ജനങ്ങളെ ഒപ്പംനിർത്തി അഴിമതിവിമുക്ത കേരളം സൃഷ്ടിക്കും: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2018, 09:02 PM | 0 min read

അഴിമതി നടന്നശേഷം അന്വേഷിക്കുന്നതിനുപകരം അഴിമതിക്ക് അവസരം നൽകാത്ത അവസ്ഥ കേരളത്തിൽ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴിമതി ആരുനടത്തിയാലും കർശന നിലപാടാണ‌് സ്വീകരിക്കുന്നത‌്. ഇതിനായി കൃത്യമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. വിജിലൻസ് ബോധവൽക്കരണ വാരാചരണത്തിന്റെയും സംസ്ഥാന ശിൽപ്പശാലയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്വൈരജീവിതത്തിനൊപ്പം ക്ഷേമജീവിതവും ഉറപ്പാക്കാനുള്ള ദൗത്യം ഏറ്റെടുക്കണം. പരാതി ഉണ്ടായാൽ കർശന നടപടി വേണം. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ വിജിലൻസ് ഇടപെടൽ ഉണ്ടായത് അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായാണ്. ആയിരത്തോളം റെയ്ഡുകൾ ഒരുവർഷത്തിനിടെ നടത്താനായത് പ്രവർത്തനമികവാണ് തെളിയിക്കുന്നത്. വിശ്വാസ്യതയും മനഃശുദ്ധിയും ഉദ്യോഗസ്ഥർ പുലർത്തുമ്പോഴാണ് പരിശോധനകൾ വിജയമാകുന്നത്.

പലവിധ മാർഗങ്ങൾ ഉപയോഗിച്ചാണ് അഴിമതി നടത്തുന്നതും വികസനപ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതും. നൂതന സാങ്കേതികവിദ്യ തട്ടിപ്പിന് ഉപയോഗിക്കുന്നതിനാൽ ഉദ്യോഗസ്ഥരും ഉയർന്ന സാങ്കേതികവിദ്യകൾ സ്വായത്തമാക്കണം. അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് സഹായിക്കും. പ്രത്യക്ഷത്തിൽ ഇടപെടാൻ കഴിയില്ലെന്ന് തോന്നുന്ന വിവിധ മേഖലകളുടെ ശുദ്ധീകരണത്തിനും വിജിലൻസിന് ഒട്ടേറെക്കാര്യങ്ങൾ ചെയ്യാം.  

സ്‌കൂൾ പ്രവേശനം, കലോത്സവം, കാർഷികം, ആദിവാസി–പിന്നാക്കക്ഷേമം തുടങ്ങിയ മേഖലകളിൽ അനഭിലഷണീയ പ്രവണതകളുണ്ട്. ചില രംഗങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയത് ഫലമുണ്ടാക്കി. വിജിലൻസ് പ്രവർത്തനങ്ങളിൽ ജനങ്ങളെ ഒപ്പം നിർത്തണം. കൃത്യമായ വിവരം ലഭിക്കാൻ ഇത് സഹായിക്കും. രണ്ടരവർഷമായി വിജിലൻസിന്റെ മതിപ്പും വിശ്വാസ്യതയും വർധിച്ചു.

അഴിമതി കണ്ടാൽ ധൈര്യപൂർവം ഇടപെടാനും വിജിലൻസിനെ അറിയിക്കാനും ജനങ്ങൾക്കാകണം. ഒരുകോടി രൂപയിലധികമുള്ള അഴിമതി കണ്ടെത്താൻ സഹായിക്കുന്നവർക്ക് സർക്കാർ വിസിൽബ്‌ളോവർ പുരസ്‌കാരം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര വിജിലൻസ് അഡീ. ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ് അധ്യക്ഷനായി. കേരള ഹൈക്കോടതി മുൻ ജഡ്ജ് സി എൻ രാമചന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി.

നിയമ സെക്രട്ടറി ബി ജി  ഹരീന്ദ്രനാഥ്, കെ ഡി ബാബു എന്നിവർ സംസാരിച്ചു. ഡയറക്ടർ ബി എസ് മുഹമ്മദ് യാസിൻ സ്വാഗതവും ഐജി എച്ച് വെങ്കിടേഷ് നന്ദിയും പറഞ്ഞു. 



deshabhimani section

Related News

View More
0 comments
Sort by

Home