നോട്ട്‌ നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ 85 ലക്ഷത്തിന്റെ നിരോധിത നോട്ടുമായി നാലംഗ സംഘം പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2018, 12:55 PM | 0 min read

പൂക്കോട്ടുംപാടം (മലപ്പുറം ) > നോട്ട്‌ നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ 85 ലക്ഷത്തിന്റെ നിരോധിത നോട്ടുമായി നാലംഗസംഘം പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിൽ. സംഘത്തിലെ മുഖ്യ കണ്ണികള്‍ വയനാട്, താമരശ്ശേരി, കൊടുവള്ളി സ്വദേശികളെന്നാണ്‌ സൂചന. അരീക്കോട് സ്വദേശികളായ കുനിയില്‍ കൊക്കഞ്ചേരി വീട്ടില്‍ മന്‍സൂര്‍ അലി(30), കുറ്റിളിയില്‍ മത്തങ്ങാപൊയില്‍ ദിപിന്‍(31), മുക്കം എരഞ്ഞിമാവ് സ്വദേശികളായ  തെഞ്ചീരിപറമ്പ് കോലോത്തുംതൊടിക റഫീഖ്(28), തെഞ്ചീരിപ്പറമ്പില്‍ അന്‍സാര്‍(29)എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

നിരോധിത ഇന്ത്യന്‍ രൂപകളുടെ വിപണനവും, വിതരണവും ജില്ലക്ക് അകത്തും പുറത്തും അനധികൃതമായി നടക്കുന്നതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാറിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈസ്‌പി എം പി മോഹനചന്ദ്രന്‍ അന്വേഷണം നടത്തിയിരുന്നു. ഇങ്ങനെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍  പൂക്കോട്ടുംപാടം എസ് ഐ  പി വിഷ്ണുവും, പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പൊലീസും, നടത്തിയ ഓപ്പറേഷനിലാണ് നാലംഗ സംഘം പൊലീസിന്റെ വലയിലായത്‌.

അമരമ്പലം, വണ്ടൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ അമരമ്പലം പാലത്തിനു സമീപത്തു നിന്നും പ്രതികള്‍ സഞ്ചരിക്കുന്ന കെഎല്‍ 57 സി 6487 നമ്പറിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍ പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച നിലയില്‍ നിരോധിച്ച നൂറെണ്ണം വീതമുള്ള 500 രൂപയുടെ 108 കെട്ടുകളും, 1000 രൂപയുടെ 30 കെട്ടുകളും കണ്ടെത്തുകയായിരുന്നു. ഒരു കോടിക്ക്‌ പകരമായി 32 ലക്ഷം രൂപ നല്‍കാമെന്ന നിലയിലാണ് ഇടപാട് നടത്തുന്നതെന്നും, വയനാട്, താമരശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് തുക കൈമാറിയതെന്നും പ്രതികള്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. കൂടാതെ മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് നിരോധിത കറന്‍സികളുടെയും, കുഴല്‍പ്പണത്തിന്റെയും ഇടപാടുകള്‍ നടത്തുന്ന സംഘത്തെകുറിച്ചും ഇവരിൽ നിന്ന്‌ പൊലീസിന് വിവരം ലഭിച്ചതായി പൂക്കോട്ടുംപാടം എസ്ഐ പി വിഷ്ണു പറഞ്ഞു.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി  എം പി മോഹനചന്ദ്രന്‍, എസ്ഐ പി വിഷ്ണു, ഷാഡോ പൊലീസ് ടീം അംഗങ്ങളായ എന്‍ ടി കൃഷ്ണകുമാര്‍, അഭിലാഷ് കൈപ്പിനി, സി പി മുരളി, റിയാസ് ചീനി, അന്‍സാര്‍, അനിറ്റ്, മനുമാത്യു, സുദേവ് എന്നിവരാണ് അനേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 



deshabhimani section

Related News

View More
0 comments
Sort by

Home