ബാലസൗഹൃദ കേരളത്തിനായുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം
ബാലസൗഹൃദ കേരളത്തിനായുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ തദ്ദേശസ്ഥാപനങ്ങൾക്ക‌് വലിയ പങ്ക‌് വഹിക്കാനുണ്ട‌്. ബാലസംരക്ഷണ സമിതികളെ ഊർജിതപ്പെടുത്തണം.
നിലവിലുള്ള കുറവുകൾ പരിഹരിക്കണം. ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിനായി ജില്ലാ, ബ്ലോക്ക‌് പഞ്ചായത്ത‌് തല സമിതികളിലെ അംഗങ്ങൾക്കായി ബാലവകാശ സംരക്ഷണ കമീഷൻ സംഘടിപ്പിക്കുന്ന ശിൽപ്പശാലകളുടെ സംസ്ഥാനതല ഉദ‌്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബാലാവകാശ സംരക്ഷണ അവബോധം സമൂഹമാകെ വളർത്തണം. കുട്ടികൾ വ്യത്യസ‌്തമായ പ്രശ‌്നങ്ങളാണ‌് അഭിമുഖീകരിക്കുന്നത‌്. ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കും ചിലപ്പോഴൊക്കെ ലൈംഗികചൂഷണത്തിനും ഇരയാകുന്നു.
ഇത്തരം പ്രശ‌്നങ്ങളെ ഗൗരവമായി കാണണം. കുട്ടികൾ ഏറ്റവും കൂടുതൽ സുരക്ഷിതരാകേണ്ട വീട്ടിൽപോലും വ്യത്യസ‌്ത അനുഭവമുണ്ടാകുന്നു. ചില കുട്ടികൾക്ക‌് വീട‌് പേടി സ്വപ‌്നമായി മാറുന്ന ദുരവസ്ഥയുമുണ്ട‌്. ഇതെല്ലാം ബാലാവകാശ സംരക്ഷണത്തിന്റെ വലിയ പ്രാധാന്യമാണ‌് വിളിച്ചോതുന്നത‌്.
കുട്ടികളുടെ നിഷ‌്കളങ്കത ദുരുപയോഗംചെയ്യുന്ന ദുഷ്ടമനസ്സുകളും കുറവല്ല. കുട്ടികളെ മയക്കുമരുന്ന‌് കടത്താൻ ഉപയോഗിക്കുന്ന സംഘങ്ങൾവരെ പ്രവർത്തിക്കുന്നത‌് വസ‌്തുതയാണ‌്. ഇത‌് തിരിച്ചറിയാനുള്ള വളർച്ച കുട്ടികൾക്കുണ്ടാകാത്തതിനാലാണ‌് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത‌്.
കുട്ടികളുടെ സുരക്ഷയിൽ മുതിർന്നവർക്കും ജാഗ്രത വേണം. കുഞ്ഞുങ്ങളുടെ മുഖം മ്ലാനമാകുന്നത‌് തിരിച്ചറിയാനും ഗൗരവമായി എടുക്കാനും കഴിയണം. ഏറ്റവും കൂടുതൽ ഉത്തരവാദിത്തമുള്ളത‌് അധ്യാപകർക്കും മാതാപിതാക്കൾക്കുമാണ‌്. കൂടുതൽ സമയം കുട്ടികളുമായി ഇടപെടുന്നവരായതിനാൽ അധ്യാപകർക്ക‌് ഇക്കാര്യത്തിൽ വലിയ കടമ നിർവഹിക്കാനുണ്ട‌്. മാതാപിതാക്കൾ വലിയ തിരക്കിലാണ‌്. ജോലിയിലും വീട്ടിലും തിരക്കൊഴിയുന്നില്ല. മൊബൈൽ ഫോണും ടിവി പരമ്പരകൾക്കുപിന്നാലെയുള്ള പാച്ചിലും കുട്ടികളെ ശ്രദ്ധിക്കുന്നതിന‌് തടസ്സമാകുന്നു. കുട്ടികളുമായി നല്ലനിലയിൽ സമയം ചെലവഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരുപക്ഷേ അവർ വഴിതെറ്റിപ്പോകാം. തെറ്റായ വഴിയിലേക്ക‌് വല്ലാതെ പോയവരെ തിരികെ പിടിക്കുക വലിയ പ്രയാസമാണ‌്. വഴിതെറ്റിപ്പോകാതിരിക്കാനുള്ള ശ്രദ്ധ ഇതിലും അനായാസമാണ‌്. തെറ്റായ വാസനകളെ മുളയിലേ നുള്ളാനുള്ള ജാഗ്രത മാതാപിതാക്കളിലുണ്ടാകണം.
സർക്കാരിന്റെ ബാലാവകാശ പ്രവർത്തനങ്ങളിൽ കുട്ടികൾക്കൊപ്പം നിൽക്കാൻ തദ്ദേശസ്ഥാപന ഭരണ നേതൃത്വം പ്രത്യേക താൽപ്പര്യമൊരുക്കണം.
മറ്റ‌് ഭാരിച്ച ഉത്തരവാദിത്തങ്ങൾ തടസ്സമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments