‘‘രാജാവില്ലാത്തിടത്ത് എന്തിനാണ് മന്ത്രി? ഏതാനും നാൾ വന്ന് ഭരണം നടത്തുന്നവർക്കുള്ള ബന്ധമല്ല കൊട്ടാരത്തിന്റേത്?’’‐ കവനന്റ് പ്രകാരം അവകാശമുണ്ടെന്ന വാദം ആവർത്തിച്ച് ശശികുമാരവർമ

പത്തനംതിട്ട > തിരുവിതാംകൂർ ഇന്ത്യൻ യൂണിയനുമായി ലയിക്കുന്നതിനായി 1949 ഉണ്ടാക്കിയ കവനന്റ്(ഉടമ്പടി) പ്രകാരം ശബരിമല ക്ഷേത്രത്തിൽ പന്തളം കൊട്ടാരത്തിന് അവകാശമുണ്ടെന്ന വാദം ആവർത്തിച്ച് പന്തളം മുൻരാജകുടുംബാംഗം ശശികുമാരവർമ. ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് മാറ്റം വരുത്താൻ മറ്റാർക്കും അധികാരമില്ലെന്നും വാർത്താ സമ്മേളനത്തിൽ ശശികുമാരവർമ പറഞ്ഞു.
ക്ഷേത്രം ഭക്തരുടേതാണ്. മേൽക്കോയ്മാ അധികാരമാണ് ദേവസ്വംബോർഡിനുള്ളത്. ക്ഷേത്രത്തിലെ ആചാരങ്ങൾ അതേപടി നടപ്പാക്കുന്നില്ല. അതുകൊണ്ടാണ് കവനന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ടത്. ദേവസ്വംബോർഡിന് അധികാരം ലഭിച്ചത് കവനന്റിലാണെന്നും ശശികുമാരവർമ പറഞ്ഞു.
തങ്ങൾ മന്ത്രിമാരെ കുറ്റപ്പെടുത്തിയിട്ടില്ല. ഏതാനും മാസത്തേക്കും ഏതാനും വർഷത്തേക്കും വന്ന് ഭരണം നടത്തുന്നവരുടെ ബന്ധമല്ല കൊട്ടാരത്തിന്റേത്. ആചാരങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറല്ല. ശബരിമലയിലെ വരുമാനത്തിൽ കണ്ണുനട്ടിരിക്കുന്നവരല്ല കൊട്ടാരം പ്രതിനിധികൾ. രാജാവില്ലാത്തിടത്ത് എന്തിനാണ് മന്ത്രിയെന്നും അദ്ദേഹം ചോദിച്ചു.









0 comments