കൂടുതൽ വനിതകൾ വക്കീലാകുന്നത‌് ഗുണകരം: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2018, 06:44 PM | 0 min read

കൊച്ചി
പെൺകുട്ടികൾ നിയമം പഠിക്കുന്നതുകൊണ്ട‌് സ്വന്തമായ അവകാശങ്ങൾമാത്രമല്ല മനസ്സിലാക്കുന്നതെന്നും അവർ മറ്റുള്ളവരുടെ അവകാശങ്ങളെക്കുറിച്ച‌ുകൂടി ബോധവതികളാകുമെന്ന‌ും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കളമശേരിയിൽ നാഷണൽ യൂണിവേഴ‌്സിറ്റി ഓഫ‌് അഡ്വാൻസ‌്ഡ‌് ലീഗൽ സ‌്റ്റഡീസിൽ പെൺകുട്ടികളുടെ ഹോസ‌്റ്റൽ അനക‌്സിന‌് തറക്കല്ലിട്ട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ വനിതകൾ അഭിഭാഷകരായി വരുന്നത‌് ലിംഗസമത്വനിയമം വ്യാഖ്യാനിക്കുന്നതിന‌് കൂടുതൽ ഗുണകരമാകും. 

ഡിജിറ്റൽ ടെക‌്നോളജിപോലെയുള്ള ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിയമവിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ ന്യൂവാൽസ‌് പോലെയുള്ള സ്ഥാപനങ്ങൾക്ക‌് കഴിയും‌. സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും കുട്ടികൾ ഇവിടെ എത്തുന്നതിനാൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരുന്നതിനോടൊപ്പം അവരിൽ സാംസ‌്കാരിക ഉന്നതി ഉണ്ടാകുകയുംചെയ്യും. അവർ യഥാർഥ ഇന്ത്യക്കാരാകാനും പരസ‌്പരം ബഹുമാനിക്കാനും പഠിക്കും.  ഇതുപോലെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന‌് പഠിച്ചിറങ്ങുന്നവർ കോർപറേറ്റുകളുടെ പണിയാളുകളാകാതെ സാധാരണ ജനങ്ങൾക്ക‌ുവേണ്ടി നിയമം വ്യാഖ്യാനിക്കുന്നതിലും നിയമനിർമാണപ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച മുതിർന്ന അഭിഭാഷകൻ എം കെ ദാമോദരന്റെ പേരിൽ ഒരു സെന്റർ തുടങ്ങാൻ ന്യൂവാൽസ‌് അധികൃതർ നേതൃത്വം നൽകിയാൽ സംസ്ഥാന സർക്കാർ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു‌.



deshabhimani section

Related News

View More
0 comments
Sort by

Home