പിണറായിയുടെ നിലപാട് ആഹ്ലാദകരം: കനിമൊഴി

മനാമ
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി ഡിഎംകെ നേതാവും കവയിത്രിയുമായ കനിമൊഴി പറഞ്ഞു. കേരള മുഖ്യമന്ത്രി ശക്തമായ നിലപാട് എടുത്തത് വളരെ ആഹ്ലാദകരമാണ്. ഒരുവിധ സമ്മർദത്തിനും അദ്ദേഹം വഴങ്ങില്ല. ശബരിമലയിൽ സംഘർഷമുണ്ടാക്കുന്നതിനു പിന്നിൽ പൂർണമായും സംഘപരിവാർ ശക്തികളാണ്. ശബരിമലയെ അവർ രാഷ്ട്രീയവൽക്കരിക്കുകയാണ്. തമിഴ് സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാൻ ബഹ്‌റൈനിൽ എത്തിയ കനിമൊഴി ‘ദേശാഭിമാനി'യോട് പറഞ്ഞു.
സംഘപരിവാർ സാഹചര്യം മുതലെടുത്ത് തീ ആളിക്കത്തിക്കുകയാണ്. കാരണം, കേരളം എല്ലായ‌്പ്പോഴും പുരോഗമനപക്ഷത്തുനിൽക്കുന്നു എന്നതുകൊണ്ടുതന്നെ. ജാതി, വംശം, നിറം, ലിംഗം എന്നിവയുടെ പേരിൽ ജനങ്ങൾക്ക് ഒരിടവും നിഷേധിക്കരുത്. ആരാധനാ സ്ഥലം, പാർലമെന്റ്, വിദ്യാഭ്യാസ എന്നിവയൊന്നും ഇതിൽനിന്ന‌് മാറ്റിനിർത്തരുത്. ഒരിടത്ത് പ്രവേശിക്കാനും അവിടെത്തന്നെ നിൽക്കാനുമുള്ള ഒരാളുടെ അവകാശം തടയാൻ മറ്റാർക്കും അധികാരമില്ല. ഒരാൾക്ക് സത്യസന്ധമായി ഒരു മതത്തിൽ വിശ്വസിച്ച് ആരാധന നടത്താൻ എല്ലാ അവകാശവുമുണ്ടെങ്കിൽ പിന്നെ എന്തിന് സ്ത്രീകൾക്ക് സ്ത്രീകളായതുകൊണ്ടുമാത്രം ആരാധനയ‌്ക്കുള്ള സ്വാതന്ത്ര്യം നിഷേധിക്കണം. സ്ത്രീകളാണെന്നതിനാലും കുട്ടികളെ പ്രസവിക്കുന്നു എന്നതിനാലും ആരും സ്ത്രീകളെ അവജ്ഞയോടെ കാണേണ്ടതില്ല. യാഥാർഥത്തിൽ അവരതിന് ബഹുമാനിക്കപ്പെടുകയും പരിഗണിക്കപ്പെടുകയുമാണ് വേണ്ടത്, കനിമൊഴി പറഞ്ഞു.









0 comments