നിയമനിർമാണ സഭകളിൽ ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കാനാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം
ജനാഭിലാഷം പ്രതിഫലിക്കുംവിധം നിയമനിർമാണസഭകളിൽ ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കി തെരഞ്ഞെടുപ്പ‌് പരിഷ‌്കരണം ആവശ്യമാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമീപകാല തെരഞ്ഞെടുപ്പുകളിൽ ഉയർന്നുവന്നിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ‌് വോട്ടുവിഹിതവും സീറ്റുവിഹിതവും തമ്മിലുളള അന്തരം. നിലവിലെ സമ്പ്രദായത്തിന്റെ ന്യൂനതയിലേക്കാണ‌് ഇത‌് വിരൽചൂണ്ടുന്നത‌്. ആകെ പോൾചെയ്യുന്ന വോട്ടിന്റെ 20 മുതൽ 30വരെ ശതമാനം നേടുന്നവർ വിജയിക്കുന്ന അവസ്ഥ ഇതുമൂലമുണ്ട‌്. മികച്ച വോട്ട‌് വിഹിതം നേടിയിട്ടും ഒറ്റ സീറ്റ‌് പോലും കിട്ടാത്ത അവസ്ഥയുമുണ്ട‌്. കേവലം 31 ശതമാനം വോട്ടുള്ള ബിജെപിക്ക‌് പാർലമെന്റിലെ പകുതിയിലേറെ സീറ്റുകൾ നേടാനായി എന്നത‌് വിസ‌്മരിച്ചുകൂടാ. തിരുവനന്തപുരത്ത‌് എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച തെരഞ്ഞെടുപ്പ‌് പരിഷ‌്കാരങ്ങൾ സെമിനാർ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആനുപാതിക പ്രാതിനിധ്യത്തിലൂടെ ഈ പ്രശ‌്നം പരിഹരിക്കാം. 2009ൽ ബിജെപിക്ക‌് കിട്ടിയത‌് 18.9 ശതമാനംവോട്ടാണ‌്. എന്നാൽ, 116 സീറ്റ‌് അവർക്ക‌് ലഭിച്ചു. 2014ൽ 19.3 ശതമാനം വോട്ട‌് നേടിയിട്ടും കേവലം 44 സീറ്റുകൾ മാത്രമാണ‌് കോൺഗ്രസിന‌് ലഭിച്ചത‌്. തമിഴ‌്നാട്ടിൽ 27 ശതമാനം വോട്ട‌് ലഭിച്ച ഡിഎംകെയ‌്ക്ക‌് ഒറ്റ സീറ്റിലും വിജയിക്കാനായില്ല. ഒഡിഷയിൽ 26 ശതമാനം വോട്ട‌് നേടിയ കോൺഗ്രസിന‌് ഒറ്റസീറ്റും ജയിക്കാനായില്ല.
22 ശതമാനം വോട്ടുള്ള ബിജെപി അവിടെ ഒരുസീറ്റിൽ വിജയിച്ചു. ബംഗാളിൽ 30 ശതമാനം വോട്ടുള്ള സിപിഐ എമ്മിന‌് വിജയിക്കാനായത‌് രണ്ട‌് സീറ്റിൽ. ഉത്തർപ്രദേശിൽ 20 ശതമാനം വോട്ടുനേടിയ ബിഎസ‌്പിക്ക‌് ഒരുസീറ്റിലും ജയിക്കാനായില്ല.
തെരഞ്ഞെടുപ്പ‌് കമീഷന‌് സ്വയംഭരണാവകാശം നൽകണം. തെരഞ്ഞെടുപ്പ‌് കുറ്റമറ്റതായി നടത്തണമെങ്കിൽ സ്വതന്ത്രമായ ഒരു സംവിധാനം ആവശ്യമാണ‌്. സ്വതന്ത്രവും സ്വയംഭരണാവകാശവുമുള്ള സംവിധാനമായി തെരഞ്ഞെടുപ്പ‌് കമീഷനെ മാറ്റണം.
കമീഷൻ അതിന്റെ കടമകൾ നിറവേറ്റുന്നുണ്ടെന്നും കമീഷന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നവിധം ജനാധിപത്യപരമായ ഓഡിറ്റിങ‌് അത്യന്താപേക്ഷിതമാണ‌്. അതിന‌് തെരഞ്ഞെടുപ്പ‌് കമീഷൻ എന്ന സംവിധാനത്തിൽ സുസ്ഥാപിതമായ മാറ്റങ്ങൾ അനിവാര്യമാണ‌്.
അതിൽ പ്രധാനം കമീഷണർമാരുടെ നിയമനമാണ‌്. ലെജിസ്ലേച്ചറിനും ജുഡീഷ്യറിക്കും കൂടി പങ്കാളിത്തമുള്ള ഒരു സമിതിവേണം തെരഞ്ഞെടുപ്പ‌് കമീഷനെ തെരഞ്ഞെടുക്കാൻ. പാർലമെന്റിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച‌് തെരഞ്ഞെടുപ്പ‌് നടത്തുക എന്നത‌് ഭരണഘടനയുടെ കേന്ദ്രസ്ഥാനത്ത‌് പ്രതിഷ‌്ഠിച്ചിരിക്കുന്ന ജനഹിതത്തോടുള്ള വെല്ലുവിളിയാണ‌്. ഒന്നിച്ച‌് തെരഞ്ഞെടുപ്പ‌് നടത്തണമെങ്കിൽ ഒന്നുകിൽ പാർലമെന്റ‌് നേരത്തെ പിരിച്ചുവിടുകയോ അല്ലെങ്കിൽ നിയമസഭകൾക്ക‌് തെരഞ്ഞെടുക്കപ്പെട്ട കാലാവധിയേക്കാൾ അധികം നൽകുകയോ വേണം. തിരിച്ചുമാകാം. രണ്ടായാലും അത‌് ജനഹിതത്തെ റദ്ദുചെയ്യലാണ‌്. ഭരണഘടനയുടെ അടിസ്ഥാനത്തെത്തന്നെ ചൊദ്യം ചെയ്യുന്ന ഇത്തരം നടപടികൾ അനുവദിച്ചുകൂടാ.
ഇത്തരം നീക്കങ്ങൾ സംസ്ഥാന നിയമസഭകളിന്മേലുള്ള കൈകടത്തൽകൂടിയാണ‌്. ഇത‌് നമ്മുടെ ഫെഡറൽ ഘടനയെത്തന്നെ ചോദ്യം ചെയ്യുന്നതാണ‌്. ഇത്തരത്തിലുള്ള ചില ഭീഷണികൾ അടുത്ത ദിവസങ്ങളിൽ നാം കേട്ടു. സംസ്ഥാനങ്ങളുടെ പരിമിത വിഭവങ്ങൾക്കുമേൽ പോലും കൈവയ‌്ക്കുന്നത‌് വികസനപ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കും– മുഖ്യമന്ത്രി പറഞ്ഞു.









0 comments