കെഎസ‌്ആർടിസി യാത്രക്ക‌് എടിഎം കാർഡ‌്

മലപ്പുറം
എടിഎം കാർഡുവഴി കെഎസ‌്ആർടിസി ബസിൽ യാത്രക്കാർക്ക‌് ടിക്കറ്റെടുക്കാനും പണം മുൻകൂർ അടച്ച‌് സ‌്മാർട്ട‌് സീസൺ കാർഡ‌് സ്വന്തമാക്കാനും കഴിയുന്ന ന്യൂജെൻ ഇലക‌്ട്രോണിക‌്സ‌് ടിക്കറ്റ‌് മെഷീൻ മലപ്പുറത്തും. സംസ്ഥാനത്താകെ ഡെബിറ്റ‌്, ക്രെഡിറ്റ‌് കാർഡുകളുപയോഗിച്ച‌് ടിക്കറ്റെടുക്കാൻ കഴിയുന്ന ഏഴായിരത്തോളം ഇലക‌്ട്രോണിക‌്സ‌് ടിക്കറ്റ‌് മെഷീനുകളാണ‌് കെഎസ‌്ആർടിസി വാങ്ങുന്നത‌്.
പുതിയ മെഷീനുകളുടെ പരീക്ഷണം ബുധനാഴ‌്ച തിരുവനന്തപുരത്ത‌് കെഎസ‌്ആർടിസി സർവീസുകളിൽ നടത്തി വിജയമാണെന്ന‌് ബോധ്യപ്പെട്ടശേഷമാകും തുടർ നടപടി.
ഡെബിറ്റ‌്, ക്രെഡിറ്റ‌് കാർഡുകളുപയോഗിച്ച‌് ടിക്കറ്റെടുക്കുന്നതിനുപുറമെ വിവിധ വാലറ്റുകൾ, ക്യുആർ കോഡ‌് എന്നിവ ഉപയോഗിക്കാനും മെഷീനിൽ സൗകര്യമുണ്ടാകും.
മലപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ, പൊന്നാനി ഡിപ്പോകളിലായി നാനൂറോളം സർവീസുകളാണ‌് നിത്യേനയുള്ളത‌്. ഓരോ ഡിപ്പോകളിൽനിന്നും ഒന്നിലധികം ദീർഘദൂര, അന്തർ സംസ്ഥാന സർവീസുകളും മുടക്കമില്ലാതെ നടക്കുന്നുണ്ട‌്. ജില്ലയിലാകെ നാനൂറോളം കണ്ടക്ടർമാരും ഡ്രൈവർമാരും കെഎസ‌്ആർടിസിയിലുണ്ട‌്. നിലവിൽ ഇലക‌്ട്രോണിക‌്സ‌് ടിക്കറ്റ‌് മെഷീൻ വഴിയാണ‌് ടിക്കറ്റ‌് നൽകുന്നതെങ്കിലും ചില്ലറക്ഷാമം ജീവനക്കാരുടെ സമയം കവരുന്നുണ്ട‌്. പുതിയ മെഷീനുകൾ വിതരണംചെയ്യുന്നതോടെ ചില്ലറ–-സമയനഷ്ട പ്രശ‌്നങ്ങൾക്കെല്ലാം പരിഹാരമാകും. ഭാവിയിൽ ദീർഘദൂര സർവീസുകളിലെ ജീവനക്കാരുടെ എണ്ണം കുറയ‌്ക്കാനും വഴിയൊരുങ്ങും.
പുതിയ ടിക്കറ്റ‌് മെഷീനിൽ നിലവിലെ രീതിയിൽ പണം വാങ്ങി ടിക്കറ്റ‌് നൽകുന്നതോടൊപ്പം കെഎസ‌്ആർടിസിയുടെ സ‌്മാർട്ട‌് ടിക്കറ്റ‌്, വിവിധ കാർഡുകൾ തുടങ്ങിയവ സ്വൈപ‌് ചെയ‌്തായിരിക്കും ഉപയോഗം.









0 comments