കേരളത്തെ പിന്നോട്ട് നടത്താൻ നീക്കം:- എം ടി വാസുദേവൻ നായർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2018, 07:39 PM | 0 min read

മലപ്പുറം>ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ സമരം കേരളത്തെ നൂറ്റാണ്ട് പിന്നോട്ട‌് നടത്താനുള്ള നീക്കമാണെന്ന് എം ടി വാസുദേവൻ നായർ പറഞ്ഞു. നവോത്ഥാനത്തിലൂടെ പുതിയ സംസ്കാരമഹിമ ആർജിച്ച കേരളത്തിന് അപമാനമായ കാര്യങ്ങളാണ‌് ഇപ്പോൾ നടക്കുന്നത്. നാടിന്റെ ഭാവി അഭിലഷിക്കുന്ന ഒരാളും ഇതിനെ പിന്തുണക്കില്ല.

വിധി നടപ്പാക്കാനുള്ള സർക്കാർ ശ്രമം പുരോഗമനപരമായ കാൽവയ്പാണ്. ശബരിമല വിഷയത്തിലും നവകേരള നിർമിതിയിലും സംസ്ഥാന സർക്കാർ കാട്ടുന്ന ജാഗ്രതയും ഇടപെടലും കേരളത്തെയും മലയാളിയെയും സ്നേഹിക്കുന്ന ആർക്കും എതിർക്കാനാവില്ലെന്നും - ‘ദേശാഭിമാനി’ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ എംടി പറഞ്ഞു. 

സ്ത്രീപ്രവേശം ആകാമെന്ന കോടതിവിധിക്കെതിരെ  സ്ത്രീകളെ സംഘടിപ്പിച്ചാണ് സമരം. ഇത് പിന്നോട്ടുപോകലാണ്. ‘ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാവാം, അതിൽ മൂളായ്ക സമ്മതം   രാജൻ’ എന്ന‌് ആശാൻ എഴുതിയതാണ് ഇവരെ ഓർമിപ്പിക്കാനുള്ളത്. പഴയ തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമ്പോൾ നമ്മളെ ചിലർ തിരിച്ചുനടത്തിക്കുകയാണ്. അങ്ങേയറ്റം അപകടമാണിത്. ഇവർ ചരിത്രം മനസ്സിലാക്കാത്തവരാണ്.

ഗുരുവായൂർ ക്ഷേത്രപ്രവേശ സത്യഗ്രഹത്തെയും ഒരു വിഭാഗം എതിർത്തിരുന്നു. ഗുരുവായൂരപ്പന്റെ തേജസ്സിന് കുറവുവരുമെന്നായിരുന്നു അക്കാലത്തെ പ്രചാരണം. എന്നാൽ, ആ തേജസ്സിന് ഒട്ടും കുറവുണ്ടായില്ലെന്ന് ദൈവവിശ്വാസികൾക്കറിയാം. തെറ്റുകൾ തെറ്റായി നിലനിർത്താമെന്ന് കരുതുന്നത് മൂഢത്തരമാണ്.

ഇപ്പോഴുണ്ടായതുപോലുള്ള പുരോഗമനപരമായ വിധി കോടതിയിൽനിന്ന് വരികയെന്നത്  നിയമവ്യവസ്ഥയിൽ അപൂർവമാണ്. അത് നടപ്പാക്കൽ സർക്കാർ ബാധ്യതയും. അതിനെ എങ്ങനെ തകരാറിലാക്കാമെന്ന ആലോചനയിലാണീ പ്രതിഷേധങ്ങൾ. സ്ത്രീയെ രണ്ടാംതരക്കാരാക്കി നിലനിർത്താൻ സ്ത്രീകളെത്തന്നെ കരുവാക്കി പ്രശ്നമുണ്ടാക്കുകയാണ്.  ഇന്നല്ലെങ്കിൽ നാളെ എല്ലാവർക്കും ശരിയായ വഴി അംഗീകരിക്കേണ്ടിവരും. ചെയ്തത് തെറ്റെന്ന് തോന്നുന്ന നാൾ വരും. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചപ്പോൾ ചൈതന്യം പോകുമെന്നായിരുന്നു ഒച്ചപ്പാട്. സ്ത്രീയോ ഏതെങ്കിലും ജാതിക്കാരനോ കടന്നുവന്നാൽ ഇല്ലാതാകുന്നതല്ല ദൈവീകശക്തി. അതവിടത്തന്നെയുണ്ടാകുമെന്നും എം ടി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home