വായ‌്പ തിരിച്ചടയ‌്ക്കാത്തവരിൽ മുൻ എംഡിയും ലീഗ് നേതാക്കളും ; ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ തട്ടിപ്പ‌്

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽനിന്ന‌് ലക്ഷങ്ങൾ വായ‌്പയെടുത്ത‌് തിരിച്ചടയ‌്ക്കാത്തവരിൽ മുൻ മാനേജിങ് ഡയറക്ടർ ഉൾപ്പെടെയുള്ള മുസ്ലിംലീഗ് നേതാക്കളുടെ നീണ്ട നിര. കോർപറേഷൻ നിലവിൽ വന്ന 2013 മുതൽ 2016 വരെ മാനേജിങ് ഡയറക്ടറും മുസ്ലിംലീഗ് നേതാവുമായ മുഹമ്മദ് ഹനീഫ പെരിഞ്ചീരി ഉൾപ്പെടെയാണ് ലക്ഷങ്ങളുടെ വായ‌്പ നിയമവിരുദ്ധമായി സ്വന്തം സ്ഥാപനത്തിൽനിന്ന‌് എടുത്ത‌് തിരിച്ചടവിൽ വീഴ‌്ചവരുത്തിയത‌്.
മുഹമ്മദ് ഹനീഫ അഞ്ച് ലക്ഷം രൂപ വായ‌്പയെടുത്തതിൽ 14 തവണകളുടെ തിരിച്ചടവാണ‌് മുടക്കിയത‌്. മലപ്പുറം മക്കരപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ഇയാൾ മുൻ മന്ത്രിയും ലീഗ‌് നേതാവുമായ മഞ്ഞളാംകുഴി അലിയുടെ ബന്ധുകൂടിയാണ‌്. മന്ത്രിയായിരിക്കെ മഞ്ഞളാംകുഴി അലിയുടെ അഡീഷണൽ പിഎയും ഇപ്പോൾ കോട്ടക്കൽ നഗരസഭയിൽ മുസ്ലിംലീഗിന്റെ വിദ്യാഭ്യാസ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാനുമായ സാജിദ് മാങ്ങാട്ടിൽ ആണ് വായ്പയെടുത്ത് തിരിച്ചടയ‌്ക്കാത്ത മറ്റൊരു ലീഗ് നേതാവ്. ബിസിനസ് ഡെവലപ്മെന്റ് വായ‌്പയായി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയ സാജിദ് ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല.
തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി അബ്ദുൽ ജലീൽ സ്വയംതൊഴിൽ വായ്പയായി മൂന്ന് ലക്ഷം രൂപ കോർപറേഷനിൽനിന്ന് കൈപ്പറ്റിയിട്ടുണ്ടെങ്കിലും 25 തവണ തിരിച്ചടവ് മുടങ്ങി. നിലമ്പൂർ നഗരസഭാ മുസ്ലിംലീഗ് കൗൺസിലർ മുജീബ് ദേവശ്ശേരിയുടെ ഭാര്യ സ്വയംതൊഴിൽ വായ്പയായി അഞ്ച് ലക്ഷം കൈപ്പറ്റിയിട്ടുണ്ടെങ്കിലും തിരിച്ചടവ് 27 തവണ മുടങ്ങി.
കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറി സിജിത്ത് ഖാൻ സ്വയംതൊഴിൽ വായ്പയായി 2.75 ലക്ഷം രൂപ വാങ്ങിയതിൽ 28 തവണയും തിരിച്ചടവ് മുടങ്ങിയിട്ടുണ്ട്. പ്രവാസി ലീഗ് നേതാവ് കൊടുവള്ളി സ്വദേശി പാണരക്കണ്ടി ഷംസുദ്ദീൻ പ്രവാസി വായ‌്പയായി അഞ്ച് ലക്ഷം രൂപയാണ് കോർപറേഷനിൽനിന്ന‌് എടുത്തത്. 30 തവണയായി തിരിച്ചടവ് തെറ്റിച്ചു.
മലപ്പുറം വെട്ടം പഞ്ചായത്തിലെ മുസ്ലിംലീഗ് ഭാരവാഹി സി കെ ഹുസൈൻ സ്വയംതൊഴിൽ വായ്പയായി രണ്ട് ലക്ഷം രൂപ വാങ്ങി 38 തവണയും തിരിച്ചടവ് തെറ്റിച്ചു. പാലക്കാട് കോട്ടപ്പുറത്തെ ലീഗ് പ്രാദേശികനേതാവ് കെ ഉമ്മർ സ്വയംതൊഴിൽ വായ്പയായി ന്യുനപക്ഷ വികസന ധനകാര്യ കോർപറേഷനിൽനിന്ന‌് മൂന്ന് ലക്ഷം രൂപ വാങ്ങിയതിൽ 30 തവണയും തിരിച്ചടവ് തെറ്റിച്ചിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്ന് വായ്പയെടുത്തവരുടെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത്രയും ലീഗ് നേതാക്കളുടെ വിവരം പുറത്തുവന്നത്. മുൻകാല വായ‌്പകളുടെയും കുടിശ്ശികക്കാരുടെയും വിശദാംശങ്ങൾ പരിശോധിച്ചു തുടങ്ങിയപ്പോഴാണ‌് ഒരുവർഷത്തെ ഡെപ്യൂട്ടേഷനിൽ ജനറൽ മാനേജരായി എത്തിയ ബാങ്ക‌് ഉദ്യോഗസ്ഥനെതിരെ മന്ത്രിബന്ധുവെന്ന ആരോപണമുയർത്തി പുറത്താക്കൽ പ്രതിഷേധവുമായി ലീഗും യുഡിഎഫും രംഗത്തെത്തിയത‌്. മറ്റു ജില്ലകളിൽനിന്ന് വായ്പയെടുത്തവരുടെ വിവരങ്ങൾ കോർപറേഷൻ പരിശോധിച്ചുവരികയാണ‌്.
ബിനാമി പേരിലും ചില ലീഗ‌് നേതാക്കളും കോർപറേഷനിലെ ചില ഉന്നതരും യുഡിഎഫ‌് കാലത്ത‌് വായ‌്പ എടുത്തിട്ടുണ്ട‌്. ഇതിലും ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല.









0 comments