പരിശീലനത്തില്‍ പങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. നൈപുണ്യ വികസനമേഖലയില്‍ ഐ ടി ഇ ഇ എസ്് അന്താരാഷ്ട്രതലത്തില്‍  ഏതാണ്ട് 27 രാജ്യങ്ങളിലെ ആഗോള സ്ഥാപനങ്ങളുമായി  യോജിച്ചു പ്രവര്‍ത്തിക്കുകകയും ആഗോളതലത്തില്‍ ഈ മേഖലയില്‍ വന്‍ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നുണ്ട. വിദ്യാര്‍ത്ഥികള്‍ക്ക് ഐ ടി ഇ ഇസ് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.

ഇന്ത്യാസ്‌കില്‍സ് കേരള 2018ല്‍ പങ്കെടുത്ത സംസ്ഥാന, മേഖല, ജില്ലാതലങ്ങളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയാണ് ഇത്തവണ പരിപാടിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ആദ്യബാച്ചായി 57 വിദ്യാര്‍ത്ഥികളും 2 അദ്ധ്യാപകരുമടങ്ങുന്ന സംഘമാണ് സിംഗപ്പൂര്‍ സന്ദര്‍ശിക്കുക. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും കൂടുതല്‍ വിദേശ  രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ പത്ത് ഐ ടി ഐകള്‍ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലെ ഐ ടി ഇ കള്‍ സന്ദര്‍ശിച്ച ശേഷം തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനാണ്  മികവിന്റെ ഇത്തരം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആഗോള തൊഴില്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാവുവിധം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അവസരം ഒരുക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടത്. ഇതിന്റെ ഭാഗമായി നടന്ന ശ്രമങ്ങളാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. 

കഴിഞ്ഞ രണ്ടുവര്‍ഷത്തിനടയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഐ ടി ഐ വിദ്യാഭ്യസമേഖലയില്‍ നടന്നത്. സര്‍ക്കാര്‍ ഐ ടി ഐ കളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ അപകട ഇന്‍ഷുറന്‍സ്, സൗജന്യ ഭക്ഷണം തുടങ്ങിയവ അവയില്‍ ചിലതു മാത്രം. സംസ്ഥാനത്തെ ധനുവച്ചപുരം, ചന്ദനത്തോപ്പ്,ചെങ്ങന്നൂര്‍, കട്ടപ്പന, ഏറ്റുമാനുര്‍, ചാലക്കുടി, മലമ്പുഴ, കൊയിലാണ്ടി, കണ്ണൂര്‍,കയ്യൂര്‍ തുടങ്ങിയ ഐ ടി ഐകള്‍ അന്താരാഷ്ട നിലവാരത്തിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. അടിസ്ഥാന സൗകര്യവികസനത്തില്‍ മാത്രമല്ല പാഠ്യരപാഠ്യേതര രീതികളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദ്ണ്ഡങ്ങള്‍ പാലിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ തൊഴില്‍ നൈപുണ്യവും അക്കാദമിക് മികവും ഒരു പോലെ കൈവശമുള്ള കേരളത്തിലെ ഐ ടി ഐ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകള്‍ വിദേശ തൊഴില്‍ സാധ്യതകളുള്‍പ്പെടെ പതിന്മമടങ്ങ് വര്‍ധിക്കാനാണ് സാധ്യത.



deshabhimani section

Related News

View More
0 comments
Sort by

Home