തൊഴിലിടങ്ങളിലെ സ്ത്രീ പീഡനത്തിനെതിരേ കര്‍ശന നടപടി: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം > തൊഴിലിടങ്ങളില്‍ സ്ത്രീപീഡനങ്ങള്‍ തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2013ലെ നിയമ പ്രകാരം ജോലി സ്ഥലത്തെ പീഡനങ്ങള്‍ക്കെതിരെയും ആക്ഷേപങ്ങള്‍ക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഇതനുസരിച്ച് ഇന്റേണല്‍ കമ്മിറ്റികളും ലോക്കല്‍ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലായിരുന്നു ഈ കമ്മിറ്റികള്‍. ഇപ്പോള്‍ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലാണ് ഈ കമ്മിറ്റികള്‍ പ്രവൃത്തിക്കുന്നത്. പുതിയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ കമ്മിറ്റികള്‍ അപാകതകള്‍ പരിഹരിച്ച് ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.
പരാതി പരിഹാരത്തിനുള്ള ലോക്കല്‍ കമ്മിറ്റി ശക്തിപ്പെടുത്താന്‍ ഐസിഡി എസിലെ 258 സിഡിപിമാരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിക്കാന്‍ ഉത്തരവ് നല്‍കി. ഇന്റേണല്‍ കമ്മിറ്റിക്ക് സിവില്‍ കോടതിയുടെ അധികാരമുണ്ട്. പരാതി ലഭിച്ചാല്‍ ചെറിയ കുറ്റമാണെങ്കില്‍ തൊഴിലുടമയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ക്രിമിനല്‍ കുറ്റമാണെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കാനും അധികാരമുണ്ട്.
സിനിമാ മേഖലയിലും ഈ കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള സാധ്യത ആരായുന്നതാണ്. ഇതിന്റെ ഭാഗമായി ഡബ്ല്യുസിസി അംഗങ്ങളുമായും അഭിഭാഷകരുമായും ചര്‍ച്ച നടത്തിയിരുന്നു. ഇത്തരം കമ്മിറ്റികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പരാതി പറയാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുതിയൊരു സെല്‍ രൂപീകരിക്കാന്‍ ആലോചിക്കുന്നുണ്ട്.
ഡബ്ല്യുസിസി അംഗങ്ങള്‍ സിനിമയിലെ പല പ്രശ്‌നങ്ങളും സംസാരിച്ചിരുന്നു. ജോലിസ്ഥലത്തെ സമത്വമില്ലായ്മയും അവഹേളനവും പീഡനങ്ങളും ഏല്‍ക്കേണ്ടിവരുന്നതായി അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സിനിമാ മേഖലയിലെ പരാതികള്‍ പഠിക്കാന്‍ മൂന്ന് പേരടങ്ങിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ്. സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് തുല്യാവകാശം വേണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ദൈവത്തിന് ഭക്തരില്‍ സ്ത്രീ, പുരുഷ വിവേചനം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.









0 comments