യുഡിഎഫ് സർക്കാർ സത്യവാങ്മൂലം മാറ്റിനൽകിയത് വോട്ട്ബാങ്ക് ലക്ഷ്യമാക്കി: കാനം

കൊല്ലം
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് 2007ൽ എൽഡിഎഫ് സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തെ 2011ൽ അധികാരത്തിൽവന്ന യുഡിഎഫ് സർക്കാർ ഭരണത്തിലിരുന്ന നാലുവർഷവും അനുകൂലിച്ചശേഷം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മാറ്റിനൽകിയത് എന്തുകൊണ്ടാണെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൽഡിഎഫ് നേതൃത്വത്തിൽ കൊല്ലം കന്റോൺമെന്റ് മൈതാനത്ത‌് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കാനം.
ഭരണകാലാവധിയുടെ അവസാനഘട്ടത്തിൽ 2016 ഫെബ്രുവരിയിലാണ് യുഡിഎഫ് സർക്കാർ സത്യവാങ്മൂലം മാറ്റിനൽകിയത്. അഞ്ചാംമന്ത്രി വിവാദത്തിലും സോളാർ ഉൾപ്പെടെ അഴിമതിക്കേസുകളിലും പ്രതിഛായ നഷ്ടമായ യുഡിഎഫ് ഭൂരിപക്ഷ സമുദായ വോട്ടാണ് ലക്ഷ്യമാക്കിയത്. ഈ കള്ളക്കളി മറച്ചുവച്ച് ഞങ്ങൾ നൽകിയ സത്യവാങ്മൂലം എന്തിന് മാറ്റിയെന്നാണ് ഇപ്പോൾ യുഡിഎഫ് ചോദിക്കുന്നത്. പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് വന്നത് 1991ൽ ആണ്. സുപ്രീംകോടതി വിധി വന്നതോടെ അന്നത്തെ ഉത്തരവ് അസ്ഥിരപ്പെട്ടു. ശബരിമല വിഷയത്തെ മുൻനിർത്തി വർഗീയത വളർത്തുന്നതിൽ രമേശ് ചെന്നിത്തല ബിജെപിയുമായി മത്സരത്തിലാണ്.
സുപ്രീംകോടതി വിധിയുടെ പേരിൽ വർഗീയത ഇളക്കിവിട്ട് നാടിനെ ഭിന്നിപ്പിക്കാനുള്ള ബിജെപി, ആർഎസ്എസ് നീക്കം ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. വിശ്വാസികളുടെ താൽപ്പര്യം സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.









0 comments