പ്രളയത്തില്‍ ആധാരം നഷ്ടപ്പെട്ടവര്‍ക്ക് പകര്‍പ്പ് എടുക്കാന്‍ ഇനി ഫീസ് വേണ്ട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2018, 10:38 AM | 0 min read

തിരുവനന്തപുരം>  പ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും ആധാരം നഷ്ടപ്പെട്ടവര്‍ക്ക് അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കുന്നതിന് മുദ്രവില, രജിസ്ട്രേഷന്‍ ഫീസ് എന്നിവ പുര്‍ണമായും ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയക്കെടുതിയില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാരോ സംഘടനകളോ വ്യക്തികളോ സൗജന്യമായി നല്‍കുന്ന ഭൂമിയുടെ രജിസ്ട്രേഷനാവശ്യമായ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് എന്നിവയും ഒഴിവാക്കാന്‍ തീരുമാനിച്ചു.

സര്‍വ്വെ ചെയ്തിട്ടില്ലാത്ത ഭൂമിക്ക് കരം സ്വീകരിക്കാന്‍ നേരിടുന്ന തടസ്സം ഒഴിവാക്കുന്നതിന് 1961ലെ കേരള ഭൂനികുതി ആക്ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. സര്‍വ്വെ ചെയ്തിട്ടില്ലാത്ത ഭൂമിക്ക് കരം സ്വീകരിക്കാനുളള സമയപരിധി നിലവിലുളള നിയമവ്യവസ്ഥ പ്രകാരം 1975 ഡിസംബര്‍ 31 ആണ്. പല വില്ലേജുകളിലും ഇതുവരെ സര്‍വ്വെ പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ ഭൂനികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിന് സമയപരിധി ഒഴിവാക്കുന്നതിനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.

പുതുതായി പ്രവര്‍ത്തനം തുടങ്ങിയ നാല് പോലീസ് സ്റ്റേഷനുകളിലേക്ക് 49 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. മൊത്തം 174 തസ്തികകളാണ് അനുവദിച്ചത്. ബാക്കി തസ്തികകള്‍ പുനര്‍വിന്യാസം വഴി നികത്തും.

201516 അധ്യയനവര്‍ഷം അനുവദിച്ച ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍റി സ്കൂളുകളിലേക്കും അധിക ബാച്ചുകളിലേക്കും മതിയായ എണ്ണം കുട്ടികള്‍ ഉളള 39 ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍റി സ്കൂളുകളിലേക്കുമായി 259 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

2019ലെ പൊതു അവധി ദിനങ്ങളുടെ പട്ടികയും മന്ത്രിസഭായോഗം അംഗീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home