സാലറിചലഞ്ച‌് : കേരളത്തിന്റെ ഹര്‍ജി 29ന് സുപ്രീംകോടതി പരി​ഗണിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2018, 08:27 PM | 0 min read

ന്യൂഡൽഹി
നവകേരള സൃഷ്ടിക്കായുള്ള സാലറി ചലഞ്ചിൽ ശമ്പളം നൽകാൻ തയ്യാറല്ലാത്തവർ വിസമ്മതപത്രം നൽകേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി തിങ്കളാഴ‌്ച സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി ഉത്തരവ‌് സാലറി ചലഞ്ചിനെ ദോഷകരമായി ബാധിക്കുന്നതിനാൽ, ഹർജി അടിയന്തരമായി പരിഗണിക്കമെന്ന സർക്കാരിന്റെ ആവശ്യം ചീഫ‌് സ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ ബെഞ്ച‌് അംഗീകരിച്ചു.

നിരവധിപേരുടെ ജീവൻ അപഹരിക്കുകയും കോടിക്കണക്കിന‌ു രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ‌്ത പ്രളയത്തിൽനിന്ന‌് കരകയറാനുള്ള സഹായം എന്ന നിലയിലാണ‌് സാലറി ചലഞ്ചിന‌് രൂപംകൊടുത്തത‌്. സുപ്രീംകോടതി, ഹൈക്കോടതി, എയർപോർട്ട‌് അതോറിറ്റി ഓഫ‌് ഇന്ത്യ, റെയിൽവേ ബോർഡ‌് തുടങ്ങി നിരവധി സ്ഥാപനങ്ങൾ കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക‌് സംഭാവനകൾ നൽകി. സഹായം നൽകാൻ അഭ്യർഥിച്ച‌് ഉത്തരവ‌് പുറത്തിറക്കിയപ്പോൾ ഈ സ്ഥാപനങ്ങളും സമാന വ്യവസ്ഥ ഉണ്ടാക്കി. ഈ ഉത്തരവുകളെ മാതൃകയാക്കിയാണ‌് സംസ്ഥാന സർക്കാരും ഉത്തരവിറക്കിയത‌്. എന്നാൽ, സർക്കാർ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി സ‌്റ്റേ ചെയ‌്തതിനെത്തുടർന്ന‌് ദുരിതാശ്വാസനിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സംഭാവന സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. 10 ഗഡുക്കളായി ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകാമെന്നാണ‌് സർക്കാർ ഉത്തരവ്. ആദ്യഗഡു സംഭാവനയിലേക്ക‌് സ്വീകരിച്ചിട്ടുമുണ്ട‌്.

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന‌് വിസമ്മതപത്രം നൽകാത്തവരുടെ സംഭാവനപോലും സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയാണ‌ുള്ളത്. ശമ്പളത്തിൽനിന്ന‌് നിർബന്ധമായി സംഭാവന പിടിക്കാൻ താൽപ്പര്യമില്ല.  സംഭാവന നൽകാൻ താൽപ്പര്യമില്ലാത്ത ഉദ്യോഗസ്ഥരുടെ പട്ടിക നൽകാൻ ബന്ധപ്പെട്ട വകുപ്പ‌ുതലവന്മാരോട‌് നിർദേശിച്ചത‌് അതിനാലാണ‌്. വിസമ്മതപത്രം സമർപ്പിക്കാൻ ആവശ്യപ്പെടുന്നത‌് ഏതെങ്കിലും രീതിയിലുള്ള നിർബന്ധം പിടിക്കലാണോ എന്ന വിഷയം കോടതി പരിശോധിക്കണം. ഈ വിഷയത്തിൽ സംസ്ഥാന അഡ‌്മിനിസ‌്ട്രേറ്റീവ‌് ട്രിബ്യൂണൽ മുമ്പാകെ ഹർജി നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെയാണ‌്, ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത‌്. വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ ട്രിബ്യൂണലിന‌് കഴിയുമായിരുന്ന സാഹചര്യത്തിൽ, ഹൈക്കോടതിമുമ്പാകെ ഹർജി സമർപ്പിക്കേണ്ട ആവശ്യമുണ്ടോ എന്നതും പരിശോധിക്കണം.

ദുരിതാശ്വാസനിധിയിലേക്ക‌് ജീവനക്കാരുടെ സംഭാവന ശേഖരിക്കാൻ സുപ്രീംകോടതിപോലും സ്വീകരിച്ച മാതൃകയാണ‌് സംസ്ഥാനവും പിന്തുടർന്നത‌്. ഇത്‌ മരവിപ്പിച്ച ഹൈക്കോടതി നടപടി ശരിയാണോയെന്ന കാര്യവും പരിശോധിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home