ശബരിമല ആക്രമണം: വിവിധ കേസുകളിലായി 3719 പേര്‍ അറസ്റ്റില്‍; അക്രമികളെ തിരിച്ചറിയുന്നതിന് വീഡിയോ ആല്‍ബം

കൊച്ചി > ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി വ്യാപക അക്രമം അഴിച്ചുവിട്ടവരെ അറസ്റ്റ് ചെയ്യുന്നത് തുടരുന്നു. വിവിധ കേസുകളിലായി ഇതുവരെ 3719 പേരെ അറസ്റ്റ് ചെയ്തു. മൊത്തം 440 കേസുകളാണ് വിവിധ ജില്ലകളിലായി രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളിലും അറസ്റ്റ് തുടരും.
ഭക്തരെയും പൊലീസിനെയും മാധ്യമ പ്രവര്‍ത്തകരെയും ആക്രമിച്ചവരെ തിരിച്ചറിയുന്നതിന് വേണ്ടി ആക്രമണങ്ങളുടെ വിശദമായ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ ആല്‍ബം അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ശബരിമലയില്‍ സ്ഥാപിച്ച ക്യാമറകളില്‍നിന്നുള്ള 3600 ദൃശ്യങ്ങളില്‍നിന്നാണ് ആല്‍ബം തയ്യാറാക്കിയത്. ചാനലുകള്‍ തത്സമയം പുറത്തുവിട്ട ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അക്രമികളില്‍ പലരും ഒളിവില്‍ പോയതിനാല്‍ ഇവരെ പിടികൂടാന്‍ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 44 പേരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
തുലാമാസപൂജാ കാലയളവില്‍ കഴിഞ്ഞ മാസം 17 മുതലാണ് ആര്‍എസ്എസും ബിജെപിയും ആസൂത്രിതമായി ആക്രമണം അഴിച്ചുവിട്ടത്.









0 comments