സാലറി ചലഞ്ച‌് : ലക്ഷ്യം മറികടക്കും; ഇതുവരെ 400 കോടി

നവകേരളനിർമിതിക്ക‌് സാലറി ചലഞ്ച‌് വഴി ഇതുവരെ സർക്കാരിന‌് ലഭിച്ചത‌് 400 കോടിരൂപ. ഒക്ടോബറിലെ ശമ്പളം പൂർണമായി നൽകിക്കഴിയുന്നതോടെ ഇത‌് 500 കോടി കടക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തുക കൂടി കൂട്ടിയാൽ 600 കോടിയിലേറെ വരും. രണ്ടുമാസത്തെ കണക്കാണിത‌്. ഇതോടെ സർക്കാർ സാലറി ചലഞ്ച‌് വഴി പ്രതീക്ഷിച്ച 1500 കോടിരൂപ പത്ത‌് മാസംകഴിയുമ്പോൾ മറികടക്കും.
രാജ്യത്ത‌് ആദ്യമായാണ‌് ഇത്രയും വലിയ തുക സർക്കാർ–-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഭാവനയായി ലഭിക്കുന്നത‌്. ചെറിയൊരു വിഭാഗം രാഷ്ട്രീയപ്രേരിതമായി നടത്തിയ പ്രചാരണങ്ങളും കോടതി വ്യവഹാരങ്ങളും മറികടന്നാണ‌് 60 ശതമാനത്തിലേറെ ജീവനക്കാർ നവകേരള നിർമിതിയുടെ ഭാഗമായത‌്.
ഒക്ടോബറിൽ 4,85,469 ജീവനക്കാരാണ‌് സെപ‌്തംബറിലെ ശമ്പളം മാറിയത‌്. ഇതിൽ 2,88,904 ജീവനക്കാർ സാലറി ചലഞ്ചിന്റെ ഭാഗമായി. 299.99 കോടിരൂപയാണ‌് ഇങ്ങനെ ലഭിച്ചത‌്.സാലറി ചലഞ്ചിന‌് ശേഷമുള്ള ആദ്യമാസ ശമ്പളമായതിനാൽ ചിലർ ഒന്നിച്ച‌് ശമ്പളം നൽകിയ കണക്കും ഇതിൽപ്പെടും. അതിനാൽ അടുത്ത മാസങ്ങളിൽ 200 കോടിരൂപയെങ്കിലും പ്രതിമാസം ലഭിക്കുമെന്നാണ‌് കണക്കുകൂട്ടൽ. ഒക്ടോബറിലെ ശമ്പളം പൂർണമായും മാറിക്കഴിയുമ്പോൾ നൂറുകോടികൂടി ലഭിക്കും. സ‌്പാർക്ക‌് വഴി ശമ്പളം മാറുന്നവരുടെ കണക്കാണിത‌്. സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, അധ്യാപകർ, കോടതി ജീവനക്കാർ തുടങ്ങിയവരാണ‌് സ‌്പാർക്ക‌് വഴി ശമ്പളം മാറുന്നത‌്. പൊതുമേഖലാ ജീവനക്കാർ സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളം നൽകുന്നത‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പ്രത്യേക അക്കൗണ്ടിലേക്കാണ‌്. മാസം നൂറുകോടി ഇങ്ങനെ ലഭിക്കുന്നു. ഇതുകൂടെ കൂട്ടുമ്പോൾ നിലവിൽ ലഭിച്ചത‌് 500 കോടിരൂപയാണ‌്. നിലവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വെള്ളിയാഴ‌്ചവരെ 2445.11 കോടിരൂപ ലഭിച്ചു.
സംസ്ഥാനത്ത‌് പ്രതിവർഷം 42,000 കോടിരൂപയാണ‌് ശമ്പളവും പെൻഷനുമായി നൽകുന്നത‌്. മാസം നൽകുന്നത‌് 35,00 കോടിരൂപ. ഇതിൽ 2000 കോടിയും ശമ്പളമാണ‌്. ഇതിന്റെ 60 ശതമാനമായ 1200 കോടിരൂപ സാലറി ചലഞ്ച‌് വഴി സ്വരൂപിക്കാനാണ‌് ലക്ഷ്യമിട്ടത‌്. എന്നാൽ, പത്ത‌്മാസംകഴിയുമ്പോൾ ഇത‌് 15,00 കോടിരൂപയെങ്കിലും ആകുമെന്നാണ‌് സർക്കാർ കണക്കുകൂട്ടൽ.
പ്രചാരണം ഏശിയില്ല; പുതിയ കഥകളുമായി മനോരമ
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട‌് നിസ്സഹായരായ ജനതയ‌്ക്ക‌് പുതുജീവിതം നൽകി കൈപിടിച്ചുയർത്താനുള്ള സർക്കാർ ശ്രമത്തിന‌് ജീവനക്കാർ കൈത്താങ്ങേകിയത‌് എല്ലാ ദുഷ്ടലാക്കും അതിജീവിച്ച‌്. പ്രതിപക്ഷ അനുകൂല സംഘടനകളുടെയും പ്രതിപക്ഷ നേതാവടക്കമുള്ളവരുടെയും നിരന്തര പ്രചാരണം, സുപ്രീംകോടതിവരെയുള്ള വ്യവഹാരം. ഒടുവിൽ മനോരമയടക്കമുള്ള ചില മാധ്യമങ്ങളുടെ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ... ഇതെല്ലാം ഒരു ഭാഗത്ത‌് നടക്കുമ്പോഴും ഭൂരിപക്ഷം ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും സർക്കാരിനൊപ്പം നിന്നു. സ‌്പാർക്ക‌് വഴി ശമ്പളം മാറുന്നവരിൽ 60 ശതമാനംപേർ സാലറി ചലഞ്ചിന്റെ ഭാഗമായി കഴിഞ്ഞു.
നേരത്തെ പല കാരണങ്ങളാൽ മാറിനിന്നവരിൽ പലരും ഈ ഉദ്യമത്തിന്റെ ഭാഗമാകുകയാണ‌്. ഇവർക്ക‌് അവസരം നൽകാൻ സ‌്പാർക്കിൽ ഓപ‌്ഷൻ വച്ചു. എന്നാൽ, ഇത‌് മറച്ചുവച്ച‌് നിലവിൽ സാലറി ചലഞ്ചിൽ പങ്കെടുത്തവർക്ക‌് അതിൽനിന്ന‌് മാറാൻ അവസരം നൽകിയെന്ന‌് മനോരമ പ്രചരിപ്പിച്ചു. സാലറി ചലഞ്ച‌് തുടങ്ങിയ ഓരോ ഘട്ടത്തിലും ഇതേ നിലപാടായിരുന്നു മനോരമയ‌്ക്ക‌്. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം പുതുതായിചേരാനും ഒഴിയാനും ഓപ‌്ഷൻ നൽകിയിരുന്നു. ഇതിൽ ഒഴിയാനുള്ള ഭാഗം എടുത്ത‌് മനോരമ മനോധർമത്തിനനുസരിച്ച‌് വാർത്ത പടക്കുകയായിരുന്നു.









0 comments