ഗർഭിണിക്കും ഭർത്താവിനും നേരേ ആർഎസ്‌എസ് ആക്രമണം; ഹർത്താലിന്റെ മറവിൽ തിരൂരിൽ പരക്കെ അക്രമം

തിരൂർ > ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഗർഭിണിയേയും ഭർത്താവിനെയും ആർഎസ്എസ് ഹർത്താൽ അനുകൂലികൾ ആക്രമിച്ചു. വെട്ടം ഇല്ലത്ത്പടി തൈവളപ്പിൽ രാജേഷ് (31), ഭാര്യ നിഷ (29) എന്നിവരെയാണ് ആക്രമിച്ചത്.
വ്യാഴാഴ്‌ച പകൽ 12.30നാണ് സംഭവം. ബന്ധുവിന്റെ ഗ്യഹപ്രവേശത്തിനായി ആലത്തിയൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ആർഎസ്എസ് പ്രവർത്തകരായ കിണറ്റേരി പറമ്പിൽ ദിലീപ്, കൊട്ടപറമ്പിൽ നിമൽ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലെത്തിയ അക്രമികൾ ബൈക്ക് തടഞ്ഞു. നിഷയേയും ഭർത്താവിനേയും റോഡിലേക്ക് തള്ളിയിടാൻ ശ്രമിച്ചു. ഗർഭിണിയാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞെങ്കിലും അക്രമികൾ ചെവിക്കൊണ്ടില്ല. അക്രമത്തെ തുടർന്ന് നിഷ തളർന്ന് വീഴുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരെത്തി ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരൂർ നഗരത്തിലും പുറത്തൂരിലും ഹർത്താലിന്റെ മറവിൽ ആർഎസ്എസ്ബിജെപി അക്രമികൾ അഴിഞ്ഞാടി. പുറത്തൂർ ഭയങ്കാവ് ക്ഷേത്രോത്സവത്തിലും ആർഎസ്‌എസ് അക്രമമുണ്ടായി. പകൽ പൂരമായതിനാൽ നിരവധി വിശ്വാസികൾ ക്ഷേത്രത്തിലേക്ക് എത്തിയിരുന്നുവെങ്കിലും ഇവരെ തടയാൻ ആർഎസ്‌എസ് പ്രവർത്തകർ ശ്രമിച്ചു. ഉൽസവത്തിനായി എത്തിയിരുന്ന കച്ചവടക്കാരെ അടിച്ചോടിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ആർഎസ്എസിന്റെ ഈ ശ്രമത്തിനെതിരെ വിശ്വാസികളിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. സംഘർഷ വിവരമറിഞ്ഞ് തിരൂർ പോലീസ് സ്ഥലത്തെത്തി.
തിരൂർ നഗരത്തിൽ ഹർത്താൽ അനുകൂലികൾ ദേശാഭിമാനിയുടെയും ഡിവൈഎഫ്ഐ നവോത്ഥാന സദസ്സിന്റെയും പ്രചരണ ബോർഡുകൾ വ്യാപകമായി തകർത്തു.
ക്ഷേത്ര ഉൽസവങ്ങളെ പോലും തകർക്കുന്ന നിലപാടാണ് ആർഎസ്എസ്ബിജെപി പ്രവർത്തകർ സ്വീകരിക്കുന്നതെന്ന് ക്ഷേത്രം സന്ദർശിച്ച സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ, ഏരിയാ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി എന്നിവർ പറഞ്ഞു.









0 comments