ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുമായി ‘വി ദി പീപ്പിൾ’; ഒത്തുചേരൽ നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2018, 04:10 AM | 0 min read

തിരുവനന്തപുരം > ജാതി, മത, വർഗീയ ചിന്തകൾ ഉയർത്തി സമൂഹത്തെ പിന്നോട്ട‌് വലിക്കുന്ന സങ്കുചിത ചിന്താഗതികൾക്കെതിരെ ഭരണഘടനാ വിശ്വാസികൾ ഒത്തുചേരുന്നു. ശബരിമലയിൽ സ്‌ത്രീകൾക്ക്‌ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ

ഒരു വിഭാഗം നടത്തുന്ന പ്രതിഷേധത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഭരണഘടനയുടെ പേരിലെ ഒത്തുചേരൽ.

ചൊവ്വാഴ്ച രാവിലെ സെൻട്രൽ സ‌്റ്റേഡിയത്തിൽ ആയിരത്തിൽപ്പരം ആളുകൾ ഒത്തുചേർന്ന‌് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലുമെന്ന‌് ‘വി ദി പീപ്പിൾ’ കൂട്ടായ്മയെ പ്രതിനിധാനംചെയ‌്ത‌് സാമൂഹ്യപ്രവർത്തകൻ മൈത്രേയൻ പറഞ്ഞു. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുടെ മറവിൽ ആചാരങ്ങളെ നിയമസംവിധാനത്തിന‌് മുകളിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള ഭരണഘടനാ വിശ്വാസികളുടെ ഒത്തുചേരലാണ‌് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 10.30ന‌് ഊരാളി ബാൻഡിന്റെ സംഗീത പരിപാടിയോടെ ഒത്തുചേരലിന‌് തുടക്കമാകും. കലാ, സാമൂഹ്യ, സംഗീത, സാംസ്കാരിക, മാധ്യമരംഗത്തെ പ്രമുഖരടക്കം പങ്കെടുക്കും. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും മജന്ത നിറമുള്ള ബലൂണുകൾ ഉയർത്തുകയും ചെയ്യും. ദിവസം മുഴുവൻ നീളുന്ന ഒത്തുചേരലിൽ വിവിധ ബാൻഡുകളും സംഗീതജ്ഞരും പരിപാടികൾ അവതരിപ്പിക്കും. 

പരിപാടിക്ക‌് മുന്നോടിയായി സെക്രട്ടറിയറ്റിന‌് മുന്നിൽ തയ്യാറാക്കിയ പന്തലിൽ ദിവസേന നിരവധി ആളുകൾ എത്തിച്ചേരുന്നു. ‘ചരിത്രത്തിലില്ലാത്ത ചിത്രങ്ങ’ളിലൂടെ സംസ്ഥാനത്തിന്റെ നവോത്ഥാന ചരിത്രം വിവരിക്കുന്ന ടി മുരളിയുടെ ചിത്രപ്രദർശനവും മാറുമറയ്ക്കൽ സമരത്തെ പുനരാവിഷ്കരിക്കുന്ന ശിൽപ്പസമുച്ചയവും ഒരുക്കിയിട്ടുണ്ട‌്. ഫൈൻ ആർട‌്സ‌് കോളേജ്‌ വിദ്യാർഥികളുടെ തൽസമയ രേഖാചിത്രരചനയും അനേകരെ ആകർഷിക്കുന്നു. 

പരിപാടിയുടെ പ്രചരണഗാനം (വീഡിയോ): 



deshabhimani section

Related News

View More
0 comments
Sort by

Home