കാറും ടൂറിസ‌്റ്റ‌് ബസ്സും കൂട്ടിയിടിച്ച‌് യുവ വനിതാ ഡോക്ടർ മരിച്ചു

ആലപ്പുഴ/കോഴിക്കോട‌് > കാറും ടൂറിസ‌്റ്റ‌് ബസ്സും കൂട്ടിയിടിച്ച‌് കാറിൽ സഞ്ചരിച്ച യുവ വനിതാ ഡോക്ടർ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഡോക്ടർക്ക‌് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് വൈഎംസിഎ ക്രോസ‌്റോഡ‌് ‘ലക്ഷ‌്മി’യിൽ ഡോ. എസ‌് പ്രസന്നകുമാറിന്റെയും ഡോ. ശോഭ കുമാറിന്റെയും ഏക മകൾ ഡോ. പാർവതി (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് വെസ്റ്റ്ഹിൽ നാരങ്ങാലി തയ്യിൽ നിതിൻ ബാബുവിനാണ‌് പരിക്കേറ്റത‌്.
ഞായറാഴ‌്ച പുലർച്ചെ ഒന്നോടെ ആലപ്പുഴ–-ചങ്ങനാശേരി എസി റോഡിൽ പള്ളാത്തുരുത്തി പാലത്തിന‌് സമീപമായിരുന്നു അപകടം. പാർവതിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ‌്കാരം രാത്രി കോഴിക്കോട‌് മാവൂർ റോഡ‌് ശ‌്മശാനത്തിൽ നടത്തി. പരിക്കേറ്റ നിതിൻ ബാബുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക‌് മാറ്റി.
കോഴിക്കോട‌് മെഡിക്കൽകോളേജിൽ പിജി പ്രവേശനത്തിനുള്ള പരിശീലനത്തിലായിരുന്നു പാർവതി. സഹപാഠിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ സഹപാഠികൾക്കൊപ്പം തിരുവനന്തപുരത്തേക്ക‌് പോകുകയായിരുന്നു. നിതിനാണ‌് കാർ ഓടിച്ചത‌്. ടൂറിസ‌്റ്റ‌് ബസ‌് പുനലൂരിൽ നിന്ന‌് എറണാകുളത്തേക്ക‌് വരികയായിരുന്നു. ആലപ്പുഴ സൗത്ത‌് പൊലീസ‌് കേസെടുത്തു.
കൊച്ചി അമൃത ആശുപത്രിയിൽനിന്നാണ‌് പാർവതി എംബിബിഎസ‌് ബിരുദമെടുത്തത‌്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഹൗസ‌് സർജൻസി പൂർത്തിയാക്കി. തുടർന്ന‌് കോഴിക്കോട്ട‌് പിജിക്ക‌് ചേരാനുള്ള തയാറെടുപ്പിലായിരുന്നു. ചർമരോഗ വിദഗ‌്ധനായ അച്ഛൻ ഡോ. പ്രസന്നകുമാർ ഗവ. സർവീസിൽനിന്ന‌് വിരമിച്ചശേഷം പൊറ്റമ്മലിൽ ക്യൂട്ടീസ‌് ഹോസ‌്പിറ്റൽ നടത്തിവരികയാണ‌്. അമ്മ ശോഭ കോഴിക്കോട‌് ഡെന്റൽ കോളേജ‌് സീനിയർ പ്രൊഫസറാണ‌്.









0 comments