‘‘കൊല്ലാതയ്യാ കൊല്ലാതയ്യാ’’ ആർഎസ്‌എസ് ആക്രമണത്തിൽ നിന്നും രക്ഷതേടി അയ്യപ്പനുമുൻപിൽ അപേക്ഷയുമായി ലതാ കുമരൻ

പമ്പ > 53കാരിയായ തിരുച്ചിറപ്പള്ളി സ്വദേശി ലതാ കുമരൻ രണ്ടാം തവണയാണ് മല ചവിട്ടുന്നത്. ഭർത്താവ് കുമരൻ, മകൻ ശിവ ഹരി എന്നിവർക്കൊപ്പമാണ് ലത ശബരിമലയിലെത്തിയത്. രാവിലെ പമ്പയിൽ നിന്നും മലകയറി വരുന്ന വഴി ഒരിടത്തും പ്രതിഷേധം ഉണ്ടായില്ല. എന്നാൽ വലിയ നടപ്പന്തലിന്റെ മുന്നിൽ നിന്നും സംഘപരിപരിവാർ പ്രവർത്തകർ ഇവരെ തടഞ്ഞതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കം. തിരിച്ചറിയൽ കാർഡ് ചോദിച്ച ഇവരോട് പമ്പയിൽ കാണിച്ചതാണെന്ന് പറഞ്ഞെങ്കിലും അക്രമികൾ ശരണം വിളിച്ച് ബാക്കിയുള്ള പ്രവർത്തകരെ കൂട്ടി. സന്നിധാനത്തും പതിനെട്ടാം പടിയുടെ സമീപവും നിലയുറപ്പിച്ചിരുന്ന സംഘപരിവാർ പ്രവർത്തകർ അവരെ തടയാനുള്ള ആഹ്വാനം മനസിലാക്കി വലിയ നടപ്പന്തലിലേക്ക് ഓടി. മാധ്യമ പ്രവർത്തകരും പൊലീസും ഇതേതുടർന്ന് നടപ്പന്തലിലേക്ക് എത്തി.
ആക്രോശവുമായി സംഘപരിവാർ പ്രവർത്തകർ ലതാകുമരനെ വളഞ്ഞു. സന്നിധാനത്ത് കൂക്കിവിളിയും അസഭ്യവർഷവുമായി സംഘപരിവാർ പ്രവർത്തകർ നിലയുറപ്പിച്ചു. ബിജെപി നേതാവായ വി വി രാജേഷ് ലതാകുമരനെ തടയാൻ മെറ്റൽ ഡിക്ടക്റ്ററിന് സമീപം നിലയുറപ്പിച്ചു. 52 വയസുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ലതാകുമരനെ മുന്നോട്ട് വിടാൻ ഇവർ തയ്യാറായത്.
നടപ്പന്തലിൽ നിന്ന് അഴിക്ക് സമീപം വിശുദ്ധമനസും നിറഞ്ഞ കണ്ണുകളുമായി നടന്ന് നീങ്ങുമ്പോഴും സന്നിധാനത്തെ വിവിധ സ്ഥലങ്ങളിൽ തമ്പടിച്ചിരുന്ന സംഘപരിവാർ പ്രവർത്തകർ ബാരിക്കേഡിലേക്ക് ഇരച്ച് കയറി കൂക്കിവിളിച്ചും അസഭ്യം പറഞ്ഞും രോഷം തീർത്തു. പദ്ധതി പൊളിഞ്ഞതോടെ സംഘത്തിലൊരാൾ കാവി നിറത്തിലുള്ള പൊന്നാടയണിയിച്ച് തടിതപ്പാൻ ശ്രമിച്ചെങ്കിലും ലതയും പൊലീസും ഇതിന് സമ്മതിച്ചില്ല.
‘‘കൊല്ലരുതയ്യാ’’ എന്ന അപേക്ഷയോടെ ലതാ കുമരൻ പതിനെട്ടാം പടിയിലേക്ക്. പടി ചവിട്ടി നടയിൽ കുടുംബത്തോടൊപ്പം സോപാനത്തിൽ പൊലീസുകാരുടെ സഹായത്താൽ തൊഴുതു. ജീവൻ തിരിച്ചു കിട്ടിയതിലും അയ്യപ്പനെ തൊഴാൻ സാധിച്ചതിലും പൊലീസുകാരോട് നന്ദി പറഞ്ഞ അവർ കഴിഞ്ഞ വർഷവും അയ്യപ്പനെ കാണാൻ വന്ന തനിക്ക് ഇത്തരം അനുഭവം ആദ്യമായാണെന്നും പറഞ്ഞു.









0 comments